തൃശൂര്‍ ചാലക്കുടി പോട്ടയിലെ ബാങ്ക് കൊള്ള നടത്തിയ മോഷ്ടാവിനെ പോലീസ് പിടികൂടി. ചാലക്കുടി സ്വദേശി റിജോ ആന്റണിയാണ് പിടിയിലായത്. കൃത്യം നടന്ന് മൂന്നാം ദിവസമാണ് പോലീസ് പ്രതിയെ പിടികൂടിയത്.(chalakkudy bank robber caught by Police)
|
ബാങ്ക് വായ്പ അടക്കമുള്ള കടബാധ്യത തീര്‍ക്കാനാണ് കൊള്ള നടത്തിയതെന്ന് റിജോ ആന്റണി പോലീസിനോടു വെളിപ്പെടുത്തി. ചാലക്കുടിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് പൊക്കിയത്. പ്രതിയുടെ കൈവശമുണ്ടായിരുന്ന പത്തുലക്ഷം രൂപ പോലീസ് കണ്ടെടുത്തു.
ഫെഡറല്‍ ബാങ്കിന്റെ പോട്ട ശാഖ കൊള്ളയടിച്ച് 15 ലക്ഷം രൂപയാണ് റിജോ കവര്‍ന്നത്. ജീവനക്കാര്‍ ഉച്ചഭക്ഷണം കഴിക്കുന്ന സമയം നോക്കിയായിരുന്നു കവര്‍ച്ച. ഇരുചക്രവാഹനത്തില്‍ എത്തിയ മോഷ്ടാവ് ജാക്കറ്റും ഹെല്‍മറ്റും മാസ്‌കും ധരിച്ച് ബാങ്കില്‍ കയറുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തി കൗണ്ടറില്‍ നിന്ന് 15 ലക്ഷം രൂപയുടെ നോട്ടുകെട്ടുകളുമായി രക്ഷപെടുകയുമായിരുന്നു. 47 ലക്ഷം രൂപയായിരുന്നു ഈ സമയം കൗണ്ടറില്‍ ഉണ്ടായിരുന്നത്. 15 ലക്ഷം രൂപ മാത്രമെടുത്ത് മോഷ്ടാവ് കടന്നുകളഞ്ഞ രീതിയും അന്വേഷണത്തിന് സഹായകമായി.
കവര്‍ച്ചയ്ക്ക് ശേഷം മോഷ്ടാവ് അങ്കമാലി ഭാഗത്ത് വരെ എത്തിയതായി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ പോലീസ് രകണ്ടെത്തിയിരുന്നു. അങ്കമാലി, ആലുവ, പെരുമ്പാവൂര്‍ ഉള്‍പ്പെടെയുള്ള മേഖലകളിലാണ് പോലീസ് പരിശോധന നടത്തിയത്.
ബാങ്കിനെ കുറിച്ച് കൃത്യമായി അറിയാവുന്ന ആള്‍ തന്നെയാണ് മോഷണത്തിന് പിന്നിലെന്ന് പോലീസിന് ആദ്യം മുതലേ സംശയമുണ്ടായിരുന്നു. മോഷ്ടാവിന്റെ ചടുലമായ നീക്കങ്ങളാണ് ഇതിനു കാരണമായത്.
ഹിന്ദി സംസാരിച്ച് അന്വേഷണം വഴിതിരിച്ചുവിടാനുള്ള ശ്രമവും റിജോ കവര്‍ച്ചാ സമയം നടത്തിയിരുന്നു. ഉച്ചഭക്ഷണത്തിനുള്ള സമയമായിരുന്നതിനാല്‍ ബാങ്കില്‍ ഇടപാടുകാര്‍ ആരുമുണ്ടായിരുന്നില്ല. ജീവനക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി ശുചിമുറിയിലാക്കി പൂട്ടിയിട്ടാരുന്നു കവര്‍ച്ച നടത്തി ഇയാള്‍ കടന്നുകളഞ്ഞത്. കള്ളനെ പിടികൂടാന്‍ വൈകുന്നതിനാല്‍ പോലീസിനെതിരേ വിമര്‍ശനവും ഉയര്‍ന്നിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





