ദുബായിൽ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ അജ്മാനിലെ വാഹനാപകടത്തിൽ ഇടതുകാൽ നഷ്ടപ്പെട്ട മലയാളി പ്രവാസിക്ക് 6,55,341 ദിർഹം(1.71 കോടി രൂപ) നഷ്ടപരിഹാരം ലഭിച്ചു. കേരളത്തിൽ നിന്നുള്ള 38കാരനായ സുധീറിനാണ് ദുബായ് കോടതിയിലെ നിയമനടപടികൾക്ക് പിന്നാലെ നഷ്ടപരിഹാരം ലഭിച്ചത്.
|
15 വർഷമായി യുഎഇയിൽ ജോലി ചെയ്യുന്ന സുധീർ ലിഫ്റ്റ് ടെക്നീഷ്യനാണ്. അപകടസമയത്ത് അജ്മാനിലെ ഒരു കമ്പനിയിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു. 2025 മേയിലാണ് അപകടമുണ്ടായത്. ജോലിസ്ഥലത്തേക്ക് മറ്റ് തൊഴിലാളികൾക്കൊപ്പം കമ്പനി വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം.
ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം ഉയർന്ന നടപ്പാലത്തിൽ ഇടിക്കുകയും പിന്നീട് വൈദ്യുതത്തൂണിൽ ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തിൽ സുധീറിന്റെ ഇടതുകാലിന് ഗുരുതരമായി പരിക്കേറ്റു. ജബൽ അലിയിലെ എൻഎംസി റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച് കാൽ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ കാൽമുട്ടിന് താഴെവച്ച് മുറിച്ചുമാറ്റേണ്ടിവന്നു.
നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടം
അപകടത്തെ തുടർന്ന് ഇൻഷുറൻസ് കമ്പനിക്കെതിരെ സുധീറിനുവേണ്ടി അഭിഭാഷകൻ ഷംസുദ്ദീൻ കരുനാഗപ്പള്ളി ദുബായ് കോടതിയിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്തു. അപകടത്തിന് മുമ്പ് ആരോഗ്യവാനായിരുന്ന സുധീറിന് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടായതും ജോലി തുടരാനും വരുമാനം കണ്ടെത്താനും കഴിയാത്തതും ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകളും ഭാര്യയ്ക്കും രണ്ട് മക്കൾക്കും നേരിടേണ്ടിവരുന്ന സാമ്പത്തിക പ്രതിസന്ധികളും ചൂണ്ടിക്കാട്ടി ഒരു മില്യൺ ദിർഹം നഷ്ടപരിഹാരമാണ് ആവശ്യപ്പെട്ടത്.
ആദ്യഘട്ടത്തിൽ കേസ് പരിഗണിച്ച കോടതി 4 ലക്ഷം ദിർഹം നഷ്ടപരിഹാരം അനുവദിച്ചു. ഇതിൽ തൃപ്തനാകാതെ അഭിഭാഷകൻ അപ്പീൽ നൽകിയതോടെ ഉയർന്ന കോടതി നഷ്ടപരിഹാരത്തുക 6 ലക്ഷം ദിർഹമായി വർധിപ്പിച്ചു.
തുടർന്ന് നഷ്ടപരിഹാരവും കോടതി ചെലവുകളും ഉൾപ്പെടെ 6,55,341 ദിർഹം ഇൻഷുറൻസ് കമ്പനി സുധീറിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറി. അതേസമയം, ലഭിച്ച തുക അപര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ദുബായ് കോർട്ട് ഓഫ് കാസേഷനിൽ വീണ്ടും അപ്പീൽ നൽകിയിട്ടുണ്ട്.
അപകടത്തിന് ശേഷം സുധീർ തുടർച്ചയായി ചികിത്സയിലാണ്. അപകടത്തിൽ വലതുകാലിനും പരിക്കേറ്റിരുന്നു. അതിനുള്ള ചികിത്സയും ഇപ്പോഴും തുടരുകയാണെന്ന് അഭിഭാഷകൻ ഷംസുദ്ദീൻ അറിയിച്ചു.
ALSO READ: കടലിൽ കുളിക്കാനിറങ്ങിയ 8 വിദ്യാർഥികൾ മുങ്ങിമരിച്ചു
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക





