22
Dec 2025
Wed
22 Dec 2025 Wed
Government announced 30 lakh rupees for Ram Narayans family

വാളയാറില്‍ ബംഗ്ലാദേശില്‍ നിന്നു കടന്നുകയറിയ മോഷ്ടാവെന്നാരോപിച്ച് തല്ലിക്കൊന്ന ഛത്തീസ്ഗഢ് സ്വദേശി രാംനാരായണിന്റെ കുടുംബത്തിന് 30 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഇന്നത്തെ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കേസില്‍ ഇതുവരെ ഏഴുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.

നാലാം പ്രതിയായ ആനന്ദന്‍ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിന്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പോലീസ് റിമാന്‍ഡ് റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാം നാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഢ് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

രാം നാരായണിന്റെ കുടുംബത്തിന് നഷ്ടപരിഹാരത്തുക പ്രഖ്യാപിക്കണമെന്നും പ്രതികള്‍ക്കെതിരേ എസ് സി, എസ്ടി നിയമപ്രകാരം കേസെടുക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ കുടുംബം പ്രതിഷേധിച്ചിരുന്നു. രാം നാരായണിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയതിന് ബന്ധുക്കളുടെ കൈയില്‍ നിന്ന് പോലീസ് പണം വാങ്ങുകയും മൃതദേഹം നാട്ടിലേക്ക് പാഴ്‌സല്‍ അയയ്ക്കണമെന്ന് പറഞ്ഞ് അവഹേളിച്ചതായും വിഷയത്തില്‍ കുടുംബത്തിനൊപ്പം നിന്ന സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞദിവസം സ്വദേശത്തേക്ക് കൊണ്ടുപോയ രാം നാരായണിന്റെ മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു.

ALSO READ: ശബരിമലയില്‍ കാണിക്ക എണ്ണുന്നതിനിടെ കൈയുറയില്‍ ഒളിപ്പിച്ച് മോഷണം; ജീവനക്കാരന്‍ പിടിയില്‍; ചാക്കുകെട്ടുകള്‍ക്കിടയില്‍ 64,000 രൂപ