22
Nov 2026
Sun
22 Nov 2026 Sun

സ്ത്രീധനമായി ആവശ്യപ്പെട്ട കാർ കിട്ടാത്തതിനാൽ വിവാഹത്തിൽനിന്ന് പിന്മാറി പൊലീസ് ഉദ്യോഗസ്ഥൻ. വധുവിന്റെ കുടുംബത്തിന് ലക്ഷങ്ങളുടെ നഷ്ടം.
ഹരിയാനയിലെ സോനിപത്തിലാണ് വിവാഹദിവസം വരൻ വിവാഹത്തിൽനിന്ന് പിന്മാറിയത്. ഡൽഹി പൊലീസിൽ ജോലി ചെയ്യുന്ന കുൽദീപ് എന്നയാളാണ് കൂടുതൽ വിലയുള്ള കാർ ആവശ്യപ്പെട്ട് വിവാഹം മുടക്കിയതെന്നാണ് വധുവിന്റെ കുടുംബത്തിന്റെ പരാതി. 9.5 ലക്ഷം രൂപ വിലയുള്ള ഹ്യുണ്ടായ് ഓറയ്ക്ക് പകരം 13 ലക്ഷം രൂപയുടെ മാരുതി ബ്രെസ വേണമെന്നായിരുന്നു വരന്റെ ആവശ്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബർ 20നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഏകദേശം ആറുമാസം മുമ്പാണ് കുൽദീപും ഹീനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹം ഉറപ്പിച്ചതിന് പിന്നാലെ കാറിനും സ്വർണാഭരണങ്ങൾക്കുമായി വരന്റെ വീട്ടുകാർ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നതായി വധുവിന്റെ പിതാവ് സുഭാഷ് കുമാർ ആരോപിച്ചു.

വരന് നൽകാനായി 9.5 ലക്ഷം രൂപയുടെ കാർ കുടുംബം നേരത്തെ ബുക്ക് ചെയ്തിരുന്നു. എന്നാൽ വിവാഹത്തിന് ഒരു ദിവസം മുമ്പ് ബ്രെസ വേണമെന്ന് വരൻ ആവശ്യപ്പെട്ടതായി ഇടനിലക്കാർ വഴി അറിഞ്ഞു. തുടർന്ന് നേരത്തെയുള്ള ബുക്കിങ് റദ്ദാക്കി പുതിയ കാർ സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും വിവാഹത്തിന് മുമ്പ് സാധിച്ചില്ല.

വരനും കുടുംബാംഗങ്ങൾക്കുമായി സ്വർണാഭരണങ്ങളും വെള്ളി പാദസരങ്ങളും ഫർണിച്ചറുകളും ഉൾപ്പെടെ ഒരുക്കിയിരുന്നതായി പിതാവ് പറഞ്ഞു. വിവാഹച്ചടങ്ങുകൾക്കായി 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവായെന്നും അദ്ദേഹം അവകാശപ്പെട്ടു. ഏകദേശം 1,200 അതിഥികൾക്കുള്ള ഭക്ഷണവും ഒരുക്കിയിരുന്നു.

വിവാഹദിവസം വരൻ സാധാരണ വസ്ത്രം ധരിച്ച് അമ്മയോടൊപ്പം വേദിയിലെത്തുകയും ബ്രെസ അന്വേഷിക്കുകയും ചെയ്തെന്നാണ് ആരോപണം. കാർ ലഭിക്കാത്തതിനെത്തുടർന്ന് ഇരുകുടുംബങ്ങളും തമ്മിൽ തർക്കമുണ്ടായി. ബന്ധുക്കൾ പലതവണ അപേക്ഷിച്ചിട്ടും വിവാഹച്ചടങ്ങുകൾ നടത്താൻ വരൻ തയ്യാറായില്ലെന്നും തുടർന്ന് വേദി വിട്ടുപോയെന്നും പിതാവ് പരാതിയിൽ പറയുന്നു.

വധു വിവാഹവേഷത്തിൽ മണ്ഡപത്തിൽ കാത്തിരിക്കുമ്പോഴായിരുന്നു വരൻ മടങ്ങിയത്. സംഭവത്തിൽ വധുവിന്റെ കുടുംബം പൊലീസിൽ പരാതി നൽകി. വരനും കുടുംബത്തിനുമെതിരെ നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

ALSO READ:ദുബായ് റണ്ണിൽ പങ്കെടുത്തത് 3.10 ലക്ഷത്തിലേറെ പേർ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക