14
Jan 2026
Wed
14 Jan 2026 Wed
thailand train accident

Crane collapses on moving train in Thailand തായ്ലന്‍ഡില്‍ ഓടിക്കൊണ്ടിരുന്ന തീവണ്ടിക്ക് മുകളിലേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ക്രെയിന്‍ വീണ് വന്‍ അപകടം. ബുധനാഴ്ച നടന്ന അപകടത്തില്‍ കുറഞ്ഞത് 19 പേര്‍ കൊല്ലപ്പെടുകയും 80-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാങ്കോക്കില്‍ നിന്ന് രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയായ ഉബോണ്‍ രച്ചതാനി പ്രവിശ്യയിലേക്ക് പോവുകയായിരുന്ന തീവണ്ടിയാണ് അപകടത്തില്‍പ്പെട്ടത്. ബാങ്കോക്കില്‍ നിന്ന് 230 കിലോമീറ്റര്‍ അകലെയുള്ള നഖോണ്‍ രച്ചസീമ പ്രവിശ്യയിലെ സിഖിയോ ജില്ലയില്‍ വെച്ചായിരുന്നു സംഭവം.

അതിവേഗ റെയില്‍ പദ്ധതിയുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന ക്രെയിന്‍ മറിഞ്ഞ് തീവണ്ടിയുടെ ഒരു ബോഗിക്ക് മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് തീവണ്ടി പാളം തെറ്റുകയും ചെറിയ രീതിയില്‍ തീപിടുത്തം ഉണ്ടാവുകയും ചെയ്തു.

അപകടസ്ഥലത്തെ തീ ഇപ്പോള്‍ അണച്ചിട്ടുണ്ട്. തകര്‍ന്ന ബോഗികള്‍ക്കിടയില്‍ ഇനിയും മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായും അവ പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തായ്ലന്‍ഡ് റെയില്‍വേ മേഖലയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ അപകടങ്ങളില്‍ ഒന്നാണിത്.