ഉത്തരാഖണ്ഡിൽ ആറ് പേരുമായി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പോകുന്നതിനിടെ ചമോലി ജില്ലയിലെ ജോഷിമഠിന് സമീപം ചയീൻ ഗ്രാമത്തിലാണ് അപകടമുണ്ടായത്. പൈലറ്റും അഞ്ച് യാത്രക്കാരുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബെംഗളൂരുവിൽ നിന്നുള്ള അഞ്ച് പേരും ഡൽഹി സ്വദേശിയായ പൈലറ്റുമാണ് യാത്രക്കാരെന്ന് അധികൃതർ അറിയിച്ചു.
|
പൈലറ്റായ ഹിമാൻഷു സഭർവാൾ (48) ഡൽഹി സ്വദേശിയാണ്. ബെംഗളൂരു സ്വദേശികളായ പ്രതാപ് ബി. നിംഗരാജു (41), അരുൺ സാൽങ്കെ (44), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51), ശങ്കർഗൗഡ വി.ബി. (39) എന്നിവരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റുള്ളവർ. ഇവരിൽ അരുൺ സാൽങ്കെ പൊലീസുകാരനും ശങ്കർഗൗഡ അഭിഭാഷകനുമാണ്.
ഉച്ചയ്ക്ക് 1.14ഓടെയാണ് ഹെലികോപ്റ്റർ ബദരീനാഥിൽ നിന്ന് പുറപ്പെട്ടത്. മഞ്ഞുവീഴ്ചയ്ക്കിടെ ജോഷിമഠ് താഴ്വരയിലെത്തിയപ്പോൾ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം നഷ്ടപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ ഭരണകൂടം തിരച്ചിൽ ആരംഭിച്ചു. പിന്നീട് ചയീൻ ഗ്രാമത്തിന് സമീപം പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് അപകടസ്ഥലം കണ്ടെത്തിയത്.
ജില്ലാ ഭരണകൂടം, ദുരന്തനിവാരണ വിഭാഗം, സംസ്ഥാന ദുരന്തനിവാരണ സേന (SDRF), സൈന്യം എന്നിവ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. സംഭവത്തിൽ മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി നിരീക്ഷണം തുടരുകയാണ്. ഗുരുതരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി എത്രയും വേഗം മാറ്റാൻ നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





