അമിത ശബ്ദമുണ്ടാക്കുന്നതും അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയതുമായ 1,630 വാഹനങ്ങൾ 2026ലെ ആദ്യ ഒൻപത് മാസത്തിനിടെ ദുബായ് പൊലീസ് പിടിച്ചെടുത്തു. നിയമലംഘനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി 7,735 പിഴകളും ചുമത്തി.
|
അമിത ശബ്ദമുണ്ടാക്കിയതുമായി ബന്ധപ്പെട്ട് 2,045 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 333 വാഹനങ്ങൾ പിടിച്ചെടുത്തു. എൻജിനിലോ ഷാസിയിലോ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തിയതുമായി ബന്ധപ്പെട്ട് 5,690 നിയമലംഘനങ്ങൾ കണ്ടെത്തുകയും 1,297 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
താമസമേഖലകളിൽ വാഹനങ്ങൾ സൃഷ്ടിക്കുന്ന ശബ്ദശല്യം കുറയ്ക്കുക, റോഡ് സുരക്ഷ ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധനകൾ ശക്തമാക്കിയതെന്ന് ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാഫിക് അറിയിച്ചു.
അനധികൃതമായി മാറ്റം വരുത്തിയ എൻജിനുകളും എക്സ്ഹോസ്റ്റ് സംവിധാനങ്ങളും ഘടിപ്പിച്ച കാറുകളും മോട്ടോർസൈക്കിളുകളും അമിത ശബ്ദമുണ്ടാക്കുന്നത് താമസക്കാരെ ബുദ്ധിമുട്ടിക്കുന്നതിനൊപ്പം പൊതുജനാരോഗ്യത്തെയും ബാധിക്കുമെന്ന് ട്രാഫിക് വിഭാഗം ഡയറക്ടർ ബ്രിഗേഡിയർ ജുമാ സാലിം ബിൻ സുവൈദാൻ പറഞ്ഞു. പെട്ടെന്നുള്ളതും അസാധാരണമായി ഉച്ചത്തിലുള്ളതുമായ ശബ്ദങ്ങൾ ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുകയും അപകടസാധ്യത വർധിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമലംഘനങ്ങൾക്ക് കനത്ത പിഴ
യുഎഇയിലെ ട്രാഫിക് നിയമപ്രകാരം അമിത ശബ്ദമുണ്ടാക്കുന്ന വാഹനം ഓടിച്ചാൽ 2,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനത്തിന്റെ എൻജിനിലോ ഷാസിയിലോ അനധികൃതമായി മാറ്റങ്ങൾ വരുത്തിയാൽ 1,000 ദിർഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. കൂടാതെ, വാഹനം 30 ദിവസത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.
വാഹനങ്ങൾ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട 2023ലെ ദുബായ് ഡിക്രി നമ്പർ 30 പ്രകാരം കുറ്റത്തിന്റെ സ്വഭാവവും ഗൗരവവും അനുസരിച്ച് അധിക നടപടികളും വാഹനമോചിപ്പിക്കുന്നതിനുള്ള ഫീസും ബാധകമായേക്കാമെന്നും ബിൻ സുവൈദാൻ വ്യക്തമാക്കി.
ശബ്ദം കണ്ടെത്താൻ കൂടുതൽ ഉപകരണങ്ങൾ
വാഹനങ്ങളിൽനിന്നുള്ള ശബ്ദം കണ്ടെത്താനും അളക്കാനുമുള്ള ഉപകരണങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ദുബായ് പൊലീസ് പദ്ധതിയിടുന്നുണ്ട്. നിയമലംഘനങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യുന്ന റോഡുകളിലും മേഖലകളിലും ഉപകരണങ്ങൾ വിന്യസിക്കും. ഇതിലൂടെ ശബ്ദത്തിന്റെ ഉറവിടവും നിയമലംഘനം നടത്തുന്ന വാഹനങ്ങളും തിരിച്ചറിയാനും നിരീക്ഷണം ശക്തമാക്കാനും സാധിക്കും.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കണമെന്നും എൻജിനിലും എക്സ്ഹോസ്റ്റ് സംവിധാനങ്ങളിലും അനധികൃത മാറ്റങ്ങൾ വരുത്തുന്നത് ഒഴിവാക്കണമെന്നും പ്രത്യേകിച്ച് യുവ വാഹനയാത്രക്കാരോട് ബിൻ സുവൈദാൻ അഭ്യർഥിച്ചു.
പരിശോധനകളും പൊതുജന ബോധവത്കരണവും ശക്തമാക്കിയതോടെ അമിത വാഹനശബ്ദം കുറഞ്ഞുവരുന്നതായും നിയമലംഘനങ്ങൾ തടയുന്നതിനുള്ള നിരീക്ഷണവും ബോധവത്കരണ പ്രവർത്തനങ്ങളും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക



