APP നേതാക്കളെ വിടാതെ ED: അമാനത്തുള്ള ഖാന്റെ ഡല്‍ഹിയിലെ വസതിയിലും റെയ്ഡ്
|
ന്യൂഡല്‍ഹി: എ.എ.പി നേതാക്കളെ ലക്ഷ്യംവച്ചുള്ള റെയ്ഡ് തുടര്‍ന്ന് കേന്ദ്ര ഏജന്‍സിയായ ഇ.ഡി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാര്‍ട്ടിയുടെ മുസ്ലിം മുഖമായ അമാനത്തുള്ള ഖാന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി റെയ്ഡ് നടത്തി. ഡല്‍ഹി അഴിമതി വിരുദ്ധ ബ്യൂറോയും സിബിഐയും സമര്‍പ്പിച്ച രണ്ട് എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഇഡി പറയുന്നത്. ഖാന്‍ ചെയര്‍മാനായി സേവനമനുഷ്ഠിക്കുന്ന ഡല്‍ഹി വഖഫ് ബോര്‍ഡിലേക്കുള്ള നിയമനത്തിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടാണ് കേസുകള്‍.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് പരിശോധനകള്‍ നടക്കുന്നത്. ഡല്‍ഹി നിയമസഭയിലെ ഓഖ്‌ല മണ്ഡലത്തിന്റെ പ്രതിനിധിയായ 49 കാരനായ അമാനത്തുള്ള ഖാന്‍. ഖാനെ ഇതേ കേസില്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി എസിബി അറസ്റ്റ് ചെയ്യുകയും പിന്നീട് 2022 സെപ്റ്റംബറില്‍ ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.
ഡല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാനായിരിക്കെ ഖാന്‍ എല്ലാ മാനദണ്ഡങ്ങളും സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങളും ലംഘിച്ച് 32 പേരെ നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്തു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. അഴിമതി, പ്രീണനം തുടങ്ങിയ ആരോപണങ്ങളും പരാതിയില്‍ ഉന്നയിക്കുന്നു.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എഎപി നേതാവും രാജ്യസഭാംഗവുമായ സഞ്ജയ് സിംഗിനെ ഒക്ടോബര്‍ 4ന് ഇഡി അറസ്റ്റ് ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷമാണ് ഖാന്റെ വസതിയിലെ റെയ്ഡ്. മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശേഷം ഈ കേസില്‍ അറസ്റ്റിലാകുന്ന രണ്ടാമത്തെ ഉന്നത നേതാവായിരുന്നു സിംഗ്. ഇതിന് പിന്നാലെയാണ് ഖാനെതിരായ നീക്കം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





