03
Oct 2026
Sat
03 Oct 2026 Sat
Dubai crown prince meets flydubai Hero Smit Machchhar In Hospital

വിമാനത്തിനുള്ളിൽ സഹപൈലറ്റിന്റെ ആക്രമണത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റിട്ടും 172 യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവൻ രക്ഷിച്ച ഇന്ത്യൻ പൈലറ്റ് സ്മിത് മച്ച്ഛറിനെ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആശുപത്രിയിലെത്തി സന്ദർശിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പൈലറ്റുമായി സംസാരിച്ച കിരീടാവകാശി അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും പിന്തുണ അറിയിക്കുകയും ചെയ്തു. രാജ്യത്തിന്റെ നേതൃത്വത്തിന്റെ പേരിൽ പൈലറ്റിന് “പൂർണമായ അഭിനന്ദനവും പ്രശംസയും” അറിയിക്കുന്നതായി ഷെയ്ഖ് ഹംദാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.

ദുബയിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനത്തിന്റെ ക്യാപ്റ്റനായിരുന്നു സ്മിത് മച്ച്ഛർ. ഒമാൻ സ്വദേശിയായ സഹപൈലറ്റ് ഹമാം അൽഹമ്മാമി പെട്ടെന്ന് കോക്പിറ്റിലുണ്ടായിരുന്ന ക്രാഷ് ആക്‌സ് ഉപയോഗിച്ച് ക്യാപ്റ്റനെ ആക്രമിക്കുകയായിരുന്നു. വിമാനം തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണമുണ്ടായതെന്നാണ് പ്രാഥമിക വിവരം.

ആക്രമണത്തിനിടെ ഇരുവരും തമ്മിൽ ഏറ്റുമുട്ടിയതോടെ വിമാനം ഏതാനും മിനിറ്റുകൾക്കുള്ളിൽ ആയിരക്കണക്കിന് അടി താഴേക്ക് പതിക്കുകയും നിയന്ത്രണം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാകുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റിട്ടും ധൈര്യവും മനഃസാന്നിധ്യവും കൈവിടാതെ മച്ച്ഛർ കോക്പിറ്റ് വാതിൽ തുറന്ന് യാത്രക്കാരെ വിവരമറിയിച്ചു. തുടർന്ന് യാത്രക്കാർ കോക്പിറ്റിലേക്ക് എത്തി സഹപൈലറ്റിനെ കീഴടക്കുകയും വിമാനം നിയന്ത്രണത്തിലാക്കാൻ സഹായിക്കുകയും ചെയ്തു. പിന്നീട് ഡ്യൂട്ടിയിലില്ലായിരുന്ന മറ്റ് പൈലറ്റുമാരുടെ സഹായത്തോടെ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു.

സംഭവത്തിന് പിന്നാലെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എന്നിവർ ഇന്ത്യൻ പൈലറ്റിനെ അഭിനന്ദിച്ചിരുന്നു.

അതേസമയം, സഹപൈലറ്റിന്റെ ആക്രമണത്തിന് പിന്നിലെ കാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണ്. സംഭവത്തിന് ഭീകരപ്രവർത്തനവുമായി ബന്ധമുണ്ടോയെന്നും യുഎഇ അധികൃതർ പരിശോധിക്കുന്നുണ്ട്. ഒമാനിൽ നേരത്തെ അൽഹമ്മാമിക്ക് വിമാനമോടിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നുവെന്നും അദ്ദേഹത്തിന്റെ ആശയപരമായ നിലപാടുകളെക്കുറിച്ച് ആശങ്കകളുണ്ടായിരുന്നുവെന്നും Wall Street Journal റിപ്പോർട്ട് ചെയ്തതായി വാർത്തകളുണ്ട്. എന്നാൽ സംഭവത്തിന്റെ യഥാർത്ഥ പ്രേരണ സംബന്ധിച്ച അന്വേഷണം പൂർത്തിയായിട്ടില്ല.

ALSO READ:മലേഷ്യയെ 5-1ന് തകർത്ത് ഇന്ത്യ; ഏഷ്യൻ ഗെയിംസിൽ പുരുഷ ഹോക്കിയിൽ സ്വർണം

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക