ആസ്‌ത്രേലിയയിലെ സിഡ്നിയില്‍ ജൂത ആഘോഷത്തിനിടെയുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഭവത്തിനിടെ അക്രമിയെ കീഴ്‌പ്പെടുത്തി തോക്ക് പിടിച്ചുവാങ്ങിയ നാട്ടുകാരന്‍ പ്രശംസ നേടി.
|
സിഡ്നിയിലെ പ്രശസ്തമായ ബോണ്ടി ബീച്ചിലെ ജൂത ആഘോഷവേദിയില്‍ രണ്ട് തോക്കുധാരികളാണ് ആക്രമണം നടത്തിയത്. ആസ്‌ത്രേലിയന്‍ അധികൃതരുടെ കണക്കനുസരിച്ച് ആക്രമണത്തില്‍ കുറഞ്ഞത് 15 പേര്‍ കൊല്ലപ്പെടുകയും ഡസന്‍ കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
സംഭവത്തെ പോലീസ് ഒരു ‘ഭീകരവാദ’ ആക്രമണമായാണ് വിശേഷിപ്പിക്കുന്നത്. ഞായറാഴ്ച ഹനുക്കയുടെ(ജൂത ആഘോഷം) ആദ്യ ദിവസമുണ്ടായ ഈ വെടിവെപ്പ്, ജൂത ഓസ്ട്രേലിയക്കാരെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.
40 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് സിഡ്നി സ്ഥിതി ചെയ്യുന്ന ന്യൂ സൗത്ത് വെയില്‍സ് (NSW) സംസ്ഥാന പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. സംഭവം ആസ്േ്രതലിയയിലുടനീളം ഞെട്ടലുണ്ടാക്കിയതായി NSW പോലീസ് കമ്മീഷണര്‍ മാല്‍ ലാന്‍യോണ്‍ പറഞ്ഞു.
സംശയിക്കപ്പെടുന്ന അക്രമികളില്‍ ഒരാളായ 50 വയസ്സുകാരന്‍ സംഭവസ്ഥലത്ത് വെച്ച് കൊല്ലപ്പെട്ടു. രണ്ടാമത്തെ തോക്കുധാരിയായ ഇയാളുടെ 24 വയസ്സുള്ള മകനെ കസ്റ്റഡിയിലെടുക്കുകയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
50 വയസ്സുകാരന് ആറ് തോക്ക് ലൈസന്‍സുകള്‍ ഉണ്ടായിരുന്നുവെന്നും, സംഭവസ്ഥലത്ത് നിന്ന് ആറ് തോക്കുകള്‍ കണ്ടെത്തിയെന്നും പോലീസ് കമ്മീഷണര്‍ അറിയിച്ചു.
വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് രണ്ട് സ്‌ഫോടക വസ്തുക്കളും കണ്ടെത്തിയതായി ലാന്‍യോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഹീറോയായി അഹമ്മദ് അല്‍ അഹമ്മദ്
ഞായറാഴ്ച്ച ജൂത ആഘോഷത്തിനിടെ നടന്ന വെടിവയ്പ്പിനിടെ തോക്കുധാരിയായ അക്രമിയെ സാഹസികമായി കീഴപ്പെടുത്തിയ അഹമ്മദ് അല്‍ അഹമ്മദ് നാട്ടുകാരുടെ ഹീറോ ആയി. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളില്‍, കാര്‍ പാര്‍ക്കില്‍ വെച്ച് ഓടിയെത്തിയ ഒരാള്‍ റൈഫിള്‍ കൈവശം വെച്ചിരുന്ന അക്രമിയെ പിന്നില്‍ നിന്ന് പിടിച്ച് കീഴ്‌പ്പെടുത്തുന്നതും, തോക്ക് പിടിച്ചുവാങ്ങി അക്രമിക്കു നേരെ തന്നെ ചൂണ്ടുന്നതും കാണാം.
ഇയാളുടെ ഇടപെടല്‍ നിരവധി ജീവന്‍ രക്ഷിക്കാന്‍ സഹായിച്ചു എന്ന് സോഷ്യല്‍ മീഡിയയില്‍ പലരും പ്രതികരിച്ചു. രക്ഷകനായി എത്തിയ നാട്ടുകാരന്‍ 43 വയസ്സുള്ള സിഡ്നി സ്വദേശിയായ അഹമ്മദ് അല്‍ അഹമ്മദ് ആണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
സംഭവത്തിനിടെ ഇയാള്‍ക്ക് രണ്ടുതവണ വെടിയേറ്റതായി അല്‍ അഹമ്മദിന്റെ ബന്ധു ഓസ്ട്രേലിയന്‍ ടെലിവിഷന്‍ വാര്‍ത്താ ഏജന്‍സിയായ 7ന്യൂസിനോട് പറഞ്ഞു.
”അദ്ദേഹം ആശുപത്രിയിലാണ്, ഉള്ളില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയില്ല,” മുസ്തഫ എന്ന് പേരുള്ള ബന്ധു പറഞ്ഞു. ”അദ്ദേഹം സുഖമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. അദ്ദേഹം നൂറ് ശതമാനം ഒരു ഹീറോ ആണ്.”
അല്‍ അഹമ്മദിനെ ഞായറാഴ്ച രാത്രി ശസ്ത്രക്രിയക്ക് വിധേയനാക്കാന്‍ നിശ്ചയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.


