12
Feb 2023
Sat
12 Feb 2023 Sat

ലഖ്‌നൗ: രാമക്ഷേത്രവും ഡൽഹി മെട്രോയും തകർക്കുമെന്ന് മുസ്‌ലിം പേരിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ദമ്പതികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ അനിൽ രാംദാസ് ഖോത്രി (32), ഭാര്യ വിദ്യാശങ്കർ ഖോത്രി (28) എന്നിവരാണ് അറസ്റ്റിലായത്. ബിലാൽ എന്നയാളുടെ പേരിലാണ് ഇയാൾ വിളിച്ചത്. പ്രയാഗ്‌രാജ് സ്വദേശിയായ മനോജ് കുമാറിനെ വിളിച്ചാണ് ഇവർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. ഫെബ്രുവരി രണ്ടിനായിരുന്നു ഇന്റർനെറ്റ് കോൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മനോജ് കുമാറിന്റെ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഡൽഹി സ്വദേശിയായ ബിലാൽ എന്ന വ്യക്തിയുടെ നമ്പരിൽ നിന്നാണ് കോൾ വന്നതെന്ന് കണ്ടെത്തി. ഇയാളെ ചോദ്യം ചെയ്തപ്പോൾ അത്തരമൊരു കോൾ താൻ ചെയ്തിട്ടില്ലെന്നും തന്നെ മനഃപൂർവം കുടുക്കാൻ വേണ്ടി ആരോ ചെയ്തതാണെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യഥാർഥ പ്രതിയായ രാംദാസ് പിടിയിലായത്.

മുസ്‌ലിംകളായി വേഷം മാറി ആളുകളെ കബളിപ്പിച്ച് ജീവിക്കുന്നവരാണ് ദമ്പതികളെന്ന് അയോധ്യ സർക്കിൾ ഓഫീസർ ശൈലേന്ദ്ര കുമാർ ഗൗതം പറഞ്ഞു. മഹാരാഷ്ട്ര അഹമ്മദ് നഗർ ജില്ലയിലാണ് ഇവരുടെ സ്വദേശമെങ്കിലും പിടിയിലാകുമ്പോൾ സെൻട്രൽ മുംബൈയിലെ ഫ്ലാറ്റിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഇവരുടെ കൈയിൽ നിന്ന് ഖുർആനും രണ്ട് തലയോട്ടികളും കണ്ടെത്തിയതായി ശൈലേന്ദ്ര കുമാർ പറഞ്ഞു.

ബിലാലിനോടുള്ള വ്യക്തിവിരോധം തീർക്കാനാണ് രാംദാസ് അദ്ദേഹത്തിന്റെ നമ്പർ ഉപയോഗിച്ച് രാമക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയതെന്നാണ് പൊലീസ് പറയുന്നത്. മുസ്‌ലിമാണെന്ന് തോന്നിപ്പിക്കാൻ താടി വളർത്തി മീശ വടിച്ചായിരുന്നു ഇയാൾ ജീവിച്ചിരുന്നത്. ബിലാലിന്റെ സഹോദരിയുമായി രാംദാസ് സൗഹൃദം സ്ഥാപിച്ചിരുന്നു. ഇയാൾ വിവാഹിതനാണെന്ന് മനസിലായതോടെ അവർ ബന്ധത്തിൽ നിന്ന് പിൻമാറി.

ഇതിനിടെ യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ രാംദാസും ഭാര്യയും ശ്രമിച്ചു. സഹോദരിയുമായി രാംദാസിനുള്ള ബന്ധം അറിഞ്ഞ ബിലാൽ ഇയാളെ വിളിച്ച് താക്കീത് നൽകിയിരുന്നു. ഇതിൽ ക്ഷുഭിതനായ രാംദാസും ഭാര്യയും ബിലാലിനെ കുടുക്കാൻ വേണ്ടിയാണ് അദ്ദേഹത്തിന്റെ നമ്പർ ഉപയോഗിച്ച് മനോജ് കുമാറിനെ വിളിച്ച് ഭീഷണി മുഴക്കിയത്. ഇന്റർനെറ്റിൽ നിന്നാണ് മനോജിന്റെ നമ്പർ കിട്ടിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക