വൈദ്യുതി മോഷണം നടത്തിയ 75കാരന് മൂന്നുവര്‍ഷം കഠിന തടവും 17.20 ലക്ഷം രൂപ പിഴയും. ഡല്‍ഹിയിലാണ് സംഭവം. വീട്ടിലേക്ക് അനധികൃതമായി വൈദ്യുതി കണക്ഷന്‍ എടുത്ത് ഉപയോഗിച്ചുവന്നത് പിടിക്കപ്പെട്ടതോടെയാണ് ഡല്‍ഹി കോടതി വൃദ്ധനെ ശിക്ഷിച്ചത്. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ വിഷ്ണു ഗാര്‍ഡന്‍ സ്വദേശിയായ ഹര്‍ഭജന്‍ സിങ് ആണ് വൈദ്യുതി മോഷണത്തിന് പിടിയിലായത്. 2015ലാണ് ശിക്ഷാവിധിക്കാധാരമായ സംഭവം നടന്നത്.
|
മീറ്ററില്‍ കാണിക്കാത്ത രീതിയില്‍ വീട്ടിലേക്കാവശ്യമായ മുഴുവന്‍ വൈദ്യുതിയും ഇയാള്‍ ഉപയോഗിച്ചുവരികയായിരുന്നു. വൈദ്യുതി മോഷണം സാമ്പത്തിക കുറ്റകൃത്യമാണെന്നും ഇതിന്റെ ഇരകളാവുന്നത് ഒരു വ്യക്തിയല്ല ഒരു സമൂഹം മുഴുവനാണെന്നും വിധി പ്രസ്താവിക്കവെ അഡീഷനല്‍ സെഷന്‍സ് ജഡ്ജി വിനയ സിംഹായി പറഞ്ഞു.
പ്രതി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ നേരിടുന്നയാളാണെന്നും കുടുംബത്തിന്റെ ഏക ആശ്രയമാണെന്നും സ്വയം പരിവര്‍ത്തനത്തിന് ഒരു തവണ അവസരം നല്‍കണമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അപേക്ഷിച്ചു. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ശക്തമായ താക്കീത് കൂടിയാണ് പ്രതിയെ ശിക്ഷിക്കുന്നതിലൂടെ നല്‍കപ്പെടുന്നതെന്ന് അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു.



