റിയാദ്: വ്യാജ തൊഴില്‍ വിസയുമായി റിയാദിലെത്തിയ മൂന്ന് തിരുവനന്തപുരം സ്വദേശികളായ പ്രവാസികളെ സൗദി അറേബ്യയില്‍ പ്രവേശിപ്പിക്കാതെ തിരിച്ചയച്ചു. റിയാദ് കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് തങ്ങള്‍ എഡിറ്റ് ചെയ്ത് നിര്‍മ്മിച്ച വ്യാജ വിസയിലാണ് യാത്ര ചെയ്തതെന്ന ഞെട്ടിക്കുന്ന വിവരം ഇവര്‍ അറിയുന്നത്.
|
നാല് ദിവസം മുമ്പ് റിയാദിലെത്തിയ ഇവരെ വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ പരിശോധനയില്‍ സംശയം തോന്നി തടഞ്ഞുവെക്കുകയായിരുന്നു. തുടര്‍ന്ന് ആവശ്യമായ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം തൊട്ടടുത്ത ദിവസം തന്നെ ഇവരെ കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചയച്ചു.
വ്യാജ വിസ നിര്‍മ്മാണം ഇങ്ങനെ
മറ്റൊരു തൊഴില്‍ വിസയുടെ ഔദ്യോഗിക പ്രിന്റില്‍ വിസ നമ്പര്‍, തീയതി, പേര്, പാസ്പോര്‍ട്ട് നമ്പര്‍, റഫറന്‍സ് നമ്പര്‍, തൊഴില്‍ തുടങ്ങിയ പ്രധാന വിവരങ്ങള്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തിരുത്തി എഡിറ്റ് ചെയ്താണ് തട്ടിപ്പുസംഘം ഇവര്‍ക്ക് നല്‍കിയിരുന്നത്. സങ്കീര്‍ണ്ണമായ രീതിയില്‍ കൃത്രിമം കാണിച്ചതിനാല്‍ സാധാരണക്കാര്‍ക്ക് ഇതിന്റെ വ്യാജന്‍ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല.
ഈടാക്കിയത് ഒന്നര ലക്ഷം രൂപ വീതം
ഏജന്റുമാര്‍ ഇത് യഥാര്‍ത്ഥ വിസയാണെന്ന് വിശ്വസിപ്പിച്ചാണ് ഉദ്യോഗാര്‍ത്ഥികളെ റിയാദിലേക്ക് അയച്ചത്. വിസ നല്‍കുന്നതിനായി സൗദിയിലുള്ള ഏജന്റ് ഒരാളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വീതം ഈടാക്കിയതായും തട്ടിപ്പിനിരയായവര്‍ വ്യക്തമാക്കുന്നു.
വിദേശത്തേക്ക് ജോലിക്ക് പോകുന്നവര്‍ ഔദ്യോഗിക ചാനലുകള്‍ വഴിയും എംബസി വഴിയും വിസയുടെ സാധുത ഉറപ്പുവരുത്തണമെന്ന് അധികൃതരും വിദഗ്ധരും വീണ്ടും മുന്നറിയിപ്പ് നല്‍കുന്നു.
Tags: Saudi Arabia News, Riyadh Airport, Fake Visa Scam, Thiruvananthapuram News, NRI News Malayalam, Gulf News Malayalam, Pravasi News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





