തിരുവനന്തപുരം: യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറ് മാസം പിന്നിടുമ്പോള്‍ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശനോട് വിയോജിച്ചെന്ന സൂചന പുറത്തും പരസ്യമാക്കി കെപിസിസി പ്രസിഡന്റും വൈദ്യുതി മന്ത്രിയുമായ സണ്ണി ജോസഫ്. ഏകപക്ഷീയമായ തീരുമാനം കോണ്‍ഗ്രസിന്റെ ശൈലിയല്ലെന്നും അത് ശരിയല്ലെന്നും സണ്ണി ജോസഫ് തുറന്നടിച്ചു.
|
എല്ലാവരുമായും കൂടിയാലോചനകള്‍ നടത്തി മുന്നോട്ടു പോകുന്നതാണ് കോണ്‍ഗ്രസിന്റെ രീതിയെന്നും, ആര്‍ക്കും ആ പരിധി ലംഘിച്ചു പോകാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡ്‌കോര്‍പറേഷന്‍ വിഭജനത്തില്‍ താമസം വന്നിട്ടുണ്ടെന്നും യുഡിഎഫ് യോഗം ചേരാത്തതിനെക്കുറിച്ച് ചെയര്‍മാനോടും കണ്‍വീനറോടും ചോദിക്കണമെന്നും അദ്ദേഹം തുറന്നടിച്ചു.
ബുധനാഴ്ച ചേര്‍ന്ന രണ്ടര മണിക്കൂര്‍ നീണ്ട മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ന്ന വാദപ്രതിവാദങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോഴാണ്, പാര്‍ട്ടിയില്‍ ചര്‍ച്ച പൂര്‍ത്തിയാകുന്നതിന് മുന്‍പ് പിഎസ്സി അംഗങ്ങളുടെ നിയമന നിര്‍ദേശം അവതരിപ്പിച്ചതിലുള്ള വിയോജിപ്പ് സണ്ണി ജോസഫ് ശരിവെച്ചത്. കെപിസിസി പ്രസിഡന്റായ തന്നെപോലും വിശ്വാസത്തിലെടുക്കാതെ പാര്‍ട്ടിയുടെ നോമിനികളെ നിശ്ചയിച്ചതിലുള്ള അതൃപ്തി അദ്ദേഹം യോഗത്തില്‍ നേരത്തെ തന്നെ രേഖപ്പെടുത്തിയിരുന്നു.
പിഎസ്സി നിയമനപ്പട്ടികയും അനില്‍കുമാര്‍-കുഞ്ഞാലിക്കുട്ടി വാക്കുതര്‍ക്കവും
പുതിയ പിഎസ്സി അംഗങ്ങളുടെ പട്ടിക മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോള്‍ ഇതെവിടെയാണ് ചര്‍ച്ച ചെയ്തതെന്ന രൂക്ഷവിമര്‍ശനമാണ് മന്ത്രി എ.പി. അനില്‍കുമാര്‍ ഉന്നയിച്ചത്. ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തിലും ഇതേ രീതിയിലുള്ള കൂടിയാലോചനയുടെ അഭാവം ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലരോട് മാത്രം ചര്‍ച്ച ചെയ്താല്‍ പോരെന്നും എല്ലാവരെയും വിശ്വാസത്തിലെടുക്കണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു.
ആകെ അഞ്ച് പിഎസ്സി ഒഴിവുകളില്‍ ഒന്ന് മുസ്ലിം ലീഗിന് (ഷാഫി ചാലിയം) കൈമാറിയ സാഹചര്യത്തില്‍, ലീഗുമായി നടത്തിയ ചര്‍ച്ചകളെയാണ് അനില്‍കുമാര്‍ ഉദ്ദേശിച്ചതെന്ന് തോന്നിയ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉടന്‍ പ്രതികരിച്ചു. അനില്‍കുമാര്‍ അത്തരം സംസാരങ്ങളിലേക്ക് പോകേണ്ടെന്നും, ലീഗിനോടുള്ള സമീപനങ്ങള്‍ എല്ലാവര്‍ക്കും ബോധ്യമുള്ളതാണെന്നും അദ്ദേഹം തിരിച്ചടിച്ചു. (അഡ്വ. ജി. ഗോപകുമാര്‍, രമേശ് എം. തമ്പി, പ്രൊഫ. റോസമ്മ ഫിലിപ്പ്, ആര്‍. സനല്‍കുമാര്‍ എന്നിവരാണ് കോണ്‍ഗ്രസ് നോമിനികള്‍).
മുഖ്യമന്ത്രിയുടെ വിശദീകരണം
അടിയന്തരമായി നിയമനങ്ങള്‍ പൂര്‍ത്തിയാക്കേണ്ട സാഹചര്യമുള്ളതിനാലാണ് പെട്ടെന്ന് തീരുമാനമെടുത്തതെന്നും ഭാവിയില്‍ ഇത്തരം കാര്യങ്ങള്‍ കൂട്ടായി ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍ യോഗത്തില്‍ വ്യക്തമാക്കി. ഇത് പിണറായി വിജയന്റെ മന്ത്രിസഭയല്ലെന്നും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ള ജനാധിപത്യ രീതിയാണ് യുഡിഎഫിന്റേതെന്നും ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ സതീശന്‍ പ്രതികരിച്ചു.
അടൂര്‍ പ്രകാശിനെതിരെ ഘടകകക്ഷി വിമര്‍ശനം
മന്ത്രിസഭാ യോഗത്തിനിടെ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിന്റെ പരസ്യപ്രസ്താവനകള്‍ക്കെതിരെയും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മുന്നണിയെ ഒന്നിപ്പിക്കേണ്ട കണ്‍വീനര്‍ തന്നെ മുന്നണിയെയും സര്‍ക്കാരിനെയും മോശക്കാരാക്കാന്‍ നിരന്തരം ശ്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ചൂണ്ടിക്കാട്ടി ചര്‍ച്ചയ്ക്ക് തുടക്കമിട്ടത് മന്ത്രി സി.പി. ജോണ്‍ ആണ്.
ജോണിന്റെ വിമര്‍ശനത്തെ ചില കോണ്‍ഗ്രസ് മന്ത്രിമാരും ഘടകകക്ഷി പ്രതിനിധികളും പിന്തുണച്ചു. ബോര്‍ഡ്‌കോര്‍പറേഷന്‍ വിഭജനത്തില്‍ ആര്‍എസ്പിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും പിഎസ്സി അംഗത്വ ആവശ്യത്തില്‍ തരുന്നില്ലെന്ന കാര്യമെങ്കിലും അറിയിക്കാമായിരുന്നുവെന്നും മന്ത്രി ഷിബു ബേബി ജോണ്‍ യോഗത്തില്‍ പരാതി ഉന്നയിച്ചു.
മുഖ്യമന്ത്രിയെ പ്രതിരോധിച്ച് ചെന്നിത്തലയും മുരളീധരനും
അതേസമയം, മന്ത്രിസഭയില്‍ കടുത്ത തര്‍ക്കങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും സര്‍ക്കാരിലും മുന്നണിയിലും പ്രശ്‌നങ്ങളില്ലെന്നുമുള്ള നിലപാടാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും മന്ത്രി കെ. മുരളീധരനും സ്വീകരിച്ചത്. കോണ്‍ഗ്രസ് ജനാധിപത്യ പാര്‍ട്ടിയാണെന്നും എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ അവസരമുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. സിപിഎമ്മിന്റെ ശൈലിയല്ല കോണ്‍ഗ്രസിന്റേതെന്നും കൂട്ടായ ചര്‍ച്ചകളിലൂടെയാണ് തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയില്‍ വാക്കേറ്റങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും, നിര്‍ദ്ദേശങ്ങള്‍ എഴുതി നല്‍കിയാല്‍ മുഖ്യമന്ത്രി സാധാരണയായി അംഗീകരിക്കാറുണ്ടെന്നും മുഖ്യമന്ത്രിയുടേത് അവസാനവാക്കാണെന്നും കെ. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Tags: Sunny Joseph KPCC, VD Satheesan Kerala Cabinet, PSC Appointments Kerala, Ramesh Chennithala, Adoor Prakash UDF Convener, PK Kunhalikutty, AP Anilkumar, Kerala Politics News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




