21
Oct 2025
Fri
21 Oct 2025 Fri
man committed suicide after unable handle the trauma of sexual abuse in RSS tarining camp

ആര്‍എസ്എസ് ശാഖയില്‍ നിരന്തര ലൈംഗികപീഡനത്തിനിരയായ യുവാവ് ജീവനൊടുക്കി. ആര്‍എസ്എസ് ശാഖയില്‍വച്ച് നിരന്തരം ക്രൂര ലൈംഗിക പീഡനത്തിന് ഇരയായെന്ന് കുറിപ്പെഴുതി വച്ചാണ് യുവാവ് ജീവനൊടുക്കിയത്. കോട്ടയം തമ്പലക്കാട് സ്വദേശിയാണ് ജീവനൊടുക്കിയത്.
ഇന്‍സ്റ്റഗ്രാമിലായിരുന്നു യുവാവ് ആത്മഹത്യാകുറിപ്പ് ഷെഡ്യൂള്‍ ചെയ്ത് പോസ്റ്റ് ചെയ്തത്. ആര്‍എസ്എസ് ശാഖയില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും നേരിടേണ്ടിവന്ന ക്രൂരതകള്‍ മരണമൊഴിയായി കുറിപ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. സോഫ്റ്റ് വെയര്‍ എന്‍ജിനീയറായിരുന്നു യുവാവ്. തിരുവനന്തപുരത്തെ ലോഡ്ജ് മുറിയിലാണ് യുവാവ് ജീവനൊടുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നാലുവയസുളളപ്പോള്‍ ആര്‍എസ്എസിന്റെയും ബിജെപിയുടെയും സജീവപ്രവര്‍ത്തകനും അയല്‍വാസിയുമായ എന്‍എം എന്ന ഒരാള്‍ ബലാത്സംഗം ചെയ്തിട്ടുണ്ടെന്നും ആര്‍എസ്എസ് എന്ന സംഘടനയിലെ പലരില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടിവന്നിട്ടുണ്ടെന്നും യുവാവ് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു. തന്നെ നിരന്തരം ബലാത്സംഗത്തിനിരയാക്കിയ ആള്‍ മൂലം ഒസിഡി (ഒബ്സസീവ് കംപള്‍സീവ് ഡിസോര്‍ഡര്‍) ഉണ്ടായെന്നും പാനിക് അറ്റാക്ക് ഉണ്ടായെന്നും യുവാവ് പറയുന്നു. തനിക്ക് ജീവിതത്തില്‍ ഇത്രയധികം വെറുപ്പുളള മറ്റൊരു സംഘടനയില്ലെന്നും ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുതെന്നുമാണ് യുവാവ് കുറിപ്പില്‍ പറയുന്നത്. അത് അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കിലും അവരെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കണമെന്നും അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാരെന്നും യുവാവ് പറയുന്നു.

രക്ഷിതാക്കള്‍ മക്കള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവര്‍ക്ക് നല്ല സ്പര്‍ശനത്തെക്കുറിച്ചും മോശം സ്പര്‍ശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാന്‍ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തില്‍ വളര്‍ത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടില്ലെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു. സപ്തംബര്‍ എട്ടിനാണ് ആത്മഹത്യാകുറിപ്പ് എഴുതിയത്. 23നും ഒക്ടോബര്‍ മൂന്നിനും ഇതില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തി. ഒക്ടോബര്‍ നാലിന് ഭാഗികമായി മൊഴിമാറ്റം നടത്തിയെന്നും യുവാവ് കുറിപ്പില്‍ യുവാവ് വ്യക്തമാക്കിയിട്ടുണ്ട്. മലയാളത്തിലും ഇംഗ്ലീഷിലും മംഗ്ലീഷിലുമായാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.ഈ കടുംകൈ ചെയ്യുന്നതിന് സഹോദരിയോടും അമ്മയോടും സുഹൃത്തുക്കളോടും കസിന്‍മാരോടും ക്ഷേമ ചോദിക്കുന്നുണ്ട് യുവാവ്.

യുവാവിന്റെ ആത്മഹത്യാക്കുറിപ്പിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ;

‘മൂന്നോ നാലോ വയസുളളപ്പോള്‍ മുതല്‍ എന്റെ അയല്‍വാസിയായ ആ പിതൃശൂന്യന്‍ എന്നെ ലൈംഗിക പീഡനത്തിനിരയാക്കി. എന്നെ നിരന്തരം പീഡിപ്പിച്ചു. ലൈംഗികമായ ഒരുപാട് കാര്യങ്ങള്‍ എന്റെ ശരീരത്തോട് ചെയ്തു. എന്റെ കുടുംബത്തിലെ അംഗത്തെപ്പോലെ, എന്റെ സഹോദരനെപ്പോലെയായിരുന്നു അയാള്‍. എന്നെ ആര്‍എസ്എസ് ക്യാംപില്‍ വെച്ചും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. എനിക്ക് ഇത്രയും വെറുപ്പുളള ഒരു സംഘടനയില്ല. ഞാന്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ച സംഘടന ആയതുകൊണ്ട് എനിക്ക് നന്നായി അറിയാം. ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ സുഹൃത്താക്കരുത്. നിങ്ങളുടെ അച്ഛനാണെങ്കിലും സഹോദരനാണെങ്കിലും മകനാണെങ്കില്‍പ്പോലും അവരെ ജീവിതത്തില്‍ നിന്നും ഒഴിവാക്കുക. അത്രയ്ക്ക് വിഷം കൊണ്ട് നടക്കുന്നവരാണ് ആര്‍എസ്എസുകാര്‍. ഇനീഷ്യന്‍ ട്രെയിനിംഗ് ക്യാംപിലും ഓഫിസേഴ്സ് ട്രെയിനിംഗ് ക്യാംപിലും വച്ച് എന്നെ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ട്. ലൈംഗിക പീഡനം മാത്രമല്ല ക്രൂരമായ ആക്രമണത്തിനും ഇരയായി. അവരുടെ ദണ്ഡ് ഉപയോഗിച്ച് എന്നെ തല്ലിയിട്ടുണ്ട്. അവര്‍ ഒരുപാട് പേരെ ലൈംഗികമായി ചൂഷണം ചെയ്യുന്നുണ്ട്, പീഡിപ്പിക്കുന്നുണ്ട്. ഇപ്പോഴും അവരുടെ ക്യാംപില്‍ നടക്കുന്നത് പീഡനങ്ങളാണ്. ഞാന്‍ ഇതില്‍ നിന്ന് പുറത്തുവന്നതുകൊണ്ടാണ് എനിക്കിത് പറയാന്‍ പറ്റുന്നത്.

ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരുമായും ഇടപഴകരുത്. എന്നെ പീഡിപ്പിച്ച എന്‍എം ഒരു സജീവ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകനാണ്. എനിക്കറിയാം. ഞാന്‍ മാത്രമല്ല ഇവന്റെ ഇര. മറ്റുളള പല കുട്ടികളും ഇവന്റെ അടുത്തുനിന്ന് പീഡനം നേരിട്ടിട്ടുണ്ട്. ആര്‍എസ്എസ് ക്യാംപുകളില്‍ നിന്നും പീഡനങ്ങള്‍ നേരിട്ടിട്ടുണ്ട്. ഇവരുടെ ക്യാംപുകളിലും ശാഖകളിലും വെച്ച് ഒരുപാട് കുട്ടികള്‍ പീഡനത്തിനിരയാവുന്നുണ്ട്. ഇവരെയൊക്കെ രക്ഷപ്പെടുത്തി ശരിയായ കൗണ്‍സലിംഗ് കൊടുക്കേണ്ടത് വളരെ ആവശ്യമായ കാര്യമാണ്. ഇവന്‍ കാരണം പീഡനത്തിനിരയായവര്‍ തുറന്നുപറയണം. ഇവനെയൊക്കെ തുറന്നുകാട്ടേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഇവന്‍ ഇനിയും പലരെയും പീഡിപ്പിക്കും. അവന് ഒരു കുട്ടി ഉണ്ടായാല്‍ അതിനെയും ദുരുപയോഗം ചെയ്യും. അത്രയ്ക്ക് വിഷമാണ് പീഡോ ആയ അവന്‍. ഞാനിപ്പോള്‍ അനുഭവിക്കുന്ന ഒസിഡി എത്ര ഭീകരമാണെന്ന് പറഞ്ഞറിയിക്കാനാകില്ല. വിഷാദത്തിന്റെ അങ്ങേയറ്റത്ത് കൊണ്ട് അത് എത്തിക്കും. ഒസിഡി ഉളള ഒരാളുടെ മനസ് ഒരിക്കലും അയാളുടെ കയ്യില്‍ നില്‍ക്കില്ല. മറ്റൊരാള്‍ നമ്മുടെ മനസ് നിയന്ത്രിക്കുന്നതുപോലുളള അവസ്ഥയാണത്. ഉത്കണ്ഠ കൂടുമ്പോള്‍ മരണമാണ് അതില്‍ നിന്ന് മോചനം ലഭിക്കാനുളള ഏക വഴിയെന്ന് തോന്നും.

രക്ഷിതാക്കള്‍ മക്കള്‍ക്ക് ശരിയായ ലൈംഗിക വിദ്യാഭ്യാസം കൊടുക്കണം. അവര്‍ക്ക് നല്ല സ്പര്‍ശനത്തെക്കുറിച്ചും മോശം സ്പര്‍ശനത്തെക്കുറിച്ചും പറഞ്ഞുകൊടുക്കണം. അവരുടെ കൂടെ സമയം ചിലവഴിക്കണം. എപ്പോഴും ദേഷ്യപ്പെടുന്ന രക്ഷിതാവാകാതിരിക്കുക. അവരെ കേട്ടിരിക്കാന്‍ ക്ഷമ കാണിക്കുക. അവരെ നല്ല അന്തരീക്ഷത്തില്‍ വളര്‍ത്തിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് അവരെ വേദനിപ്പിക്കും. കുട്ടിക്കാലത്ത് ഉണ്ടാകുന്ന ട്രോമകളില്‍ നിന്ന് ഒരിക്കലും രക്ഷപ്പെടില്ല. ആ ട്രോമകള്‍ ജീവിതകാലം മുഴുവന്‍ ഉണ്ടാകും. ലോകത്ത് ഒരു കുട്ടിക്കും എന്റെ അവസ്ഥ ഉണ്ടാകരുത്. അതിന് രക്ഷിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. എന്നെ ദുരുപയോഗം ചെയ്തവരെപ്പോലുളളവര്‍ എല്ലായിടത്തും ഉണ്ടാകും. കുട്ടികള്‍ പേടിച്ചിട്ട് പലതും പുറത്ത് പറയില്ല. എനിക്കും ഭയമായിരുന്നു. എനിക്ക് രക്ഷിതാക്കളോട് പറയാനായില്ല. അതുപോലെ ആവരുത് ഒരു കുട്ടിയും.