തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് വീണ്ടും ശക്തിപ്പെടുന്നു. മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഏകപക്ഷീയമായ പ്രവര്‍ത്തന ശൈലിക്കെതിരെ ‘ശൈലി മാറ്റം’ എന്ന ആവശ്യമുയര്‍ത്തി കെ.സി. വേണുഗോപാല്‍ പക്ഷവും എ ഗ്രൂപ്പും കൈകോര്‍ക്കുകയാണ്. ഇരുവിഭാഗങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികള്‍ ഹൈക്കമാന്‍ഡിന് മുന്നിലേക്കും എത്തിയിട്ടുണ്ട്.
|
കൂട്ടായ ആലോചനകളില്ലാതെ തീരുമാനങ്ങള്‍ വന്നാല്‍ ഇനിയും മന്ത്രിസഭായോഗത്തില്‍ എതിര്‍ക്കാനാണ് കെ.സി. പക്ഷത്തിന്റെ നീക്കം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുകയല്ല, മറിച്ച് പാര്‍ട്ടിയെയും മുന്നണിയെയും വിശ്വാസത്തിലെടുത്തുള്ള കൂട്ടായ തീരുമാനങ്ങളാണ് വേണ്ടതെന്നാണ് കെ.സി. പക്ഷത്തിന്റെ വാദം. എന്നാല്‍, മന്ത്രിസഭായോഗത്തിലെ ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിന് പിന്നില്‍ കൃത്യമായ രാഷ്ട്രീയ ആസൂത്രണമുണ്ടെന്നാണ് വി.ഡി. സതീശന്‍ വിഭാഗത്തിന്റെ വിലയിരുത്തല്‍.
തര്‍ക്കത്തിന് തിരികൊളുത്തിയത് പിഎസ്സി-ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍
നവംബര്‍ 18-ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളുടെയും പിഎസ്സി അംഗങ്ങളുടെയും പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചതോടെയാണ് ഭിന്നത പരസ്യമായത്. മുതിര്‍ന്ന മന്ത്രിമാരുമായോ പാര്‍ട്ടി നേതൃത്വവുമായോ ആലോചിക്കാതെ പട്ടിക തയ്യാറാക്കിയതിനെ മന്ത്രിയും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമായ എ.പി. അനില്‍കുമാറും, കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫും യോഗത്തില്‍ ചോദ്യം ചെയ്തു.
ഇതിന് പിന്നാലെ സണ്ണി ജോസഫിനും അനില്‍കുമാറിനുമെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ സൈബര്‍ ആക്രമണമുണ്ടായത് സതീശന്‍ പക്ഷത്തിന്റെ അറിവോടെയാണെന്ന് കെ.സി. പക്ഷം ആരോപിക്കുന്നു.
സതീശന് കവചമായി കെ. മുരളീധരന്‍
മന്ത്രിസഭയില്‍ ഭൂരിഭാഗം മന്ത്രിമാരും മുഖ്യമന്ത്രിക്കെതിരെ തിരിഞ്ഞപ്പോള്‍, ദേവസ്വം മന്ത്രി കെ. മുരളീധരന്‍ സതീശന് പ്രതിരോധമൊരുക്കി രംഗത്തെത്തി. തന്നോട് ആലോചിച്ചാണ് ഗുരുവായൂര്‍ ദേവസ്വം പട്ടിക തയ്യാറാക്കിയതെന്ന് മുരളീധരന്‍ വ്യക്തമാക്കുകയും, തര്‍ക്കത്തിനിടയാക്കിയ ചില പേരുകള്‍ ഒഴിവാക്കി കെ.സി. പക്ഷം നിര്‍ദ്ദേശിച്ച ആര്‍. സനല്‍കുമാറിനെ പിഎസ്സി പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെയാണ് മന്ത്രിമാര്‍ ഫയലുകളില്‍ ഒപ്പിടാന്‍ തയ്യാറായത്.
‘ചിരിക്കുന്ന പിണറായി’യല്ലെന്ന് സതീശന്‍
അതേസമയം, താന്‍ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. പിണറായി വിജയന്‍ പോക്കറ്റില്‍ നിന്നെടുത്തു നീട്ടുന്ന കടലാസില്‍ ഒപ്പിടുന്ന മന്ത്രിസഭയല്ല ഇതെന്നും, ഏറ്റവും ജൂനിയര്‍ മന്ത്രിക്ക് പോലും തന്റെ മുഖത്തുനോക്കി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്നുമാണ് ഡല്‍ഹിയില്‍ സതീശന്‍ പ്രതികരിച്ചത്.
മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റില്ലാത്തതും പ്രതിസന്ധി; സണ്ണി ജോസഫ് ഡല്‍ഹിയിലേക്ക്
സര്‍ക്കാരും പാര്‍ട്ടിയും തമ്മില്‍ ഏകോപനം നടത്താന്‍ മുഴുവന്‍ സമയ കെപിസിസി പ്രസിഡന്റ് ഇല്ലാത്തതും കോണ്‍ഗ്രസിനുള്ളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. നിലവിലെ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വൈദ്യുതി, പരിസ്ഥിതി, പാര്‍ലമെന്ററികാര്യ വകുപ്പുകളുടെ മന്ത്രികൂടിയായതിനാല്‍ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ലെന്ന വിമര്‍ശനമുണ്ട്.
കൂടാതെ എംഎല്‍എമാര്‍ ഡിസിസി പ്രസിഡന്റുമാരായി തുടരുന്ന ജില്ലകളിലെ സംഘടനാ അഴിച്ചുപണിയും ഹൈക്കമാന്‍ഡിന് മുന്നില്‍ കീറാമുട്ടിയായി നില്‍ക്കുകയാണ്. ഭിന്നതകള്‍ പരിഹരിക്കുന്നതിനും സര്‍ക്കാര്‍ പാര്‍ട്ടി ഏകോപനം ഉറപ്പാക്കുന്നതിനുമായി ഒരു ‘ഒത്തുതീര്‍പ്പ് സമിതി’ രൂപീകരിക്കണമെന്ന നിര്‍ദ്ദേശവുമായി സണ്ണി ജോസഫ് ഉടന്‍ ഹൈക്കമാന്‍ഡിനെ കാണും.
അതേസമയം, പോരിന്റെ ഒരു വശത്ത് തന്റെ പേര് ഉയര്‍ന്നുകേള്‍ക്കുമ്പോഴും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇതുവരെ പരസ്യപ്രതികരണത്തിന് മുതിരാതെ മൗനം പാലിക്കുകയാണ്.
Tags: VD Satheesan KC Venugopal Clash, Kerala Congress Group War 2026, Sunny Joseph KPCC President, AP Anilkumar, K Muraleedharan, UDF Government Kerala, Kerala Politics Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





