05
Aug 2024
Mon
05 Aug 2024 Mon
Farooq Abdulla

ശ്രീനഗര്‍: ഇന്ത്യന്‍ അധികൃതരും പാകിസ്താനിലെ നുഴഞ്ഞു കയറ്റക്കാരും തമ്മില്‍ രഹസ്യധാരണയുണ്ടെന്ന് സൂചിപ്പിച്ച് നാഷനല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുല്ല.(Farooq Abdullah talks of ‘collusion’ in cross border infiltration )  ജമ്മു കശ്മീരിലേക്ക് അതിര്‍ത്തി കടന്നുള്ള നുഴഞ്ഞു കയറ്റവും മയക്കുമരുന്ന് കടത്തും നടക്കുന്നത് രഹസ്യധാരണമൂലമാണെന്ന് കിശ്ത്വാറില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവേ അദ്ദേഹം ആരോപിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

”നമ്മുടെ അതിര്‍ത്തിയില്‍ ധാരണം സൈനികരുണ്ട്. മറ്റൊരു രാജ്യത്തും ഇത്രയധികം സൈനികരെ അതിര്‍ത്തിയില്‍ വിന്യസിച്ചിട്ടില്ല. പിന്നെ എങ്ങിനെയാണ് അവര്‍(ഭീകരര്‍) അകത്തേക്കു കടക്കുന്നത്? എങ്ങിനെയാണ് മയക്ക് മരുന്ന് വരുന്നത്? അവര്‍ തമ്മില്‍ രഹസ്യ ധാരണയുണ്ട്. നമ്മുടെ നാശത്തിന് വേണ്ടി അവര്‍ കൈകോര്‍ത്തിരിക്കുന്നു”- ഫറൂഖ് അബ്ദുല്ല പറഞ്ഞു.

”നാം കഴിഞ്ഞ 10 വര്‍ഷമായി അവരില്‍ വിശ്വാസമര്‍പ്പിച്ചു. എന്നാല്‍, അവര്‍ ഒന്ന് പറയുകയും മറ്റൊന്ന് ചെയ്യുകയും ചെയ്യുന്നു. നമ്മുടെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചപ്പോള്‍ അവര്‍ ലാത്തികൊണ്ടാണ് നേരിട്ടത്”-അദ്ദേഹം പറഞ്ഞു. നാഷനല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകര്‍ക്കു നേരെ നടന്ന അതിക്രമങ്ങള്‍ വിവരണാതീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശ്മീരില്‍ ഈയിടെയുണ്ടായ നിരവധി ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഫറൂഖ് അബ്ദുല്ലയുടെ പ്രതികരണം. ആക്രമണങ്ങള്‍ക്ക് പിന്നാലെ ബിഎസ്എഫ് മേധാവിയുടെ കസേര തെറിച്ചിരുന്നു.

അടിസ്ഥാനരഹിതമെന്ന് ബിജെപി
അതേസമയം, ഫറൂഖ് അബ്ദുല്ലയുടെ പ്രസ്താവനയ്‌ക്കെതിരേ മുതിര്‍ന്ന ബിജെപി നേതാക്കളും മന്ത്രിമാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രസ്താവന തികച്ചും അടിസ്ഥാന രഹിതവും ജമ്മുകശ്മീരില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അസ്ഥിത്വം നഷ്ടപ്പെട്ടതിന്റെ നിരാശയില്‍ നിന്ന് ഉടലെടുത്തതുമാണെന്ന് മുതിര്‍ന്ന ബിജെപി നേതാവ് നിര്‍മല്‍ സിങും ഉപ മുഖ്യമന്ത്രി കവീന്ദര്‍ ഗുപ്തയും പ്രതികരിച്ചു.

ഫറൂഖ് അബ്ദുല്ല ഇടയ്ക്ക് ഇത്തരം പ്രസ്താവനകള്‍ നടത്താറുണ്ടെന്നും അതാരും ഗൗരവത്തിലെടുക്കാറില്ലെന്നും സിങ് പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക