തിരുവനന്തപുരം ‘ദൈവത്തിന് നന്ദി, ദക്ഷിണേന്ത്യ ഇപ്പോഴും സ്വതന്ത്രമാണ്. അത് എന്നും സ്വതന്ത്രമായിരിക്കുമെന്നും കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങളില്‍ നിന്നാണ് ഞങ്ങള്‍ക്ക് ശക്തി ലഭിക്കുന്നത്. നിങ്ങളെ നോക്കുമ്പോള്‍ ഞങ്ങള്‍ സ്വയം ചോദിക്കും; അല്ലാഹുവേ, ഞങ്ങള്‍ക്കും സ്വതന്ത്രമായി നടക്കാനും സംസാരിക്കാനും ചിന്തിക്കാനും സാധിക്കുന്ന ആ കാലം എപ്പോഴാണ് വരിക? അതായിരുന്നു ജനാധിപത്യം – ജനങ്ങളുടേതും, ജനങ്ങള്‍ക്കുള്ളതും, ജനങ്ങളാലുള്ളതും,’ കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഫാറൂഖ് അബ്ദുള്ള വൈകാരികമായി പറഞ്ഞു.
|
കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് സംഘടിപ്പിച്ച ‘വിഷന്‍ 2031: വികസനത്തെയും ജനാധിപത്യത്തെയും കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിന്റെ’ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെയാണ് സമ്മേളനം സമാപിച്ചത്.
‘തൊണ്ണൂറാം വയസ്സിലും ഞാന്‍ ഈ യാത്ര നടത്തിയത് ഞങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ നിങ്ങളോട് പറയാനാണ്. ഉത്തരേന്ത്യയില്‍ ഞങ്ങള്‍ നേരിടുന്ന ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞങ്ങള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം,’ അദ്ദേഹം പറഞ്ഞു.
‘ഹിറ്റ്ലറെപ്പോലെ ഫാസിസ്റ്റുകള്‍ മരിക്കും’
‘സത്യം സ്ഥാപിക്കുക പ്രയാസകരമാണ്, എന്നാല്‍ നുണകള്‍ എളുപ്പത്തില്‍ പ്രചരിപ്പിക്കപ്പെടുന്നു. ഒരു നുണ ആയിരം വട്ടം ആവര്‍ത്തിച്ചാല്‍ അത് സത്യമായി തോന്നുമെന്ന് ഹിറ്റ്ലറുടെ കാലത്ത് പറഞ്ഞിരുന്നു. ഇന്ന് നമ്മുടെ മാധ്യമങ്ങള്‍ നുണകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. സത്യം ആഴത്തില്‍ കുഴിച്ചുമൂടപ്പെട്ടിരിക്കുന്നു.’
‘ഫാസിസ്റ്റ് ശക്തികള്‍ വിജയിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. ഹിറ്റ്ലര്‍ മരിച്ചതുപോലെ അവരും മരിക്കും. പ്രപഞ്ചത്തിന്റെ അധിപനാകണമെന്ന അദ്ദേഹത്തിന്റെ മോഹങ്ങളെല്ലാം ഇല്ലാതായി.’
ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റം
ഇന്ത്യയുടെ ഫെഡറല്‍ ഘടന നേരിടുന്ന വെല്ലുവിളികളില്‍ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. സംസ്ഥാനങ്ങള്‍ക്ക് അവരുടേതായ അധികാരങ്ങളുള്ള ഫെഡറല്‍ രാജ്യമാണ് ഇന്ത്യയെന്നും എന്നാല്‍ ഇന്ന് കേന്ദ്രം എല്ലാം നിയന്ത്രിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വോട്ടിന് വേണ്ടി ജനങ്ങളെ തമ്മിലടിപ്പിക്കാനും രാഷ്ട്രീയ ലാഭത്തിന് വേണ്ടി യുദ്ധത്തെ ഉപയോഗിക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
‘ആര്‍ട്ടിക്കിള്‍ 370 ആണ് ഭീകരവാദം ഉണ്ടാക്കിയതെന്ന നുണ അവര്‍ പ്രചരിപ്പിച്ചു. 2019 ഓഗസ്റ്റിന് ശേഷം ഭീകരവാദം ഇല്ലാതായോ? 40 സൈനികര്‍ വീരമൃത്യു വരിച്ച പുല്‍വാമയും പഹല്‍ഗാമും നിങ്ങള്‍ മറന്നോ?’
ഞങ്ങള്‍ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാണെങ്കിലും അഭിമാനികളായ ഇന്ത്യക്കാരാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂനപക്ഷങ്ങള്‍ക്കും ഭാഷാ വൈവിധ്യത്തിനും നേരെയുള്ള ആക്രമണങ്ങളെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. വടക്ക് മുതല്‍ തെക്ക് വരെ ഒരു ഭാഷ വേണമെന്ന് പറയുന്നത് ഇന്ത്യയുടെ വൈവിധ്യത്തിന് ചേര്‍ന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



