16
Nov 2026
Mon
16 Nov 2026 Mon
USS Theodore Roosevelt Arrives Middle East

പശ്ചിമേഷ്യന്‍ മേഖലയെ സമ്പൂര്‍ണ്ണ യുദ്ധമുനമ്പില്‍ നിര്‍ത്തി ഗള്‍ഫ് രാജ്യങ്ങളിലും ചെങ്കടല്‍-ഹോര്‍മുസ് സമുദ്രപാതകളിലും ആക്രമണം രൂക്ഷമാകുന്നു. ബഹ്‌റൈനിലെ യുഎസ് സൈനിക താവളത്തിന് നേരെ വീണ്ടും ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയപ്പോള്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്ത് പാതയായ ഹോര്‍മുസ് കടലിടുക്കില്‍ മൈനില്‍ തട്ടി വന്‍കിട എണ്ണക്കപ്പല്‍ മുങ്ങി. ഇതിന് പുറമെ സൗദി അറേബ്യയിലെ മക്ക ലക്ഷ്യമിട്ടും യെമനിലെ ഏദനിലും ഹൂതി വിമതര്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബഹ്‌റൈനിലെ യുഎസ് റഡാര്‍ സംവിധാനങ്ങള്‍ ലക്ഷ്യമിട്ട് ഇറാന്‍; 6 ഡ്രോണുകള്‍ വെടിവച്ചിട്ടു

മൂന്ന് ദിവസത്തിനിടെ രണ്ടാം തവണയാണ് ബഹ്‌റൈനിലെ അമേരിക്കന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തുന്നത്. ബഹ്‌റൈനിലെ അല്‍ റിഫാ ഹെലികോപ്റ്റര്‍ താവളത്തില്‍ വിന്യസിച്ചിട്ടുള്ള യുഎസ് സേനയുടെ വ്യോമ പ്രതിരോധ റഡാറുകളെ ലക്ഷ്യമിട്ടെത്തിയ ഇറാന്റെ 6 ഡ്രോണുകള്‍ വെടിവച്ചിട്ടതായി ബഹ്‌റൈന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഞായറാഴ്ച ബഹ്‌റൈന് മുകളില്‍ ഉഗ്രസ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് ദിവസം മുന്‍പും ബഹ്‌റൈനിലെ യുഎസ് ഏര്‍ലി വാണിംഗ് റഡാര്‍ സംവിധാനത്തിന് നേരെ ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

ഹോര്‍മുസ് കടലിടുക്കില്‍ സൂപ്പര്‍ടാങ്കര്‍ മുങ്ങി; ഇന്ത്യന്‍ നാവികരുടെ സുരക്ഷയില്‍ ആശങ്ക

ആഗോള എണ്ണ വിതരണത്തിന്റെ 20 ശതമാനത്തോളം കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ സമുദ്രഗതാഗതം കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. 20 ലക്ഷത്തിലധികം ബാരല്‍ അസംസ്‌കൃത എണ്ണയുമായി നീങ്ങിയ സൂപ്പര്‍ടാങ്കര്‍ ഉള്‍പ്പെടെയുള്ള കപ്പലുകള്‍ ഹോര്‍മുസ് കടലിടുക്കില്‍ മൈനില്‍ (Naval Mine) തട്ടി തീപിടിച്ചു മുങ്ങിയതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ അവകാശപ്പെട്ടു.

നിരോധിത മേഖലയിലൂടെ കടന്നുപോകാന്‍ ശ്രമിച്ച ടാങ്കറുകളാണ് അപകടത്തില്‍പ്പെട്ടതെന്നാണ് ഇറാന്‍ വാദം. കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലേക്കുള്ള എണ്ണ ടാങ്കറുകള്‍ക്ക് നേരെയും ഇന്ത്യന്‍ ജീവനക്കാരുള്ള സൗദി, ലൈബീരിയന്‍ കപ്പലുകള്‍ക്ക് നേരെയും ഹോര്‍മുസ് കടലിടുക്കിലും പേര്‍ഷ്യന്‍ ഗള്‍ഫിലും ആക്രമണമുണ്ടായി.

കപ്പലുകളിലുണ്ടായിരുന്ന ഇന്ത്യന്‍ നാവികരെല്ലാം സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാളും അധികൃതരും വ്യക്തമാക്കി. കപ്പലുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങളില്‍ ഇന്ത്യ കടുത്ത ആശങ്ക രേഖപ്പെടുത്തുകയും സമുദ്രപാതയിലെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

മക്കയ്ക്ക് മുകളില്‍ ഹൂതി ഡ്രോണുകള്‍ തകര്‍ത്തു

സൗദി അറേബ്യയ്ക്ക് നേരെയും യെമനിലും ഹൂതി വിമതര്‍ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. പടിഞ്ഞാറന്‍ സൗദിയിലെ പുണ്യനഗരമായ മക്ക മേഖല ലക്ഷ്യമിട്ടെത്തിയ ഹൂതികളുടെ 2 ഡ്രോണുകള്‍ സൗദി സഖ്യസേന ആകാശത്തുവെച്ച് വെടിവച്ചിട്ടു. കൂടാതെ തലസ്ഥാനമായ റിയാദിലേക്കും കിഴക്കന്‍ മേഖലയിലെ സൗദി എണ്ണപ്പാടങ്ങള്‍ ലക്ഷ്യമിട്ടും തൊടുത്ത ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും പ്രതിരോധ സേന തകര്‍ത്തു.

ഏദനില്‍ 5 മരണം; ബാബുല്‍ മന്‍ദിബില്‍ നിന്ന് സൈന്യം പിന്മാറുന്നു

യെമനിലെ സൗദിപക്ഷ സര്‍ക്കാരിന്റെ താല്‍ക്കാലിക ആസ്ഥാനമായ ഏദന് സമീപം ലാഹ്ജ് പ്രവിശ്യയിലെ ഖോര്‍ ഒമൈറ ചെക്ക്പോസ്റ്റിന് നേരെ ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 5 പേര്‍ കൊല്ലപ്പെടുകയും 8 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏദനില്‍ ഹൂതികള്‍ ആക്രമണം ശക്തമാക്കിയതോടെ, നഗരത്തെ പ്രതിരോധിക്കാനായി ബാബുല്‍ മന്‍ദിബ് കടലിടുക്കിലും ചെങ്കടല്‍ തീരമേഖലയിലും വിന്യസിച്ചിരുന്ന സൈന്യത്തെ യെമന്‍ സര്‍ക്കാര്‍ അടിയന്തരമായി തിരികെ വിളിച്ചു.

ചെങ്കടലിലെ തന്ത്രപ്രധാനമായ വ്യാപാരപാത ഹൂതികളില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ഇറങ്ങിയ സര്‍ക്കാര്‍ സേന ഏദനിലേക്ക് മടങ്ങുന്നത് സൗദി സഖ്യസേനയുടെ നീക്കങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.

യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് വരുന്നു; ‘ആക്രമണത്തിന് കാത്തുനില്‍ക്കില്ലെന്ന് ഇറാന്‍

മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കുന്നതിന്റെ ഭാഗമായി അമേരിക്കയുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് (USS Theodore Roosevelt) പശ്ചിമേഷ്യയില്‍ എത്തിയതായി യുഎസ് ഉദ്യോഗസ്ഥര്‍ അല്‍ ജസീറയോട് സ്ഥിരീകരിച്ചു. ഇതിന് പിന്നാലെ, അമേരിക്ക ആദ്യം ആക്രമിക്കാന്‍ തങ്ങള്‍ കാത്തുനില്‍ക്കില്ലെന്ന കടുത്ത മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തി.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ പ്രവര്‍ത്തന മേഖലയിലാണ് പുതിയ വിമാനവാഹിനിക്കപ്പല്‍ പ്രവേശിച്ചിരിക്കുന്നത്. അറബിക്കടലില്‍ നേരത്തെ തന്നെ വിന്യസിച്ചിട്ടുള്ള യുഎസ്എസ് ജോര്‍ജ് എച്ച്.ഡബ്ല്യു. ബുഷ് (USS George H.W. Bush), യുഎസ്എസ് ജോര്‍ജ് വാഷിംഗ്ടണ്‍ (USS George Washington) എന്നീ രണ്ട് വിമാനവാഹിനിക്കപ്പലുകള്‍ക്കൊപ്പമാണ് യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റും ചേരുന്നത്. സാന്‍ ഡീഗോയില്‍ നിന്നാണ് കപ്പല്‍ മേഖലയിലേക്ക് എത്തിയത്.

‘ഇറാന്‍ ക്യൂബയോ വെനസ്വേലയോ അല്ല’

യുഎസ് സൈനിക നീക്കങ്ങള്‍ക്കും ഉപരോധങ്ങള്‍ക്കുമെതിരെ ഇറാന്റെ നിയമ-അന്താരാഷ്ട്ര കാര്യ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി കാസെം ഗരീബാബാദി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്:

‘അമേരിക്ക ആദ്യം ആക്രമിക്കുന്നത് വരെ ടെഹ്റാന്‍ കാത്തുനില്‍ക്കില്ല. മറ്റൊരു സൈനിക ആക്രമണത്തിന് തയ്യാറെടുക്കാന്‍ സമയം നേടിയെടുക്കുന്നതിനായി വാഷിംഗ്ടണ്‍ നയതന്ത്ര ചര്‍ച്ചകളെ ഉപയോഗിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉപരോധം ഏര്‍പ്പെടുത്തി തകര്‍ക്കാന്‍ ഇറാന്‍ ക്യൂബയല്ല, കീഴടങ്ങാന്‍ വെനസ്വേലയുമല്ല. ഇറാന്‍ ഇപ്പോഴും ഒരു യുദ്ധസാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്; അതിനാല്‍ സ്വയം പ്രതിരോധത്തിന്റെ ഭാഗമായി ഏത് നിമിഷവും തിരിച്ചടിക്കാന്‍ ഞങ്ങള്‍ സജ്ജമാണ്,’ കാസെം ഗരീബാബാദി.

നയതന്ത്രം, സാമ്പത്തിക ഉപരോധം, സൈനിക ആക്രമണം എന്നീ മൂന്ന് സാഹചര്യങ്ങളെയും നേരിടാന്‍ ഇറാന്‍ പൂര്‍ണ്ണ സജ്ജമാണെന്നും, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍ ൂടുതല്‍ ദൂരപരിധിയുള്ള പുതിയ മിസൈലുകള്‍ നിര്‍മ്മിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

Tags: USS Theodore Roosevelt, US Iran Conflict, Kazem Gharibabadi, Middle East News, US Central Command, Bahrain US Embassy Alert, Gulf News Malayalam, Malayalam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക