23
Nov 2024
Sat
23 Nov 2024 Sat
kiifb masala bond pinarayi vijayan

രേഖകൾ ഉള്ള ഒരാളെപ്പോലും മുനമ്പത്ത് നിന്നു കുടിയൊഴിപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയത്തിൽ ശാശ്വതമായി പരിഹാരം കാണുന്നതിനും താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കുവാനുമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുനമ്പം സമരസമിതിയുമായി ഓൺലൈനായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിഷയം പരിശോധിക്കാനായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായരെ ജുഡിഷ്യൽ കമ്മിഷനായി നിയോ​ഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമരസമിതിയെ അറിയിച്ചു. വിഷയത്തിൽ നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചുവെന്നും കൂട്ടിച്ചേർത്തു. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാൻ സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കുന്നതാണെന്നും അറിയിച്ചു.

ജനങ്ങളുടെ ആശങ്കകൾ കോടതിയെ ബോധ്യപ്പെടുത്തുവാൻ പരിശ്രമിക്കുമെന്നും കമ്മിഷന്റെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ താമസക്കാരുടെ പൂര്‍ണസഹകരണം ഉണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഓൺലൈൻ ചർച്ചയിൽ റവന്യു മന്ത്രി കെ. രാജൻ, നിയമമന്ത്രി പി. രാജീവ് , വഖഫ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ, എറണാകുളം ജില്ലാ കളക്ടർ എന്‍.എസ്.കെ‍. ഉമേഷ് എന്നിവരും വൈപ്പിൻ എം.എൽ.എ കെ.എൻ ഉണ്ണികൃഷ്ണൻ, വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപറമ്പിൽ, കോട്ടപുറം ബിഷപ്പ് ആംബ്രോസ് പുത്തൻവീട്ടിൽ, മുനമ്പം സമരസമിതി ചെയർമാൻ ജോസഫ് സെബാസ്റ്റ്യൻ, കൺവീനർ ബെന്നി, മുരുകൻ (എസ്.എൻ.ഡി.പി), പി.ജെ ജോസഫ് (പ്രദേശവാസി ) എന്നിവരും പങ്കെടുത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക