04
Dec 2025
Fri
04 Dec 2025 Fri
Jeffrey Epstein

വാഷിങ്ടണ്‍: അമേരിക്കയിലെ കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീന്റെ സ്വകാര്യദ്വീപിന്റെ ചിത്രങ്ങള്‍ പുറത്ത്. ഡമക്രാറ്റിക് അംഗങ്ങളാണ് ഇവിടെ നിന്നുള്ള ഫോട്ടോകളും വീഡിയോകളും പുറത്തുവിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എപ്സ്റ്റീന്‍ നിരവധി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്. ഒട്ടേറെ പ്രമുഖരും എപ്സ്റ്റീന്റെ കുപ്രസിദ്ധമായ ദ്വീപിലെത്തുകയും രതിവൈകൃതങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തതായും റിപോര്‍ട്ടുണ്ടായിരുന്നു.

ദ്വീപില്‍നിന്നുള്ള, ഇതുവരെ പുറത്തുവരാത്ത 10 ചിത്രങ്ങളും നാല് വീഡിയോകളുമാണ് ഡമോക്രാറ്റിക് അംഗങ്ങള്‍ ഏറ്റവുമൊടുവിലായി പുറത്തുവിട്ടിരിക്കുന്നത്. ‘പീഡോഫൈല്‍ ദ്വീപ്’ എന്നറിയപ്പെടുന്ന ലിറ്റില്‍ സെയിന്റ് ജെയിംസ് ദ്വീപിലെ എപ്സ്റ്റീന്റെ വസതിയുടെ ചിത്രങ്ങളാണ് ഇതിലുള്ളത്.

നിലവില്‍ പുറത്തുവന്ന ചിത്രങ്ങള്‍ 2020-ല്‍ പകര്‍ത്തിയതാണെന്നാണ് യുഎസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. എപ്സ്റ്റീന്റെ വസതിയിലെ കിടപ്പുമുറികള്‍, ടെലിഫോണ്‍ മുറി, വിവിധ മുറികളിലെ ചുമരുകളുടെ ചിത്രങ്ങള്‍ എന്നിവയാണ് ദൃശ്യങ്ങളിലുള്ളത്. ഒരു ഡെന്റല്‍ ചെയര്‍ അടക്കമുള്ള ഫര്‍ണീച്ചറുകളും ചുമരുകളില്‍ തൂക്കിയിട്ട മുഖംമൂടികളും ആഡംബര കിടപ്പുമുറികളും ദൃശ്യങ്ങളിലുണ്ട്.

അതിനിടെ, ജെഫ്രി എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട ‘എപ്സ്റ്റീന്‍ ഫയലുകള്‍’ ഡിസംബര്‍ 19-നകം പുറത്തുവിടുമെന്നാണ് റിപ്പോര്‍ട്ട്. ഫയലുകള്‍ പുറത്തുവിടാനായി യുഎസ് കോണ്‍ഗ്രസ് നിശ്ചയിച്ച സമയപരിധി ഡിസംബര്‍ 19 ആണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുന്ന ബില്ലില്‍ നവംബര്‍ 20-ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെച്ചിരുന്നു. ഇതോടെ 30 ദിവസത്തിനുള്ളില്‍ ഫയലുകള്‍ പുറത്തുവിടുമെന്നായിരുന്നു റിപ്പോര്‍ട്ട്.

ALSO READ: മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

അതേസമയം, നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഫെഡറല്‍ അന്വേഷണങ്ങളെ ബാധിക്കുന്ന വിവരങ്ങള്‍ പുറത്തുവിടാന്‍ സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. എപ്സ്റ്റീന്‍ ഫയലുകള്‍ പുറത്തുവിടാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബില്‍ സെനറ്റ് നേരത്തേ ഏകകണ്ഠമായി അംഗീകരിച്ചിരുന്നു. തുടര്‍ന്ന് ഇത് ഓവല്‍ ഓഫീസിലേക്ക് അയച്ചു. ഇതിനു പിന്നാലെയാണ് ബില്‍ ഒപ്പിട്ടതായി ട്രംപ് അറിയിച്ചത്.

അമേരിക്കയിലെ കോടീശ്വരനും കുപ്രസിദ്ധ ലൈംഗിക കുറ്റവാളിയുമായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. പെണ്‍സുഹൃത്തിനൊപ്പം ചേര്‍ന്ന് നിരവധി പെണ്‍കുട്ടികളെ തന്റെ സ്വകാര്യദ്വീപിലേക്ക് കടത്തിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്‌തെന്നായിരുന്നു എപ്സ്റ്റീനെതിരായ കേസ്.

ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ലിയൊനാര്‍ഡോ ഡി കാപ്രിയോ, ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനായിരുന്ന സ്റ്റീഫന്‍ ഹോക്കിങ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ദീര്‍ഘകാലം അദ്ദേഹത്തിന്റെ സഹായിയായിരുന്ന ഡഗ് ബാന്‍ഡ്, ബ്രിട്ടനിലെ ആന്‍ഡ്രൂ രാജകുമാരന്‍, അറബ് രാജ്യങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട രേഖകളിലുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടായിരുന്ന പല പ്രമുഖരും പെണ്‍കുട്ടികളെ ദുരുപയോഗംചെയ്‌തെന്നാണ് പറയപ്പെടുന്നത്.

2006-ലാണ് എപ്സ്റ്റീന്‍ അറസ്റ്റിലായത്. 2008-ല്‍ ഒരുകേസില്‍ വിചാരണ പൂര്‍ത്തിയാക്കി എപ്സ്റ്റീനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ലൈംഗിക കുറ്റകൃത്യങ്ങളില്‍ വിചാരണ കാത്ത് കഴിയുന്നതിനിടെ 2019 ഓഗസ്റ്റ് പത്തിന് ഇയാളെ ജയിലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.