ലണ്ടന്‍: ഹലാല്‍ മാംസം വിളമ്പാന്‍ വിസമ്മതിക്കുകയും ഭക്ഷണശാലയ്ക്ക് പുറത്ത് ‘അഭിമാനത്തോടെ നോണ്‍-ഹലാല്‍’ (Proudly non-halal) എന്ന് പ്രദര്‍ശിപ്പിക്കുകയും ചെയ്ത ലണ്ടനിലെ ഇന്ത്യന്‍ റെസ്റ്റോറന്റിന് പുറത്ത് വന്‍പ്രതിഷേധം. പടിഞ്ഞാറന്‍ ലണ്ടനിലെ പ്രശസ്തമായ ഹാമര്‍സ്മിത്ത് ഗ്രോവിന് സമീപമുള്ള ‘സിങ്‌സ് ഡൈനിംഗ്’ ( മുന്‍പ് ‘രാംഗ്രേസ്’) എന്നറിയപ്പെട്ടിരുന്ന സ്ഥാപനത്തിന് നേരെയാണ് പ്രതിഷേധം അലയടിച്ചത്.
|
റെസ്റ്റോറന്റ് ഉടമയുടെ വിവാദ സാമൂഹിക മാധ്യമ പോസ്റ്റുകളും നിലപാടുകളുമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.
വെള്ളിയാഴ്ച രാത്രി നൂറുകണക്കിന് പ്രതിഷേധക്കാര്‍ റെസ്റ്റോറന്റിന് മുന്നില്‍ തടിച്ചുകൂടുകയും സ്ഥാപനം ഉടന്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഫലസ്തീന്‍ പതാകകള്‍ വീശിക്കൊണ്ട് ‘അല്ലാഹു അക്ബര്‍’, ‘ഷെയിം ഓണ്‍ യു’, ‘ഫ്രീ ഫലസ്തീന്‍’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധക്കാര്‍ മുഴക്കിയത്.
എന്നാല്‍, ഈ പ്രതിഷേധത്തിന് തൊട്ടുമുമ്പ് പടിഞ്ഞാറന്‍ ലണ്ടനിലെ വസതിയില്‍ വെച്ച് റെസ്റ്റോറന്റ് ഉടമ ഹര്‍മാന്‍ സിങ് കപൂറിനെ മെട്രോപൊളിറ്റന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിദ്വേഷം പ്രചരിപ്പിക്കുന്ന രീതിയില്‍ ഹര്‍മാന്‍ സിങ് കപൂര്‍ ഇസ്ലാമിനെക്കുറിച്ചും ഗാസയിലെ സംഘര്‍ഷങ്ങളെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതാണ് അറസ്റ്റിന് പിന്നിലെന്നാണ് സൂചന.
അതിനിടെ, ‘അതീവ വിദ്വേഷജനകമായ ചിത്രം കൈവശം വെക്കുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്ന സംശയത്തെ തുടര്‍ന്നാണ് 54 കാരനായ ഒരാളെ അറസ്റ്റ് ചെയ്തത്’ എന്ന് പൊലീസ് പ്രതികരിച്ചു.
വിവാദമായ സോഷ്യല്‍ മീഡിയ പോസ്റ്റുകളും ബഹിഷ്‌കരണ ആഹ്വാനവും
മുസ്ലീങ്ങള്‍ക്ക് കഴിക്കാന്‍ അനുവാദമില്ലാത്ത പന്നിയിറച്ചി വിഭവങ്ങള്‍ (ബേക്കണ്‍) കയ്യില്‍ പിടിച്ച് ‘പാശ്ചാത്യ രാജ്യങ്ങളെ സംരക്ഷിക്കാന്‍ ബേക്കണ് കഴിയും’ എന്ന തരത്തിലുള്ള ആക്ഷേപകരമായ പോസ്റ്റുകള്‍ ഹര്‍മാന്‍ സിങ് കപൂര്‍ പങ്കുവെച്ചിരുന്നു. ഇത് വലിയ തോതില്‍ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇസ്ലാമിസ്റ്റുകളില്‍ നിന്ന് തനിക്ക് നിരന്തരം വധഭീഷണി ലഭിക്കുന്നുണ്ടെന്നും, തന്റെ ബിസിനസിനെ ഇത് സാമ്പത്തികമായി തകര്‍ത്തുവെന്നും കപൂര്‍ ആരോപിച്ചിരുന്നു.
മെട്രോപൊളിറ്റന്‍ പൊലീസിനോട് പലതവണ സുരക്ഷ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
നടന്‍ ജോണ്‍ ക്ലീസിന്റെ പിന്തുണയും ഭാര്യയുടെ പ്രതികരണവും
റെസ്റ്റോറന്റിന് പുറത്ത് പ്രതിഷേധം ശക്തമായതോടെ, പ്രശസ്ത ബ്രിട്ടീഷ് നടനും ‘ഫോള്‍ട്ടി ടവേഴ്‌സ്’ പരമ്പരയിലൂടെ ശ്രദ്ധേയനുമായ ജോണ്‍ ക്ലീസ് റെസ്റ്റോറന്റിന് പിന്തുണയുമായി രംഗത്തെത്തി. ഉടമസ്ഥന്റെ കുടുംബത്തിന്റെ സുരക്ഷയ്ക്കായി ജോണ്‍ ക്ലീസാണ് സ്വകാര്യ സെക്യൂരിറ്റി ഗാര്‍ഡുകളെ ഏര്‍പ്പെടുത്തിയത്. കപൂര്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഖുഷി റെസ്റ്റോറന്റിനുള്ളില്‍ ഒറ്റയ്ക്കായിരുന്നു.
ജോണ്‍ ക്ലീസിന് നന്ദി പറഞ്ഞുകൊണ്ട് ‘ജോണ്‍ ക്ലീസ് ഈ റെസ്റ്റോറന്റിനെ സംരക്ഷിക്കാന്‍ പണം നല്‍കുന്നു – കാരണം മെട്രോ പൊലീസ് തയ്യാറാകുന്നില്ല’ എന്ന് എഴുതിയ ബോര്‍ഡ് അവര്‍ ജനലിന് നേരെ പിടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തങ്ങളുടെ കുടുംബത്തിന്റെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണനയെന്നും, ഭയമില്ലാതെ ജീവിക്കാനും ജോലി ചെയ്യാനുമുള്ള അവകാശമാണ് തേടുന്നതെന്നും കപൂറിന്റെ കുടുംബം വ്യക്തമാക്കി. ലണ്ടനില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഈ സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പോലീസ് കാവല്‍ ശക്തമാക്കിയിട്ടുണ്ട്.
Tags: London Restaurant Protest, Harman Singh Kapoor, Halal Food Controversy UK, Hammersmith Indian Restaurant, Singhs Dining Rangrez, World News Malayalam, Malayalam News
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




