യുഎസിലേക്കുള്ള എച്ച്1ബി, എച്ച്4 വിസാ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ അധികൃതര്‍ അരിച്ചുപെറുക്കും. യൂട്യൂബ് കമന്റും പഴയ ബ്ലോഗും വരെ വിസ നിഷേധിക്കാന്‍ കാരണമായേക്കാം.
|
യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നിര്‍ദേശപ്രകാരം ഡിസംബര്‍ 15 മുതലാണ് വിസാ അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പരിശോധനയ്ക്ക് വിധേയമാക്കി തുടങ്ങിയത്. പരിശോധനയുടെ പശ്ചാത്തലം നെഗറ്റീവെങ്കില്‍ അഭിമുഖവേളയില്‍തന്നെ വിസ അപ്രൂവല്‍ ലഭിച്ചേക്കില്ലെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
നേരത്തെ എഫ്, എം, ജെ വിസാ വിഭാഗങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ സമാന പരിശോധനയാണ് എച്ച്1ബി, എച്ച്4 വിസാ അപേക്ഷകര്‍ക്കും ആരംഭിച്ചിരിക്കുന്നത്. കോണ്‍സുലാര്‍ ഉദ്യോഗസ്ഥന് അപേക്ഷകരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പരിശോധനയ്ക്ക് വിധേയമാക്കി രാജ്യസുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും ഭീഷണിയായവരുടെ പ്രവേശനം നിഷേധിക്കാനാണ് തീരുമാനം.
വിസകള്‍ക്ക് ഇനി തല്‍ക്ഷണ അനുമതി ലഭിക്കാന്‍ സാധ്യതയില്ലെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകനായ ബ്രാഡ് ബേണ്‍സ്റ്റീനെ ഉദ്ധരിച്ച് ബിസിനസ് സ്റ്റാന്‍ഡേഡ് റിപ്പോര്‍ട്ട് ചെയ്തു. കോണ്‍സുലാര്‍ ഓഫീസര്‍മാര്‍ അപേക്ഷകരുടെ ഓണ്‍ലൈന്‍ സാന്നിധ്യം വിശദമായി പരിശോധിക്കും. സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍, വിസ അപേക്ഷ റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ALSO READ: പുതപ്പുകളും മറ്റും തടഞ്ഞ് വച്ച് ഇസ്രായേല്‍; ഗസയില്‍ നവജാത ശിശു തണുത്ത് മരവിച്ച് മരിച്ചു
ഇന്‍സ്റ്റാഗ്രാം, ടിക് ടോക്, ഫേസ്ബുക്ക്, എക്സ്, ലിങ്ക്ഡ്ഇന്‍, സ്നാപ്ചാറ്റ് തുടങ്ങിയ പ്ലാറ്റ്ഫോമുകള് മാത്രമല്ല, ഓണ്‍ലൈനില്‍ പങ്കുവെച്ച കരിക്കുലം വിറ്റെ, പേഴ്സണല്‍ ബ്ലോഗുകള്‍, ഫോറങ്ങളിലെ പ്രവര്‍ത്തനങ്ങള്‍, അല്ലെങ്കില്‍ നിങ്ങളുടെ പേരിലുള്ള യൂട്യൂബ് കമന്റുകള്‍ പോലും പരിശോധനയ്ക്ക് വിധേയമാകും. നിങ്ങളുടെ പേരില്‍ ഇന്റര്‍നെറ്റില്‍ വരുന്ന എന്തും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിസാ അഭിമുഖത്തിന് മുന്‍പുതന്നെ ഓണ്‍ലൈന്‍ പ്രൊഫൈലുകള്‍ ശ്രദ്ധാപൂര്‍വം പരിശോധിക്കാനും അവ ‘പബ്ലിക്’ സ്റ്റാറ്റസിലേക്ക് മാറ്റാനും അഭിഭാഷകന് നിര്‍ദേശിക്കുന്നു. സ്വയം ഗൂഗിള്‍ ചെയ്ത് സ്വന്തം പേരില്‍ എന്തൊക്കെ വിവരങ്ങളാണ് വരുന്നതെന്ന് പരിശോധിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. ചില പൊരുത്തക്കേടുകള്‍, യുഎസില്‍ സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനകള്‍, അമേരിക്കയെക്കുറിച്ച് വിദ്വേഷപരമായ പ്രസ്താവനകള്‍, തീവ്രവാദ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ, സംശയാസ്പദമായ വര്‍ക്ക് ഹിസ്റ്ററി, അല്ലെങ്കില്‍ വിസ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പോസ്റ്റുകള്‍ നീക്കം ചെയ്തതിന്റെ സൂചനകള്‍ എന്നിവയാണ് പരിശോധിക്കുന്നതെന്നും അഭിഭാഷകന് വ്യക്തമാക്കി.
അഭിഭാഷകന് ചില ഉദാഹരണങ്ങളും പങ്കുവെക്കുന്നുണ്ട്; അപേക്ഷകന് വിസാ ഫോമില്‍ താന്‍ ഒരു ഫുള്‍ ടൈം എഞ്ചിനീയറിങ് വിദ്യാര്‍ഥിയാണെന്ന് പറയുകയും ലിങ്ക്ഡ്ഇനില്‍ ഫ്രീലാന്‍സ് ജോലിയോ ഊബര്‍ ഡ്രൈവിങ് ചെയ്യുന്നതായോ രേഖപ്പെടുത്തിയിട്ടുണ്ടെങ്കില്‍, അത് അപേക്ഷകന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യും. ‘യുഎസില്‍ സ്ഥിരതാമസത്തിന് കാത്തിരിക്കുന്നു’ എന്ന കമന്റ് പോലും ഇമിഗ്രന്റ് ഇന്റന്റായി (യുഎസില്‍ സ്ഥിരതാമസത്തിനുള്ള ഉദ്ദേശ്യം) കണക്കാക്കും. വിസ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സാഹചര്യം കൂടുതല്‍ വഷളാക്കുമെന്നും അഭിഭാഷകന് മുന്നറിയിപ്പ് നല്കി.
യുഎസ് വിദേശികളായ സ്കില്‍ഡ് പ്രൊഫഷണലുകള്‍ക്ക് നല്കുന്ന താല്‍ക്കാലിക വര്‍ക്ക് വിസയാണ് എച്ച്1ബി വിസ. എച്ച്1ബി വിസ ഉടമകളുടെ ആശ്രിതര്‍ക്കുള്ള വിസയാണ് എച്ച്4 വിസ.


