24
Dec 2025
Mon
24 Dec 2025 Mon
china baby boom

ജനന നിരക്ക് കുത്തനെ കുറഞ്ഞതോടെ കടുത്ത നടപടികളുമായി ചൈന. ഗര്‍ഭനിരോധന ഉറകള്‍ക്കും മരുന്നുകള്‍ക്കും മൂല്യവര്‍ധിത നികുതി(വാറ്റ്) പിരിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ് രാജ്യം. കുട്ടികളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.

whatsapp ജനസംഖ്യ കൂട്ടണം; കോണ്ടത്തിനും ഗര്‍ഭനിരോധന മരുന്നുകള്‍ക്കും വലിയ നികുതി ഏര്‍പ്പെടുത്താനൊരുങ്ങി ചൈന
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജനുവരി ഒന്നിന് നികുതി പ്രാബല്യത്തിലെത്തും. ഇതോടെ കോണ്ടത്തിന് മുമ്പുണ്ടായിരുന്ന 13 ശതമാനം വാറ്റ് നല്‍കേണ്ടിവരും. ചൈനീസ് സാമൂഹ്യമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാണ്.

നികുതി ഏര്‍പ്പെടുത്തിയാലും കോണ്ടം ഉപയോഗിക്കുന്നതിനേക്കാള്‍ ചെലവേറിയതാണ് ഒരു കുട്ടിയെ വളര്‍ത്തുന്നതെന്ന് അറിയാത്തവര്‍ മണ്ടന്മാരാണെന്നാണ് പലരും ഇതിനെ പരിഹസിക്കുന്നത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ഉയര്‍ന്ന വില കാരണം ആസൂത്രണം ചെയ്യാത്ത ഗര്‍ഭധാരണങ്ങളും ലൈംഗിക രോഗങ്ങളും വര്‍ദ്ധിക്കാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.

ജനസംഖ്യ വലിയ തോതില്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് 1980 മുതല്‍ 2015 വരെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റക്കുട്ടി നയം നടപ്പിലാക്കിയിരുന്നു. എന്നാല്‍, ജനസംഖ്യ വലിയ രീതിയില്‍ കുറയാന്‍ തുടങ്ങിയതോടെ 2015-ല്‍ സര്‍ക്കാര്‍ നയം മാറ്റി. പിന്നീട് രണ്ട് കുട്ടികളാക്കാമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, ജനന നിരക്കില്‍ വലിയ വര്‍ധന ഉണ്ടായില്ല. ഇതോടെയാണ് ഗര്‍ഭനിരോധന വസ്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്തുന്നത്.

2024 ല്‍ ചൈനയില്‍ 9.5 ദശലക്ഷം കുഞ്ഞുങ്ങളാണ് ജനിച്ചത്. നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം 2019 ല്‍ ജനിച്ച 14.7 ദശലക്ഷത്തേക്കാള്‍ ഏകദേശം മൂന്നിലൊന്ന് കുറവാണിത്. ചൈനയില്‍ ജനനനിരക്കിനെക്കാള്‍ മരണനിരക്ക് വര്‍ധിച്ചതോടെ, 2023-ല്‍ ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറിയിരുന്നു. 2014-2021 കാലയളവില്‍ പ്രതിവര്‍ഷം 9 ദശലക്ഷം മുതല്‍ 10 ദശലക്ഷം വരെ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈനയെന്ന് ദേശീയ ആരോഗ്യ കമ്മീഷന്‍ പറയുന്നു. യഥാര്‍ത്ഥ എണ്ണം ഇതിലും കൂടുതലാകാമെന്ന് വിദഗ്ധര്‍ പറയുന്നു.