ദീർഘദൂര ട്രെയിൻ യാത്രകളിൽ ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിഭവങ്ങളുടെ എണ്ണം കുറച്ച് മികച്ച ഭക്ഷണം നൽകാനുള്ള നീക്കവുമായി ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി മൂന്ന് വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളിൽ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവയുടെ മെനു ചുരുക്കി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി.
|
വിമാനങ്ങളിൽ നൽകുന്നതിന് സമാനമായ പരിമിത വിഭവങ്ങളുള്ള മെനുവാണ് ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) അവതരിപ്പിച്ചിരിക്കുന്നത്. ദീർഘദൂര ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം, ശുചിത്വം എന്നിവ സംബന്ധിച്ച പരാതികൾ പരിഹരിക്കുകയാണ് ലക്ഷ്യം. മുംബൈ-ബെംഗളൂരു, ഹൗറ-കാമാഖ്യ, ന്യൂഡൽഹി-വാരണാസി റൂട്ടുകളിലാണ് പദ്ധതി നിലവിൽ പരീക്ഷിക്കുന്നത്.
പുതിയ സംവിധാനത്തിൽ റെയിൽവേയുടെയോ നിലവിലെ കാറ്ററിങ് കരാറുകാരുടെയോ അടുക്കളകൾക്ക് പകരം പ്രമുഖ ക്ലൗഡ് കിച്ചണുകളിലാണ് ഭക്ഷണം തയ്യാറാക്കുന്നത്. കാമാഖ്യ റൂട്ടിൽ മെയ്ഫെയർ ഗ്രൂപ്പും ഹൗറയിൽ താജ്സാറ്റ്സും മറ്റ് വന്ദേഭാരത് ട്രെയിനുകളിൽ സരോവർ പോർട്ടിക്കോ ഗ്രൂപ്പുമാണ് ഭക്ഷണം നൽകുന്നത്. വിമാനക്കമ്പനികൾക്കും ഹോട്ടലുകൾക്കും ഭക്ഷണം വിതരണം ചെയ്യുന്ന പ്രത്യേക അടുക്കളകളുടെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്.
മുംബൈ-ബെംഗളൂരു വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഇനി പ്രഭാതഭക്ഷണത്തിന് ചട്ണിയും സാമ്പാറും ചേർത്ത ഇഡ്ഡലി-വട, അല്ലെങ്കിൽ അവൽ (പോഹ), ഉപ്മ എന്നിവയിൽ ഒന്നായിരിക്കും ലഭിക്കുക. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ചപ്പാത്തി, ചോറ്, പരിപ്പ് കറി എന്നിവയ്ക്കൊപ്പം ചിക്കൻ അല്ലെങ്കിൽ വെജിറ്റേറിയൻ വിഭവവും നൽകും.
നേരത്തെയുണ്ടായിരുന്ന മെനുവിൽ നിന്ന് സൂപ്പ്, മുട്ട ഓംലെറ്റ്, സാൻഡ്വിച്ച്, മോര്, ചോക്ലേറ്റ് തുടങ്ങിയവ പ്രഭാതഭക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഉച്ചഭക്ഷണത്തിലും അത്താഴത്തിലും ലഭിച്ചിരുന്ന ഉണക്ക പച്ചക്കറി വിഭവം, തൈര്, സാലഡ്, അച്ചാർ, മധുരപലഹാരം എന്നിവയും പുതിയ മെനുവിൽ ഉണ്ടാകില്ല.
ഒരു നേരത്തെ ഭക്ഷണത്തിന്റെ ആകെ തൂക്കവും 700-750 ഗ്രാമിൽ നിന്ന് 450-500 ഗ്രാമായി കുറച്ചിട്ടുണ്ട്. എന്നാൽ ഓരോ വിഭവത്തിന്റെയും വ്യക്തിഗത അളവിൽ മാറ്റം വരുത്തിയിട്ടില്ലെന്നാണ് ഐആർസിടിസി അധികൃതരുടെ വിശദീകരണം.
പുതിയ ഭക്ഷണ വിതരണ സംവിധാനം ആരംഭിച്ചതിനുശേഷം പരാതികളിൽ 10 ശതമാനം കുറവുണ്ടായതായും ഐആർസിടിസി അറിയിച്ചു. പരീക്ഷണം വിജയകരമായാൽ മറ്റ് ദീർഘദൂര സർവീസുകളിലേക്കും പ്രീമിയം ട്രെയിനുകളിലേക്കും ഈ മാതൃക വ്യാപിപ്പിച്ചേക്കും.
News Tag Live യുട്യൂബ് ചാനല് Subscribe ചെയ്യുക




