ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ടാങ്കറിന് നേരെ മിസൈൽ ആക്രമണം. നവംബർ 16 തിങ്കളാഴ്ച പനാമ പതാകയുള്ള എൽപിജി ടാങ്കറായ താര ഗ്യാസിന് നേരെയാണ് ആക്രമണമുണ്ടായത്. കേന്ദ്ര തുറമുഖ, ഷിപ്പിങ്, ജലഗതാഗത മന്ത്രി സർബാനന്ദ സോനോവാളാണ് ഇക്കാര്യം അറിയിച്ചത്.
|
ആദ്യ ആക്രമണത്തിന് പിന്നാലെ കപ്പലിന് നേരെ വീണ്ടും ആക്രമണമുണ്ടായതോടെ ജീവനക്കാർക്ക് കപ്പൽ ഉപേക്ഷിക്കേണ്ടിവന്നു. 25 ജീവനക്കാരിൽ 24 പേരെ സുരക്ഷിതമായി കണ്ടെത്തിയതായും ഒരു ഇന്ത്യൻ നാവികനെ കാണാതായതായും മന്ത്രി വ്യക്തമാക്കി.
കാണാതായ നാവികനെ കണ്ടെത്തുന്നതിനായി കപ്പൽ മാനേജ്മെന്റ് കമ്പനിയുമായും മേഖലയിലെ രക്ഷാപ്രവർത്തന അധികൃതരുമായും അടിയന്തരമായി ഏകോപനം നടത്തിവരികയാണ്. രക്ഷപ്പെടുത്തിയ ജീവനക്കാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഒരാഴ്ചയ്ക്കിടെ ഇന്ത്യൻ നാവികരുമായി സഞ്ചരിച്ച ടാങ്കറിന് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്. നവംബർ 11ന് ലൈബീരിയൻ പതാകയുള്ള എംടി ഡൊമിനിക്ക പ്രോസ്പെരിറ്റി എന്ന ടാങ്കറിന് നേരെയും ആക്രമണമുണ്ടായിരുന്നു. 19 ഇന്ത്യൻ നാവികരടക്കം 22 ജീവനക്കാരാണ് അന്ന് കപ്പലിലുണ്ടായിരുന്നത്.
ആക്രമണത്തെത്തുടർന്ന് കപ്പലിലെ മുഴുവൻ ജീവനക്കാരെയും യുഎഇ കോസ്റ്റ് ഗാർഡ് സുരക്ഷിതമായി ഒഴിപ്പിച്ചിരുന്നു. ഗൾഫ് മേഖലയിലും ഹോർമുസ് കടലിടുക്കിന് സമീപവും കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ അടുത്തിടെ വർധിച്ചുവരികയാണ്.
ലോകത്തെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്നോളം കടന്നുപോകുന്ന തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. ഇറാനുമായുള്ള യുഎസ്-ഇസ്രയേൽ സംഘർഷത്തിന് പിന്നാലെ മേഖലയിൽ കപ്പൽ ഗതാഗതം കൂടുതൽ സുരക്ഷാ ഭീഷണി നേരിടുകയാണ്.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





