ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദിലെ സ്വകാര്യ സ്കൂളില്‍ അധ്യാപികയെ മുഖംമൂടി ധരിച്ച യുവാവ് കുത്തിക്കൊന്നു. 30 സെക്കന്‍ഡിനുള്ളില്‍ 34 തവണയാണ് യുവതിക്ക് കുത്തേറ്റു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
|
സിക്രോണ ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളില്‍ അധ്യാപികയായിരുന്ന 29-കാരി സന്ധ്യയാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ സ്കൂള്‍ ഗേറ്റിലെത്തിയ യുവാവ് സന്ധ്യയോട്് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടു.
സ്കൂള്‍ ജീവനക്കാരന് ഇക്കാര്യം അറിയിച്ചതിനെ തുടര്‍ന്ന് ഗേറ്റിന് സമീപത്തേക്ക് എത്തിയ സന്ധ്യയെ പ്രതി പുറത്തേക്ക് വിളിച്ചിറക്കി. തുടര്‍ന്ന് കഴുത്തില്‍ പിടിച്ച് പുറത്തേക്ക് വലിച്ചിഴച്ച് മുഖത്തും കഴുത്തിലും നെഞ്ചിലും തുടര്‍ച്ചയായി കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. വെറും 30 സെക്കന്‍ഡിനുള്ളില്‍ 34 തവണയാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍, മുഖംമൂടി ധരിച്ച യുവാവ് സ്കൂളിനുള്ളില്‍ കയറി ലോബിയില്‍ കാത്തുനില്ക്കുന്നതും സന്ധ്യയെ കണ്ടയുടന്‍ പുറത്തേക്ക് വിളിക്കുന്നതും പിന്നീട് ആക്രമിക്കുന്നതും വ്യക്തമാണ്. അധ്യാപിക നിലത്തുവീണ ശേഷവും പ്രതി കുത്തുന്നത് തുടരുന്നതും ദൃശ്യങ്ങളിലുണ്ട്.
ബഹളം കേട്ട് ഓടിയെത്തിയ സ്കൂള്‍ അഡ്മിനിസ്ട്രേറ്ററെയും പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീണ്ടും സന്ധ്യയുടെ വയറിലും മുഖത്തും നിരവധി തവണ കുത്തിയശേഷം നമ്പര്‍ പ്ലേറ്റില്ലാത്ത ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു.
പരിക്കേറ്റ സന്ധ്യയെ ഉടന്‍ അല്‍ ഫലാഹ് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു.
രണ്ട് മണിക്കൂറിനകം പ്രതി പിടിയില്‍
സംഭവത്തിന് രണ്ട് മണിക്കൂറിനകം അമിത് (21) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
പീഡനക്കേസിന് പ്രതികാരമെന്ന് പൊലീസ്
പ്രാഥമിക അന്വേഷണത്തില്‍, രണ്ട് വര്‍ഷം മുമ്പ് അമിത് സന്ധ്യയുമായി പരിചയപ്പെട്ടിരുന്നെന്നും പിന്നീട് നിരന്തരം പിന്തുടര്ന്ന് ശല്യം ചെയ്തിരുന്നെന്നും കണ്ടെത്തി. സന്ധ്യ പലതവണ ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും ശല്യം തുടര്‍ന്നതോടെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
അടുത്തിടെ അമിത്തിനെതിരെ സന്ധ്യ ലൈംഗികാതിക്രമ പരാതി നല്‍കിയിരുന്നു. അന്ന് പൊതുവേദിയില്‍ മാപ്പ് പറഞ്ഞ് രക്ഷപ്പെട്ട പ്രതി, അതിന്റെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം തുടരുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



