28
Aug 2024
Wed
28 Aug 2024 Wed
Priyadarshini Paul

കല്‍പറ്റ: വയനാട്ടിലേക്ക് ഹണിമൂണ്‍ ആഘോഷിക്കാന്‍ എത്തി ദുരന്തത്തില്‍പെട്ട ഒഡീഷ സ്വദേശി പ്രിയദര്‍ശിനി പോള്‍ ഒറ്റക്ക് നാട്ടിലേക്ക് മടങ്ങി. ഭര്‍ത്താവിന്റെ ജീവനെടുത്ത ഉരുള്‍ ബാക്കിവെച്ച ജീവിതവുമായാണ് പ്രിയദര്‍ശിനി മടങ്ങുന്നത്. ഭുവനേശ്വര്‍ ഹൈടെക് ആശുപത്രിയിലെ നഴ്‌സായ പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവും ഭുവനേശ്വര്‍ എയിംസിലെ ഡോക്ടറുമായ ബിഷ്ണു പ്രസാദ് ചിന്നാര, സുഹൃത്തുക്കളായ സ്വധീന്‍ പാണ്ട, ഭാര്യ ശ്രീകൃതി മോഹ പത്ര എന്നിവര്‍ക്കൊപ്പമാണ് മധുവിധു ആഘോഷിക്കാനെത്തി ഉരുള്‍ ദുരന്തത്തില്‍പെട്ടത്. ഇവരില്‍ പ്രിയദര്‍ശിനിയും ശ്രീകൃതിയും മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ശ്രീകൃതി ചികിത്സയില്‍ തുടരുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉരുള്‍പൊട്ടലില്‍ റിസോര്‍ട്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ എല്ലാവരും കുത്തൊഴുക്കില്‍പെട്ടു. രാത്രി വൈകിയാണ് എല്ലാവരും ഉറങ്ങിയത്. ശബ്ദംകേട്ടു കണ്ണുതുറക്കുമ്പോള്‍ റിസോര്‍ട്ട് മണ്ണിനടിയിലായിരുന്നു. കഴുത്തൊപ്പമുയര്‍ന്ന ചെളിയില്‍ 200 മീറ്ററോളം ഒഴുകിപ്പോന്ന പ്രിയദര്‍ശിനിയും സ്വികൃതിയും സ്‌കൂള്‍ പരിസരത്ത് തങ്ങിനിന്നു. അലര്‍ച്ച കേട്ടെത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ രക്ഷിച്ചത്.

നാലുപേരുണ്ടെന്നും ഒഴുകിവന്നിട്ടുണ്ടെന്നും ഇവര്‍ രക്ഷാപ്രവര്‍ത്തകരോടു പറഞ്ഞു. ബാക്കിയുള്ളവരെ തിരഞ്ഞു നടന്നപ്പോഴാണ് രണ്ടാമത്തെ ഉരുള്‍പൊട്ടലുണ്ടായത്. ഉടന്‍ യുവതികളെയുമായി രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രിയദര്‍ശിനിയുടെ ഭര്‍ത്താവ് ഡോ. ബിഷ്ണുപ്രസാദ് ചിന്നാരയുടെ മൃതദേഹം ചൂരല്‍മലയില്‍നിന്നു കഴിഞ്ഞദിവസം ലഭിച്ചിരുന്നു. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഡോ. സ്വാധിന്‍ പാണ്ടയെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭാര്യ സ്വികൃതിയാകട്ടെ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

വയനാട് സ്വദേശി താഹിറാണു പ്രിയദര്‍ശിനിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായവുമായി ഓടിയെത്തിയത്. താഹിറിന്റെ സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം പഠിച്ചവരാണു ഡോ. ബിഷ്ണുപ്രസാദും ഡോ. സ്വാധിനും. ഇവര്‍ അപകടത്തില്‍പെട്ടത് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. പ്രിയദര്‍ശിനിയ്ക്ക് ആശുപത്രിയില്‍ ഉമ്മയുടെ ചികിത്സക്കെത്തിയ സാനിയയായിരുന്നു കൂട്ട്.

came to Wayanad with husband and friends for honeymoon; Priyadarshini Paul returned alone