
പാലക്കാട് ഒറ്റപ്പാലം വാണിയംകുളത്ത് ഡിവൈഎഫ്ഐ പ്രവര്ത്തകന് നേതാക്കളുടെ ക്രൂരമര്‍ദ്ദനം. വാണിയംകുളം പനയൂര്‍ സ്വദേശിയും ഡിവൈഎഫ്ഐ മുന്‍ മേഖല സെക്രട്ടേറിയറ്റ് അംഗവുമായ വിനേഷിനാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് 48 മണിക്കൂര്‍ വെന്റിലേറ്ററില്‍ നിരീക്ഷണത്തിലാണ്. ശരീരത്തില്‍ നിരവധി പരിക്കുകളേറ്റ വിനേഷിന്റെ തലയ്ക്കേറ്റ പരിക്കാണ് ഏറെ ഗുരുതരം.
![]() |
|
ഇന്നലെ രാത്രി വാണിയംകുളത്തായിരുന്നു സംഭവം നടന്നത്. മര്‍ദനമേറ്റ് അവശനായ വിനേഷിനെ അജ്ഞാതര്‍ ഓട്ടോറിക്ഷയില്‍ കയറ്റി വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. ശബ്ദംകേട്ട് വാതില്‍ തുറന്ന വീട്ടുകാര്‍ കാണുന്നത് രക്തത്തില്‍ കുളിച്ച വിനേഷിനെയാണ്. പിന്നാലെ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ ഇന്റിമേഷന്‍ പ്രകാരമാണ് പോലീസ് കേസെടുത്തത്.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിനേഷ് ഇട്ട കമന്റിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.
അതിനിടെ, സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റംഗം എംആര്‍ മുരളിയും പ്രാദേശിക നേതാക്കളും ആശുപത്രിയിലെത്തി. ആക്രമണം വ്യക്തിപരമായ തര്‍ക്കങ്ങളെ തുടര്‍ന്നാണെന്ന് സിപിഐഎം പ്രതികരിച്ചു.
അതേസമയം, കേസിലെ പ്രതികളും ഷൊര്‍ണൂര്‍ ബ്ലോക്ക് കമ്മിറ്റി അംഗങ്ങളുമായ രണ്ടുപേര്‍ രക്ഷപെടുന്നതിനിടെ കോഴിക്കോട്ട് പോലീസ് പിടിയിലായെന്ന് വിവരവുണ്ട്.