31
Oct 2025
Wed
31 Oct 2025 Wed
PM Shri project

PM Shri project  വിദ്യാഭ്യാസ മേഖലയെ കാവിവല്‍ക്കരിക്കാനുള്ള പിഎം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറണമെന്ന സിപിഐ സമ്മര്‍ദ്ദത്തിന് വഴങ്ങി സിപിഐഎം. പദ്ധതി തല്‍ക്കാലത്തേക്ക് മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്ത് നല്‍കും. തീരുമാനം സിപിഐ ദേശീയ സെക്രട്ടറി ഡി രാജയെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെയും അറിയിച്ചു.

whatsapp പിഎം ശ്രീയില്‍ മുട്ടുമടക്കി സിപിഎം; കരാര്‍ മരവിപ്പിക്കാന്‍ കേന്ദ്രത്തിന് കത്തു നല്‍കും
ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എല്ലാം പോസിറ്റീവാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയെ കുറിച്ച് കെ പ്രകാശ് ബാബു പ്രതികരിച്ചത്. സിപിഐ സെക്രട്ടറിയേറ്റ് യോഗം ഇന്ന് ഒരുമണിക്ക് ചേരും. തലസ്ഥാനത്ത് ഇല്ലാത്ത അംഗങ്ങളോട് ഓണ്‍ലൈനിലൂടെ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിപിഐ അവെയ്ലബിള്‍ സെക്രട്ടറിയേറ്റ് ഇന്ന് രാവിലെ ചേര്‍ന്നിരുന്നു. സര്‍ക്കാര്‍ തീരുമാനത്തില്‍ അനുകൂല നിലപാടാണ് അവെയ്ലബിള്‍ സെക്രട്ടറിയേറ്റിനുള്ളത്. കേന്ദ്രത്തിന് അയക്കുന്ന കത്ത് മാധ്യമങ്ങള്‍ക്ക് നല്‍കണമെന്ന ആവശ്യം സിപിഐഎമ്മിന് മുന്നില്‍ വെച്ചു. അല്ലെങ്കില്‍ മുഖ്യമന്ത്രിയോ വിദ്യാഭ്യാസ മന്ത്രിയോ സര്‍ക്കാര്‍ തീരുമാനം മാധ്യമങ്ങളോട് പറയണമെന്നുള്ള നിലപാടില്‍കൂടിയാണ് സിപിഐ.

അതേസമയം, മന്ത്രിസഭായോഗം വൈകിട്ട് മൂന്നരയ്ക്ക് ചേരും. സാധാരണ രാവിലെ 10-ന് ചേരുന്ന മന്ത്രിസഭാ യോഗമാണ് ബുധനാഴ്ച മൂന്നരയിലേക്ക് മാറ്റിയത്. സമവായ നീക്കങ്ങളുടെ ഭാഗമായിട്ടാണ് ഈ മാറ്റമെന്നാണ് പുറത്തുവന്നിരുന്ന സൂചനകള്‍. സിപിഐ മന്ത്രിമാര്‍ യോഗത്തിന് എത്തുമോ എന്നാണ് ഇനി അറിയേണ്ടത്.

രാഷ്ട്രീയ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ പട്ടിക തയ്യാറാക്കല്‍ അടക്കം പിഎം ശ്രീയുടെ തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. നിശബ്ദത പാലിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനും മന്ത്രിക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ധാരണാപത്രം റദ്ദാക്കാതെ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാവില്ലെന്ന് സിപിഐ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

ഒന്നുമറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
പിഎം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്ത് സംബന്ധിച്ച് ഒന്നുമറിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി പ്രതികരിച്ചു. എല്‍ഡിഎഫ് നേതാക്കള്‍ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ച് തനിക്ക് പ്രതികരിക്കാന്‍ കഴിയില്ല. അത് സംബന്ധിച്ച് നേതാക്കള്‍ തന്നെ പറയുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രതികരിച്ചു.