21
Nov 2026
Sat
21 Nov 2026 Sat

അമേരിക്കയിലെ ന്യൂയോർക്കിൽ വനത്തിനുള്ളിൽ കാണാതായ 69കാരന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചത് വളർത്തുനായ. ഡിമെൻഷ്യ ബാധിച്ച ഉടമയെ കാണാതായതോടെ ബക്കി എന്ന വളർത്തുനായയാണ് രക്ഷാപ്രവർത്തകർക്ക് നിർണായക സൂചന നൽകിയത്. വനത്തിനുള്ളിൽ വഴിതെറ്റിയ ഉടമയെ കണ്ടെത്താൻ നായയുടെ സാന്നിധ്യം സഹായിച്ചതായി PEOPLE റിപ്പോർട്ട് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നവംബർ 12 വ്യാഴാഴ്ച രാത്രി ഒൻപതോടെ ന്യൂയോർക്കിലെ ലേക്ക് പ്ലാസിഡിലുള്ള വൈറ്റ്ഫേസ് മൗണ്ടൻ ലോഡ്ജിലാണ് ബക്കി എത്തിയത്. നായയെ തിരിച്ചറിഞ്ഞ ലോഡ്ജിലെ ജീവനക്കാർക്ക് ഉടമയെ നേരത്തെയും കാണാതായിരുന്ന കാര്യം ഓർമവന്നു. തുടർന്ന് ഇവർ ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസിനെ വിവരമറിയിച്ചു.

പൊലീസും ഫോറസ്റ്റ് റേഞ്ചർമാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു. 14 ഫോറസ്റ്റ് റേഞ്ചർമാരും നാല് പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഡ്രോണിന്റെയും പരിശീലനം ലഭിച്ച നായയുടെയും സഹായവും തേടി. ഇതിനിടെ വനപാതയ്ക്ക് സമീപം ഉടമയുടെ ട്രക്ക് കണ്ടെത്തി.

തിരച്ചിൽ പുരോഗമിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ സമീപത്തുണ്ടായിരുന്ന ഒരു വേട്ടക്കാരൻ ആരോ വീഴുന്നതിന്റെയും നിലവിളിക്കുന്നതിന്റെയും ശബ്ദം കേട്ടു. സമീപത്തുണ്ടായിരുന്ന റേഞ്ചർ ഉടൻ സ്ഥലത്തെത്തി. വനത്തിനുള്ളിൽ കണ്ടെത്തിയ 69കാരനെ ഹെലികോപ്റ്റർ ഉപയോഗിച്ച് പുറത്തെത്തിക്കേണ്ട സാഹചര്യമാണെന്ന് വ്യക്തമായി.

തുടർന്ന് റേഞ്ചർമാർ ഇയാളെ ഹെലികോപ്റ്ററിൽ വനമേഖലയിൽനിന്ന് പുറത്തെത്തിച്ചു. ന്യൂയോർക്ക് സ്റ്റേറ്റ് പൊലീസ് പൈലറ്റ് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഉടമയുടെ ജീവൻ രക്ഷിക്കാൻ സഹായിച്ച ബക്കിയുടെ പങ്കിനെ റേഞ്ചർമാർ പ്രത്യേകം അഭിനന്ദിച്ചു. നിരവധി പേരുടെ കൂട്ടായ പരിശ്രമമാണ് രക്ഷാദൗത്യം വിജയകരമാക്കിയതെന്നും അവർ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക