മലപ്പുറം: മോഷണം നടന്ന വീട്ടിലെത്തിയ പൊലീസ് നായയുടെ തലയില്‍ തേങ്ങ വീണു. റോഡില്‍ വീണ തേങ്ങ തെറിച്ച് നായയുടെ തലയില്‍ വീഴുകയായിരുന്നു. ചാര്‍ലി എന്ന നായയ്ക്കാണ് അപകടം സംഭവിച്ചത്. നിലത്തുവീണതിനു ശേഷമാണ് തലയില്‍ തേങ്ങ കൊണ്ടത് എന്നതിനാല്‍ നായ വലിയ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
|
വ്യാഴാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു അപകടം. എളമ്പുലാശ്ശേരി സ്‌കൂളിന് സമീപത്തുള്ള വി പി മുരളീധരന്‍ എന്നയാളുടെ അടച്ചിട്ട വീട്ടില്‍ നടന്ന മോഷണം അന്വേഷിക്കാനായി മലപ്പുറത്തുനിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും എത്തി തെളിവെടുക്കുന്നതിനിടെയാണ് ചാര്‍ലിയുടെ തലയില്‍ തേങ്ങവീണത്. മോഷ്ടാക്കളുടെ മണംപിടിച്ച് പോകുന്നതിനിടെയാണ് എളമ്പുലാശ്ശേരി കണ്ടാരിപ്പാടം റോഡില്‍വച്ച് നായയുടെ തലയില്‍ തേങ്ങവീണത്.
ബുധനാഴ്ചയാണ് മുരളീധരന്റെ വീട്ടില്‍ നിന്ന് മോഷ്ടാവ് നാലുപവന്‍ സ്വര്‍ണാഭരണം മോഷ്ടിച്ചത്. വീടിന്റെ പിന്‍വാതില്‍ തുറന്ന് അകത്തുകടന്നാണ് കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണമാല മോഷ്ടിച്ചത്.



