22
Jan 2023
Mon
22 Jan 2023 Mon

കൊല്ലം പത്തനാപുരത്ത് പൊലീസിനെ ആക്രമിച്ച സിപിഐഎം പ്രാദേശിക നേതാവ് അറസ്റ്റിൽ. സിപിഐഎം പത്തനാപുരം ടൗൺ ലോക്കൽ കമ്മിറ്റി അംഗം ഡെൻസൻ വർഗീസ് ആണ് അറസ്റ്റിലായത്. ലോകകപ്പ് ഫുട്ബോൾ ഫൈനല്‍ ദിവസം പൊലീസിനെ ആക്രമിച്ച കേസിൽ രണ്ടാം പ്രതിയാണ് ഡെൻസൻ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബർ 18ന് രാത്രി 11.15ഓടെയാണ് കേസിനാസ്പദമായ സംഭവം. പത്തനാപുരം ടൗണിൽ ലോകകപ്പ് ഫുട്ബോൾ കാണാനുള്ള സൗകര്യം ക്രമീകരിച്ചിരുന്നു. ഇതിനിടെ ഒരു സംഘം യുവാക്കൾ ബൈക്കുകൾ റോഡിൽവച്ച് മാർഗതടസ്സം ഉണ്ടാക്കുകയും ലൈറ്റുകൾ ഓഫ് ചെയ്യുകയും ചെയ്തു.

സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഓഫിസർ ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമായി മാറി. തടസ്സം പിടിക്കാൻ ചെന്ന പൊലീസുകാരനെ ഇവർ അസഭ്യം പറയുകയും യൂനിഫോമിൽ കയറി പിടിക്കുകയും കീഴ്താടിക്ക് അടിക്കുകയും ചെയ്തതായാണ് കേസ്.

പത്തനാപുരം സ്വദേശി അനിൽകുമാർ ആണ് മറ്റൊരു പ്രതി. പൊലീസുകാരെ ആക്രമിച്ചു, ജോലി തടസ്സപ്പെടുത്തി എന്നിവയാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റം. ഒന്നാം പ്രതിയായ അനിൽകുമാർ ഇപ്പോഴും ഒളിവിലാണെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.