|
തിരുവനന്തപുരം : കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷാ ഭീഷണി. പ്രധാനമന്ത്രിക്ക് നേരെ ചാവേറാക്രമണം നടത്തുമെന്ന് ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിലേക്ക് ഭീഷണിക്കത്ത് ലഭിച്ചു. എറണാകുളം കതൃക്കടവ് സ്വദേശി ജോസഫ് ജോണിയുടെ പേരിലാണ് ഈ മാസം പതിനേഴിന് കത്ത് വന്നത്. കത്ത് എഡിജിപി ഇന്റലജന്‍സിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ അതീവ ഗൗരവത്തോടെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുമെന്ന ഭീഷണിക്കത്ത് ഒരാഴ്ച മുമ്പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കിട്ടിയത്. ഫോണ്‍ നമ്പര്‍ സഹിതം ജോസഫ് ജോണിയെന്ന ആളുടെ പേരിലായിരുന്നു കത്ത്. അന്വേഷണത്തില്‍ ജോസഫ് ജോണ്‍ എറണാകുളം കടവന്ത്ര സ്വദേശി സ്വദേശി എന്‍.ജെ ജോണിയാണെന്ന് വ്യക്തമായി. ജോണി ആരോപിക്കുന്ന പ്രദേശവാസിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഭീഷണിക്കത്ത് താനല്ല അയച്ചതെന്ന് ഇദ്ദേഹം വിശദീകരിക്കുന്നത്. അഞ്ച് ദിവസം മുമ്പ് പൊലീസ് ജോണിയുടെ വീട്ടിലെത്തി വിവരങ്ങള്‍ തേടിയിരുന്നു. ജോണിയുടെ കയ്യക്ഷരവും കത്തയച്ചെന്ന് ആരോപിക്കുന്നയാളുടെ കയ്യക്ഷരവും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പെടെയുള്ള തുടര്‍ നടപടികള്‍.
അതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസിന് ഗുരുതര സുരക്ഷാവീഴ്ചയുണ്ടായി. എഡിജിപി ഇന്റലിജന്‍സ് തയ്യാറാക്കിയ സുരക്ഷാ സ്‌കീം ചോര്‍ന്നു. സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ പൂര്‍ണ്ണ വിവരങ്ങള്‍ അടക്കമുള്ളവയാണ് ചോര്‍ന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രധാനമന്ത്രിക്ക് ഭീഷണി സന്ദേശം അയച്ച കത്തിലെ കയ്യക്ഷരം കുടുംബത്തോട് വൈരാഗ്യമുള്ള വ്യക്തിയുടേതെന്ന് കത്തില്‍ പേരുള്ള എന്‍ ജെ ജോണിയുടെ മകള്‍. അത് തന്റെ അച്ഛന്‍ എഴുതിയ കത്തല്ല, അച്ഛനെ കള്ളക്കേസില്‍ കുടുക്കാനാണ് ശ്രമം, പിന്നില്‍ വ്യക്തിവൈരാഗ്യമാണെന്നും പള്ളിവകയിലുള്ള ശത്രുതയാണെന്നും മകള്‍ പ്രതികരിച്ചു. എഴുതിയ ആളുടെ പേര് വെളിപ്പെടുത്തുന്നില്ല, അത് പൊലീസ് തന്നെ പറയട്ടെ. അങ്ങനെ എഴുതേണ്ട കാര്യമില്ല, അങ്ങനെ പ്രധാനമന്ത്രിയെ കൊല്ലുമെന്ന് പറഞ്ഞിട്ട് എന്ത് കിട്ടാനാണ് എന്‍ ജെ ജോണിയുടെ മകള്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
തീര്‍ച്ചയായും ഇത് കണ്ടുപിടിക്കണം. ഒരു നിരപരാധിയെ ഇങ്ങനെ ക്രൂശിക്കുന്നത് ശരിയല്ല. കയ്യക്ഷരം വച്ച് ആരാണ് എഴുതിയതെന്ന് തനിക്കറിയാം. പേര് പറയാന്‍ താല്‍പര്യമല്ല. അത് പൊലീസ് തന്നെ പറയണം. ബന്ധുവല്ല, അടുത്ത പ്രദേശത്തുള്ള ആളാണ്. ഇയാള്‍ക്ക് ശത്രുതയുള്ളയാളുകള്‍ക്ക് കത്തെഴുതുക തുടങ്ങിയവയാണ് ഇവരുടെ രീതി. ഇനി മാനസിക പ്രശ്‌നമാണോ എന്ന് അറിയില്ലെന്നും മകള്‍ വിശദീകരിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





