പാക് രഹസ്യാന്വേഷണ ഏജൻസിക്ക് നാവികസേനയുടെ തന്ത്രപ്രധാന വിവരങ്ങൾ ചോർത്തിനൽകിയ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശി പ്രദീപ് മുഖർജിയെയാണ് ആന്ധ്രപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് വിഭാഗം കോയമ്പത്തൂരിൽനിന്നു പിടികൂടിയത്.
|
കോയമ്പത്തൂർ റെഡ് ഫീൽഡ്സിലെ നാവികസേനാ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് അഗ്രണിയിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിന് എത്തിയപ്പോഴായിരുന്നു അറസ്റ്റ്. ഏതാനും മാസങ്ങൾക്ക് മുൻപ് സമൂഹമാധ്യമത്തിലൂടെയാണ് പ്രദീപ് മുഖർജി വനിതാ ഏജന്റുമായി പരിചയത്തിലായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
സമൂഹമാധ്യമ ബന്ധം പിന്നീട് അടുപ്പത്തിലേക്ക് മാറുകയും ഇതുവഴി വിശാഖപട്ടണം നാവിക താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങൾ ചോർത്തി നൽകുകയുമായിരുന്നു. യുദ്ധക്കപ്പലുകളുടെയും അന്തർവാഹിനികളുടെയും നീക്കങ്ങൾ, പ്രതിരോധ ആസ്തികൾ, സേനയുടെ പ്രവർത്തന സംവിധാനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ പ്രദീപിന്റെ നീക്കങ്ങൾ ആന്ധ്രപ്രദേശ് കൗണ്ടർ ഇന്റലിജൻസ് വിഭാഗം നിരീക്ഷിച്ചുവരികയായിരുന്നു. ചാരവൃത്തി സംബന്ധിച്ച സംശയം ശക്തമായതിനെ തുടർന്ന് നാവികസേനാ അധികൃതരുമായി ഏകോപിപ്പിച്ചാണ് ഐ.എൻ.എസ് അഗ്രണിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.
പ്രദീപിനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി. വിവരങ്ങൾ കൈമാറിയതിന് പ്രതിഫലമായി ഹവാല വഴിയോ ഡിജിറ്റൽ ഇടപാടുകളിലൂടെയോ പണം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.
ALSO READ:ഗൃഹനാഥന്റെ മരണം കൊലപാതകം; ഭാര്യ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





