സിനിമാ ചിത്രീകരണത്തിനിടെ നെഞ്ചില്‍ അണുബാധയേറ്റ യുവ ഛായാഗ്രാഹക കെ ആര്‍ കൃഷ്ണ (30) അന്തരിച്ചു.(Cinematographer KR Krishna passes away after contracting infection during filming) ശ്രീനഗറിലായിരുന്നു മരണം. പെരുമ്പാവൂര്‍ സ്വദേശികളായ മുടക്കുഴ കണ്ണഞ്ചേരിമുകള്‍ കോടമ്പ്രം വീട്ടില്‍ രാജന്റെയും ഗിരിജയുടെയും മകളാണ് കൃഷണ.
|
സംവിധായകന്‍ ശൈലേഷ് കോലാനു സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമായ ‘ഹിറ്റ്’ എന്ന സീരീസിലെ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണത്തിനായാണ് കൃഷ്ണ കശ്മീരിലെത്തിയത്. മലയാളി സംവിധായകനും ഛായാഗ്രാഹകനുമായ സാനു വര്‍ഗീസാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. അദ്ദേഹത്തിന്റെ അസോസിയേറ്റായി പ്രവര്‍ത്തിക്കുകയായിരുന്നു കൃഷ്ണ.
രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ ഷൂട്ടിങ്ങിനു ശേഷം ജമ്മു കശ്മീരില്‍ ചിത്രീകരണം പുരോഗമിക്കവേയാണ് കൃഷ്ണ അസുഖബാധിതയാകുന്നത്.
ALSO READ: എസ്.ഡി.പിഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയില്‍
ഈ മാസം 23 ന് കൃഷ്ണയെ ആദ്യം പ്രാദേശിക ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് ശ്രീനഗര്‍ ഗവ. മെഡിക്കല്‍ കോളജലേക്കു മാറ്റി.
ആരോഗ്യനില മെച്ചപ്പെട്ട കൃഷ്ണ വീട്ടുകാരോട് സംസാരിക്കുകയും ചെയ്തിരുന്നു. അസുഖ വിവരമറിഞ്ഞ് സഹോദരന്‍ ഉണ്ണി ശ്രീനഗറിലെത്തിയിരുന്നു. ഇന്ന് വാര്‍ഡിലേക്ക് മാറ്റാനിരിക്കെ പെട്ടെന്നുണ്ടായ ഹൃദയസ്തംഭനത്തെ തുടര്‍ന്നാണ് മരണമെന്നാണ് വിവരം.
മലയാളത്തില്‍ ഒട്ടേറെ ചിത്രങ്ങളില്‍ ഛായാഗ്രാഹക സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള കൃഷ്ണ ഇടക്കാലത്ത് സ്വതന്ത്ര ഛായാഗ്രാഹകയായും ജോലി ചെയ്തിട്ടുണ്ട്. സാനു വര്‍ഗീസ് ഛായാഗ്രഹണവും ജ്യോതിഷ് ശങ്കര്‍ സംവിധാനവും നിര്‍വഹിച്ച പുറത്തിറങ്ങാനിരിക്കുന്ന ബേസില്‍ ജോസഫ് ചിത്രം ‘പൊന്മാനി’ലാണ് ഒടുവില്‍ മലയാളത്തില്‍ പ്രവര്‍ത്തിച്ചത്.
കോവിഡിനു മുമ്പ് ദുബയിലും സ്വതന്ത്ര ഛായാഗ്രാഹകയായി പ്രവര്‍ത്തിച്ചിരുന്നു. വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. നാളെ വൈകീട്ട് കൊച്ചിയില്‍ എത്തിക്കുന്ന കൃഷ്ണയുടെ മൃതദേഹം ജനുവരി ഒന്നിന് സംസ്‌കാരിക്കും.


