04
May 2023
Sat
04 May 2023 Sat

കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് നിരോധിത സംഘടനയായ പോപുലര്‍ ഫ്രണ്ടിന്റെ അജണ്ടയിലാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യരുതെന്ന് അമിത് ഷാ ബെലഗാവി ജില്ലയില്‍ ബിജെപി സംഘടിപ്പിച്ച പൊതുയോഗത്തില്‍ പറഞ്ഞു. കോണ്‍ഗ്രസിന്റേത് പ്രീണന രാഷ്ട്രീയമാണ്. അവര്‍ ഹനുമാനെയും സ്വാതന്ത്ര്യ സമരസേനാനി വി ഡി സവര്‍ക്കറെയും അവഹേളിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് ആദ്യം മുസ് ലിംകള്‍ക്ക് നാല് ശതമാനം സംവരണം നടപ്പാക്കി. മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം പാടില്ലെന്ന ഭരണഘടന നിലനില്‍ക്കെയാണ് ഈ നടപടിയുണ്ടായത്. ഭരണഘടനാവിരുദ്ധമായ മുസ് ലിം സംവരണം ബിജെപി എടുത്തുകളഞ്ഞിരിക്കുന്നു. ലിംഗായത്ത്, വോക്കലിംഗ സംവരണം രണ്ടു ശതമാനം വീതം അതിനു പകരം നല്‍കിയതായും അമിത് ഷാ പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കര്‍ണാടകയില്‍ അധികാരത്തിലെത്തിയാല്‍ മുസ് ലിം സംവരണം ആറു ശതമാനമാക്കി വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ വാഗ്ദാനം. ആരുടെ സംവരണമാണ് കോണ്‍ഗ്രസ് കുറയ്ക്കുക. ലിംഗായത്തിന്റെയോ വോക്കലിഗയുടെയും എസ്എസി എസ്ടി സംവരണമാണോ ഇതിനു വേണ്ടി കുറയ്ക്കുക. അത് കോണ്‍ഗ്രസ് വ്യക്തമാക്കണം. കോണ്‍ഗ്രസുകാരെ നിങ്ങള്‍ കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ പോവുന്നില്ല. ലിംഗായത്ത് സംവരണം കുറയ്ക്കാനും പോവുന്നില്ല. ബിജെപിയേ കര്‍ണാടകയില്‍ അധികാരത്തില്‍ വരൂവെന്നും അമിത് ഷാ അവകാശപ്പെട്ടു.

അധികാരത്തിലെത്തിയാല്‍ പോപുലര്‍ഫ്രണ്ട് നിരോധനം പിന്‍വലിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ന്യൂനപക്ഷ ബജറ്റ് 10000 കോടിയാക്കണമെന്നതാണ് പോപുലര്‍ഫ്രണ്ടിന്റെ രണ്ട് ആവശ്യങ്ങളിലൊന്ന്. കോണ്‍ഗ്രസ് അക്കാര്യം വാഗ്ദാനം ചെയ്തിരിക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം വേണമെന്നതാണ് മറ്റൊരാവശ്യം. മുമ്പുണ്ടായിരുന്ന നാല് ശതമാനത്തിനു പകരം ആറു ശതമാനമാക്കാമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ കോണ്‍ഗ്രസ് അനുമതി നല്‍കാതിരുന്നത് 70 വര്‍ഷമാണ്. നരേന്ദ്രമോദി അധികാരത്തില്‍ വന്നതോടെ രാമക്ഷേത്രത്തിന് ശിലയിട്ടുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 13ന് വോട്ടെണ്ണും. അഭിപ്രായ സര്‍വേകളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ കൊണ്ടുപിടിച്ച പ്രചാരണത്തിനാണ് ബിജെപി കര്‍ണാടകയില്‍ തുടക്കമിട്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോ ശനിയാഴ്ച കര്‍ണാടകയില്‍ അരങ്ങേറുകയും ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക