28
Aug 2024
Wed
28 Aug 2024 Wed
Chief Minister's Relief Fund

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (CMDRF) സുതാര്യമെല്ലെന്ന രീതിയില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും CMDRFലേക്ക് സഹായാഭ്യര്‍ഥന തുടങ്ങിയതോടെയാണ് ഇതുസംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് തുടക്കമായത്. അതിലേക്ക് ഇതിനികം 60 കോടിരൂപയോളമാണ് എത്തിയത്. ഈ തുക ചെലവഴിക്കുന്ന നടപടിക്രമങ്ങളാണ് ഇനി പറയുന്നത്.

നിയന്ത്രണം ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്‌ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന എത്തുക. നിലവില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഈ ഫണ്ടിന്റെ ചുമതലക്കാരന്‍. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകള്‍ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂള്‍ അക്കൗണ്ടുകളിലേക്കും ആണ് നിക്ഷേപിക്കപ്പെടുക.

ഗുണഭോക്താക്കളിലെത്തുന്നത് ബാങ്ക് വഴി

ഈ അക്കൗണ്ടുകള്‍ വഴിയുള്ള ബാങ്ക് ട്രാന്‍സ്ഫറിലൂടെയാണ് പണം ഗുണഭോക്താക്കളിലേക്കെത്തുന്നത്. ദുരിതാശ്വാസ നിധിയുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ സുഗമമായ നടത്തിപ്പിനാണ് പൂള്‍ അക്കൗണ്ടുകള്‍ സൃഷ്ടിച്ചത്. ധനകാര്യ സെക്രട്ടറിയുടെ അറിവും സീലുമില്ലാതെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഫണ്ട് ഉപയോഗിക്കാന്‍ സാധിക്കില്ല. റവന്യു വകുപ്പാണ് ദുരിതാശ്വാസ നിധിയുടെ അഡ്മിനിസ്‌ട്രേഷന്‍ നിര്‍വഹിക്കുന്നത്. അതായത് ധനകാര്യ സെക്രട്ടറിക്ക് സ്വന്തം താല്പര്യ പ്രകാരം ദുരിതാശ്വാസ നിധിയില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ സാധിക്കില്ലെന്നര്‍ത്ഥം. ഈ അക്കൗണ്ടുകള്‍ വഴിയുള്ള ധനകാര്യ കൈമാറ്റം റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരമേ സാധിക്കുകയുളളൂ.
കളക്ടര്‍ക്ക് അനുവദിക്കാവുന്ന തുക, റവന്യു സെക്രട്ടറിക്ക് അനുവദിക്കാവുന്ന തുക, റവന്യൂ മന്ത്രിക്ക് അനുവദിക്കാവുന്ന തുക, മുഖ്യമന്ത്രിയ്ക്ക് അനുവദിക്കാവുന്ന തുക ഇതൊക്കെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം നിശ്ചിതമാണ്. അതിനും മുകളിലുള്ളത് മന്ത്രിസഭയ്ക്കാണ് അധികാരം.

ഒഡീഷയില്‍നിന്ന് വയനാട്ടിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാനെത്തി; ശരീരത്തിലും മനസ്സിലുമേറ്റ മുറിവുമായി പ്രിയദര്‍ശിനി പോള്‍ തനിച്ച് മടങ്ങി

എല്ലാം RTI വഴി അറിയാം

ദുരിതാശ്വാസ നിധി വഴി ലഭിക്കുന്ന സഹായം, വിനിയോഗിച്ച തുക, ഗുണഭോക്താക്കളുടെ വിവരങ്ങള്‍ തുടങ്ങിയ എല്ലാ വിവരങ്ങളും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) വര്‍ഷാവര്‍ഷം ഓഡിറ്റ് ചെയ്യുന്ന അക്കൗണ്ട് ആണിത്. അക്കൗണ്ട് ജനറല്‍ ഓഫീസിന്റെ ഓഡിറ്റ് വിഭാഗം ദുരിതാശ്വാസ നിധിയുടെ ഏപ്രില്‍ ഒന്ന് 2016 മുതല്‍ 31 ആഗസ്ത് 2019 വരെയുള്ള ഓഡിറ്റ് പൂര്‍ത്തിയാക്കി. ഇതില്‍ ഒരു ക്രമക്കേടും കണ്ടെത്തിയിരുന്നില്ല. ദുരിതാശ്വാസ നിധിയുടെ വരവ്/ചിലവ് കണക്കുകള്‍ പരിശോധിക്കാന്‍ നിയമസഭക്ക് അധികാരവുമുണ്ട്.

Chief Minister’s Relief Fund: here the procedures for disbursement of funds