ഒടുവില്‍ ആശങ്കകള്‍ക്ക് വിരാമം, ഇന്ത്യയില്‍ ഫിഫ ലോക കപ്പ് ആര് സംപ്രേക്ഷണം ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായി. ഫിഫ ലോകകപ്പിന്റെയും ഇനി വരാനിരിക്കുന്ന പ്രധാന ഫിഫ ടൂര്‍ണമെന്റുകളുടെയും ഇന്ത്യയിലെ ഔദ്യോഗിക സംപ്രേഷണാവകാശം സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസ് ലിമിറ്റഡ് (ZEEL) സ്വന്തമാക്കി. സീ ഗ്രൂപ്പ് പുതുതായി ആരംഭിച്ച ‘യുണൈറ്റ്8 സ്‌പോര്‍ട്‌സ്’ (Unite8 Sports) ലീനിയര്‍ ടിവി ചാനലുകളിലൂടെയായിരിക്കും മത്സരങ്ങളുടെ ലൈവ് ടെലികാസ്റ്റ്. ഒടിടി പ്ലാറ്റ്ഫോമായ ‘സീ5’ (Zee5) ലൂടെയും മത്സരം കാണാനാകും.
|
ജൂണ്‍ 11-ന് നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങള്‍ ആതിഥേയത്വം വഹിക്കും. ഇത്തവണ 48 ടീമുകളാണ് കൊമ്പു കോര്‍ക്കുന്നത്. 2034 വരെയുള്ള മറ്റ് പ്രധാന ഫിഫ ടൂര്‍ണമെന്റുകളുടെയും ഡോക്യു-സീരീസുകളുടെയും ഇന്ത്യന്‍ വിപണിയിലെ സംപ്രേഷണാവകാശം ഇനി സീ ഗ്രൂപ്പിനായിരിക്കും.
2026, 2030 വര്‍ഷങ്ങളിലെ പുരുഷന്മാരുടെ ലോകകപ്പുകള്‍, 2027-ലെ ഫിഫ വനിതാ ലോകകപ്പ്, അണ്ടര്‍-17 ലോകകപ്പ്, വനിതകളുടെ അണ്ടര്‍-17 ലോകകപ്പ്, അണ്ടര്‍-20 ലോകകപ്പ്, വനിതകളുടെ അണ്ടര്‍-20 ലോകകപ്പ്, ഫുട്‌സല്‍ ലോകകപ്പുകള്‍, വനിതകളുടെ ഫുട്‌സല്‍ ലോകകപ്പുകള്‍, ഇന്റര്‍കോണ്ടിനെന്റല്‍ കപ്പുകള്‍ എന്നിവയും സീ ചാനലുകളിലൂടെ ആരാധകര്‍ക്ക് കാണാം.
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിലൊന്ന് ഇന്ത്യന്‍ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയുന്നതില്‍ സീ എന്റര്‍ടൈന്‍മെന്റ് സിഇഒ പുനിത് ഗോയങ്ക സന്തോഷം പ്രകടിപ്പിച്ചു. ഫുട്‌ബോള്‍ എന്നത് പ്രദേശങ്ങള്‍ക്കും പ്രായഭേദങ്ങള്‍ക്കും അതീതമായ ഒന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ജിയോ സ്റ്റാറിന്റെ പിന്മാറ്റം്
ടൂര്‍ണമെന്റുകളുടെ സംപ്രേഷണ തുകയെച്ചൊല്ലി ഫിഫയും ജിയോസ്റ്റാറും തമ്മില്‍ ധാരണയിലെത്താന്‍ കഴിയാതെ വന്നതോടെയാണ് സീ എന്റര്‍ടൈന്‍മെന്റ് ഈ രംഗത്തേക്ക് കടന്നുവന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഹിന്ദിയില്‍ യുണൈറ്റ്8 സ്‌പോര്‍ട്‌സ് 1, യുണൈറ്റ്8 സ്‌പോര്‍ട്‌സ് 1 എച്ച്ഡി ചാനലുകളും, ഇംഗ്ലീഷില്‍ യുണൈറ്റ്8 സ്‌പോര്‍ട്‌സ് 2, യുണൈറ്റ്8 സ്‌പോര്‍ട്‌സ് 2 എച്ച്ഡി ചാനലുകളും അവതരിപ്പിച്ചിരുന്നു.
ടൂര്‍ണമെന്റ് ആരംഭിക്കാന്‍ രണ്ടാഴ്ചയില്‍ താഴെ മാത്രം സമയം ബാക്കിയുള്ളപ്പോഴാണ് ഈ നിര്‍ണായക പ്രഖ്യാപനം വരുന്നത്. അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വെച്ച് നടക്കുന്നതിനാല്‍ ഭൂരിഭാഗം മത്സരങ്ങളും ഇന്ത്യന്‍ സമയപ്രകാരം അര്‍ദ്ധരാത്രിക്ക് ശേഷമായിരിക്കും തത്സമയം സംപ്രേഷണം ചെയ്യുക. ഈ സമയ വ്യത്യാസമാണ് ഇന്ത്യന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ക്കിടയില്‍ ഈ ടൂര്‍ണമെന്റിനോട് താല്‍പ്പര്യം കുറയാന്‍ പ്രധാന കാരണമായത്.
ഖത്തറില്‍ വെച്ച് നടന്ന 2022-ലെ ഫിഫ ലോകകപ്പിന്റെ അവകാശം നിലവില്‍ ജിയോസ്റ്റാറിന്റെ ഭാഗമായ വയാകോം18 62 മില്യണ്‍ ഡോളറിനായിരുന്നു സ്വന്തമാക്കിയിരുന്നത്.
FIFA World Cup 2026 Live Streaming: ZEEL to air live matches in India


