വധു മേക്കപ്പിട്ട് വരാന്‍ വൈകിയതിനെച്ചൊല്ലിയുള്ള തര്‍ക്കം കൂട്ട തല്ലില്‍ കലാശിച്ചു. വധു എത്താന്‍ വൈകുന്നത് ചോദ്യം ചെയ്തതിലാണ് തുടക്കം. പിന്നെ വിവാഹ വേദിയില്‍ കണ്ടത് വടികളും അടുപ്പ് കത്തിക്കാനുള്ള വിറകുമൊക്കെ എടുത്തുള്ള പൂര തല്ലാണ്. നിരവധി അതിഥികള്‍ക്ക് പരിക്കേല്‍ക്കുകയും വേദി അലങ്കോലമാവുകയും ചെയ്തു. ആഗ്രയിലെ ലാല്‍ പ്യാര്‍ കി ധര്‍മ്മശാലയിലാണ് സംഭവം.
  | 
വരന്റെ കുടുംബം എത്തുന്നതുവരെ എല്ലാം സുഗമമായിട്ടാണ് നടന്നത്. എന്നാല്‍ മേക്കപ്പ് കഴിഞ്ഞ വധു എത്താന്‍ വൈകിയതോടെ കാര്യങ്ങള്‍ കൈവിട്ടു. ഒന്നും രണ്ടു പറഞ്ഞ് തുടങ്ങിയ വഴക്ക് അവസാനം കൂട്ടത്തല്ലില്‍ കലാശിക്കുകയും ചെയ്തു.
ബന്ധുക്കള്‍ തമ്മിലുണ്ടായ അടിപിടിക്കിടെ മണ്ഡപത്തിലെ അലങ്കാരങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ പരിഭ്രാന്തരായ അതിഥികള്‍ ഹാളില്‍ നിന്നും ഇറങ്ങിയോടി. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ ഓടുന്നതിനിടെ വീണു പരിക്കേറ്റു.
സംഘര്‍ഷം അവസാനിപ്പിക്കാനും സ്ഥിതിഗതികള്‍ ശാന്തമാക്കാനും പ്രദേശവാസികളും സമുദായ നേതാക്കളും ഓടിയെത്തിയെങ്കിലും അതിനുമുമ്പ് നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഖണ്ഡോളി പൊലീസ് സ്ഥലത്തെത്തി ഇരുവിഭാഗത്തെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
കുടുംബങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് ഉദ്യോഗസ്ഥര്‍ സൗകര്യമൊരുക്കി. രണ്ട് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍, നിയമനടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ഇരുപക്ഷവും പരസ്പര ഒത്തുതീര്‍പ്പിന് സമ്മതിച്ചു.
അനുരഞ്ജനത്തിനുശേഷം, വിവാഹ ചടങ്ങുകള്‍ പുനരാരംഭിച്ചു, ഒടുവില്‍ പരമ്പരാഗത ആചാരങ്ങള്‍ അനുസരിച്ച് ദമ്പതികള്‍ വിവാഹിതരായി. നഗരത്തിലെ അറിയപ്പെടുന്ന രത്‌ന വ്യാപാരിയാണ് വധുവിന്റെ പിതാവ്.
                                
                            
                                
                                
                                    
                                    
                                    
                        
                        
                        
                        
                        