ഇടുക്കി കുമളിയില്‍ 11 വര്‍ഷം മുമ്പ് അഞ്ചു വയസ്സുകാരന്‍ ഷെഫീക്കിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അച്ഛനും രണ്ടാനമ്മയ്ക്കും തൊടുപുഴ സെഷന്‍സ് കോടതി തടവ് ശിക്ഷ വിധിച്ചു. രണ്ടാനമ്മ അനീഷയ്ക്ക് 10 വര്‍ഷവും അച്ഛന്‍ ഷെരീഫിന് ഏഴ് വര്‍ഷവുമാണ് തടവ് വിധിച്ചിരിക്കുന്നത്. ഷെരീഫിന് 50,000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
കൊടുംക്രൂരതകള്‍ക്കിരയായ അഞ്ചുവയസ്സുകാരന്‍ ഷെഫീഖിനെ 2013 ജൂലൈ 15ന് പരിക്കുകളോടെ കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
|
പട്ടിണി കിടന്ന് എല്ലും തോലുമായ രീതിയിലായിരുന്നു കുട്ടിയുടെ ശരീരം. ഓടിക്കളിച്ചപ്പോള്‍ വീണ് പരിക്കേറ്റന്നാണ് പിതാവ് ഷെരീഫ് ഡോക്ടറോട് പറഞ്ഞത്. ഷെഫീക്കിന്റെ പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതാണെന്ന് ഒറ്റനോട്ടത്തില്‍ ഡോക്ടര്‍ക്ക് മനസിലായതോടെ പോലീസില്‍ അറിയിക്കുകയായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം 75 ശതമാനം നിലച്ചതും തുടര്‍ച്ചയായി ഉണ്ടായ അപസ്മാരവും മൂലം അതീവ ഗുരുതരാവസ്ഥയിലായിരുന്നു കുട്ടി. വര്‍ഷങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സയ്ക്കുശേഷം ജീവന്‍ രക്ഷപ്പെട്ടെങ്കിലും തലച്ചോറിനേറ്റ പരിക്ക് കുട്ടിയുടെ മാനസിക ശാരീരിക വളര്‍ച്ചയെ ബാധിച്ചു.
കുമളി പൊലീസ് 2013 ല്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ 2022ലാണ് വാദം തുടങ്ങിയത്. ചികിത്സാ പിഴവാണ് കുട്ടിയുടെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രതിഭാഗം വാദിച്ചെങ്കിലും സാഹചര്യ തെളിവുകളും മെഡിക്കല്‍ റിപോര്‍ട്ടും നിര്‍ണായകമായി. ഷെഫീക്കിനെയും കുട്ടിയെ പരിചരിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച ആയ രാഗിണിയെയും 2014 ല്‍ തൊടുപുഴ അല്‍ അഹ്‌സര്‍ മെഡിക്കല്‍ കോളജ് ഏറ്റെടുക്കുകയും ഇരുവര്‍ക്കുമാവശ്യമായ സൗകര്യങ്ങള്‍ ചെയ്തുനല്‍കുകയും ചെയ്തിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





