സുഹൃത്തുക്കള്‍ സഞ്ചരിച്ച ബൈക്കിനു പിന്നില്‍ കാര്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. റോഡിലേക്കു തെറിച്ചുവീണ ബൈക്ക് യാത്രികരില്‍ ഒരാളാണ് മരിച്ചത്. ഇടിച്ച കാര്‍ നിര്‍ത്താതെ പോയതോടെ യുവാക്കള്‍ 15 മിനിറ്റോളം റോഡില്‍ കിടന്നു.
|
ചേര്‍ത്തല തണ്ണീര്‍മുക്കം പഞ്ചായത്തില്‍ പണ്ടാരപ്പാട്ടത്തില്‍ പ്രകാശിന്റെയും മിനിയുടെയും മകന്‍ ശിവപ്രകാശ് (29) ആണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് തണ്ണീര്‍മുക്കം ഇലഞ്ഞാല്‍കുളങ്ങര സ്വദേശി വിഷ്ണു മുരളിക്ക് (27) ഗുരുതര പരുക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2ന് ചേര്‍ത്തല വാരനാട് ചെങ്ങണ്ട റോഡില്‍ ചെങ്ങണ്ട വളവിലായിരുന്നു അപകടം. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇരുവരും.
ശിവപ്രസാദാണ് ബൈക്ക് ഓടിച്ചത്. ഇരുവരും റോഡിലേക്കു തെറിച്ചുവീണതോടെ കാര്‍ നിര്‍ത്താതെ പോയെന്നും ഇവര്‍ പരുക്കേറ്റ് ഏറെ നേരം റോഡില്‍ കിടന്നെന്നും പൊലീസ് പറഞ്ഞു. ഇതുവഴി പോയ മറ്റു യാത്രക്കാരാണ് യുവാക്കളെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചത്.
കാര്‍ കണ്ടെത്താനായി പൊലീസ് അന്വേഷണം തുടങ്ങി. ശിവപ്രകാശിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ശിവപ്രകാശ് കോട്ടയത്ത് കാര്‍ ഷോറൂമിലെ ജീവനക്കാരനാണ്. സഹോദരന്‍ ശ്യാം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




