27
Nov 2025
Sat
27 Nov 2025 Sat
Aadhaar card updation is simple today onwards

ആധാര്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് ഇന്നുമുതല്‍ തങ്ങളുടെ പേര്, വിലാസം, ജനനതീയതി, മൊബൈല്‍ നമ്പര്‍ എന്നിവ ഓണ്‍ലൈനായി സ്വയം പരിഷ്‌കരിക്കാം. നിശ്ചിത തുക ഫീസ് അടച്ചാണ് തിരുത്തലുകള്‍ വരുത്തേണ്ടത്. ബയോമെട്രിക്ക് അപ്‌ഡേറ്റിന് 125 രൂപയും ഡമോഗ്രഫിക്ക് വിവരങ്ങള്‍ക്ക് മാറ്റം വരുത്താന്‍ 75 രൂപയും നല്‍കണം. അതേസമയം, കുട്ടികള്‍ക്ക് ബയോമെട്രിക്ക് അപ്‌ഡേറ്റുകള്‍ സൗജന്യമാണ്.
ആധാര്‍ സേവനം വേഗത്തിലാക്കുക, ഉപയോക്ത സൗഹൃദമാക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുതിയ മാറ്റങ്ങള്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആധാറിലെ വിവരങ്ങള്‍ മാറ്റുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യണമെങ്കില്‍ നേരത്തേ ആധാര്‍ ഉടമ നേരിട്ട് ആധാര്‍ സേവ കേന്ദ്രം സന്ദര്‍ശിക്കണമായിരുന്നു. ആധാര്‍ ഹോള്‍ഡര്‍ ഓണ്‍ലൈനായി എഡിറ്റ് ചെയ്യുന്ന വിവരങ്ങള്‍ സര്‍ക്കാര്‍ ഡാറ്റാബേസുകളിലുള്ള ഉപയോക്താവിന്റെ പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും രേഖകളുമായി ഒത്തുനോക്കി ഡിജിറ്റലായി വെരിഫൈ ചെയ്യപ്പെടും. വൈകാതെ ഇലക്ടിസിറ്റി ബില്ലുകള്‍ പോലുള്ളവയും യുഐഡിഎഐ വിലാസം തിരുത്തുന്നതിനുള്ള സാധുവായ തെളിവായി സ്വീകരിക്കും.

അതേസമയം ബയോമെട്രിക്ക് വിവരങ്ങളായ ഫിംഗര്‍പ്രിന്റുകള്‍, ഐറിസ് സ്‌കാന്‍, ഫോട്ടോഗ്രാഫ് എന്നിവയ്ക്കായി ആധാര്‍ സേവ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കേണ്ടിവരും. ഈ വര്‍ഷം ഡിസംബര്‍ 31നുള്ളില്‍ ആധാറും പാന്‍ കാര്‍ഡും ലിങ്ക് ചെയ്യണം. ലിങ്ക് ചെയ്തില്ലെങ്കില്‍ പാന്‍ കാര്‍ഡ് അടുത്ത വര്‍ഷം ജനുവരി ഒന്നാം തിയതി മുതല്‍ പ്രവര്‍ത്തനരഹിതമാകും.

തിരുത്തലുകള്‍ വരുത്താനുള്ള നടപടിക്രമങ്ങള്‍

യുഐഡിഎഐ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സെല്‍ഫ് സര്‍വീസ് അപ്‌ഡേറ്റ് പോര്‍ട്ടല്‍ എന്നതു തിരഞ്ഞെടുക്കുക. തുടര്‍ന്ന് ഇവിടെ 12 അക്ക ആധാര്‍ നമ്പരും ക്യാപ്ച കോഡും നല്‍കുക. തുടര്‍ന്ന് സെന്‍ഡ് ഒടിപി എന്ന ബട്ടണില്‍ അമര്‍ത്തുക. രജിസ്‌ട്രേഡ് മൊബൈല്‍ നമ്പരില്‍ വരുന്ന ആറക്ക ഒടിപി നല്‍കിയ ശേഷം അപ്‌ഡേറ്റ് ഡമോഗ്രാഫിക് ഡാറ്റ തിരഞ്ഞെടുക്കുകയും നെയിം സെലക്ട് ചെയ്യുകയും ചെയ്യുക. ഔദ്യോഗിക രേഖകളില്‍ ഉള്ളതുപോലെ ശരിയായ പേര് നല്‍കിയ ശേഷം ഇതിനെ പിന്തുണയ്ക്കുന്ന രേഖ അപ് ലോഡ് ചെയ്യണം. ഒരു തവണ മാത്രമാണ് പേര് തിരുത്താന്‍ പറ്റുക എന്നതിനാല്‍ അങ്ങേയറ്റം ശ്രദ്ധ പുലര്‍ത്തണം.
നല്‍കിയ വിവരങ്ങള്‍ പുനപ്പരിശോധിച്ച ശേഷം സബ്മിറ്റ് ബട്ടണ്‍ അമര്‍ത്തുക. ഈ സമയം അപ്‌ഡേറ്റ് റിക്വസ്റ്റ് നമ്പര്‍(യുആര്‍എന്‍)ലഭിക്കും. പേര് തിരുത്തില്‍ നടപടിയുമായി ബന്ധപ്പെട്ട സ്റ്റാറ്റസ് അറിയാന്‍ ഈ നമ്പരാണ് ഉപയോഗിക്കേണ്ടത്.