07
Jun 2026
Sun
07 Jun 2026 Sun
zee5 digital subscription

ന്യൂഡല്‍ഹി: ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിലെ (FIFA World Cup 2026) 104 മത്സരങ്ങളും യൂട്യൂബിലൂടെ തത്സമയം സൗജന്യമായി കാണാമെന്ന പ്രഖ്യാപനവുമായി ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പിന്തുണയുള്ള യുട്യൂബ് ചാനല്‍. അതേസമയം, മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇന്ത്യയിലെ ലോകകപ്പ് സംപ്രേഷണാവകാശം സീ എന്റര്‍ടൈന്‍മെന്റ് (ZEE Entertainment Private Limited) സ്വന്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യൂട്യൂബ് സംപ്രേഷണവും അതിലെ നിബന്ധനയും

സൗദി പ്രോ ലീഗ് ക്ലബ്ബായ അല്‍-നസറിന്റെ പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അടുത്തിടെ നിക്ഷേപം നടത്തിയ ‘ലൈവ് മോഡ്’ (LiveMode) എന്ന ബ്രസീലിയന്‍ സ്‌പോര്‍ട്‌സ് മീഡിയ കമ്പനിയാണ് ലോകകപ്പ് മത്സരങ്ങള്‍ യൂട്യൂബിലൂടെ സൗജന്യമായി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. പ്രശസ്ത ബ്രസീലിയന്‍ യൂട്യൂബറും സ്ട്രീമറുമായ കാസിമിറോ മിഗേല്‍ ‘ലൈവ് മോഡു’മായി ചേര്‍ന്ന് 2022-ല്‍ ആരംഭിച്ച ‘കാസെ ടിവി’ (CazeTV) എന്ന യൂട്യൂബ് ചാനലിലൂടെയാണ് മത്സരങ്ങള്‍ തത്സമയം കാണാനാവുക.

2026 ഫിഫ ലോകകപ്പ് മത്സരങ്ങള്‍ 4K ക്വാളിറ്റിയില്‍ സൗജന്യമായി സംപ്രേഷണം ചെയ്യാനാണ് കാസെ ടിവി ലക്ഷ്യമിടുന്നത്. എന്നാല്‍, ഈ ചാനല്‍ യൂട്യൂബ്, ട്വിച്ച് (Twitch) പ്ലാറ്റ്‌ഫോമുകളില്‍ ഇന്ത്യയില്‍ ലഭ്യമാണെങ്കിലും, ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ബ്രസീല്‍ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുകയാണ് (Geo-blocked). കാസെ ടിവിയും മാതൃകമ്പനിയായ ലൈവ് മോഡും ബ്രസീലിയന്‍ മേഖലയിലേക്ക് മാത്രമുള്ള ഡിജിറ്റല്‍ അവകാശങ്ങളാണ് ഫിഫയില്‍ നിന്നും വാങ്ങിയിട്ടുള്ളത്.

എന്നാല്‍, ഇന്ത്യയില്‍ വിപിഎന്‍ ഉപയോഗിച്ച് ഈ ചാനല്‍ വഴി ലോക കപ്പ് മല്‍സരങ്ങള്‍ കാണാനാവുമെന്നാണ് കരുതുന്നത്. ഇന്ത്യയില്‍ സംപ്രേക്ഷണ അവകാശമില്ലാത്ത ചാനലുകള്‍ വിപിഎന്‍ ഉപയോഗിച്ച് കാണുന്നത് നിയമവിധേയമല്ല.

ഇന്ത്യയില്‍ കളി എവിടെ കാണാം?

ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന ഫുട്‌ബോള്‍ ആരാധകര്‍ക്ക് ആശ്വാസമേകിക്കൊണ്ട് സീ എന്റര്‍ടൈന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ഫിഫയുമായി മെഗാ കരാറിലൊപ്പുവെച്ചു. 2026 ലോകകപ്പിന് പുറമെ, 2030 ഫിഫ ലോകകപ്പ്, 2027 ഫിഫ വനിതാ ലോകകപ്പ് ഉള്‍പ്പെടെ 2034 വരെയുള്ള പ്രമുഖ ഫിഫ ടൂര്‍ണമെന്റുകളുടെ സംപ്രേഷണാവകാശമാണ് ‘സീ’ സ്വന്തമാക്കിയിരിക്കുന്നത്. 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പില്‍ ആകെ 104 മത്സരങ്ങളാണുള്ളത്.

ഡിജിറ്റല്‍ പ്രേക്ഷകര്‍ക്ക് (Online)

‘സീ5’ (Zee5) ആപ്ലിക്കേഷനിലൂടെ മൊബൈല്‍, ലാപ്‌ടോപ്പ്, ടാബ്ലെറ്റ് തുടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങളില്‍ വരിക്കാര്‍ക്ക് മത്സരങ്ങള്‍ തത്സമയം കാണാം. ജൂണ്‍ 11-ന് മെക്‌സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ഉദ്ഘാടന മത്സരം. ജൂലൈ 19-നാണ് ഫൈനല്‍. 799 രൂപയാണ് ഫിഫ ലോക കപ്പ് ഉള്‍പ്പെടെ ചാനലിലെ മുഴുവന്‍ പരിപാടികളും 3 മാസത്തേക്ക് ലഭ്യമാവുന്നതിനുള്ള സബ്‌സ്‌ക്രിപ്ഷന്‍ പാക്കേജിന് നല്‍കേണ്ടത്. ഈ സബ്‌സ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് മൂന്ന് ഡിവൈസുകളില്‍ കാണാനാവും.

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് (TV)

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കായി ‘സീ’ പുതുതായി ആരംഭിച്ച ‘യൂണിറ്റ് 8 സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്ക്’ (Unit8 Sports Network) ചാനലുകളിലൂടെ മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യും.

മത്സരങ്ങള്‍ ലഭ്യമാകുന്ന ടിവി ചാനലുകള്‍:

1. യൂണിറ്റ് 8 സ്‌പോര്‍ട്‌സ് 1 (Unit8 Sports 1)
2. യൂണിറ്റ് 8 സ്‌പോര്‍ട്‌സ് 1 എച്ച്.ഡി (Unit8 Sports 1 HD)
3. യൂണിറ്റ് 8 സ്‌പോര്‍ട്‌സ് 2 (Unit8 Sports 2)
4. യൂണിറ്റ് 8 സ്‌പോര്‍ട്‌സ് 2 എച്ച്.ഡി (Unit8 Sports 2 HD)

ഇതില്‍ ആദ്യ രണ്ടു ചാനലുകള്‍ ഹിന്ദിയിലും ബാക്കിയുള്ളവ ഇംഗ്ലീഷിലുമായിരിക്കും ലൈവ് കമന്ററി ലഭ്യമാവുകയെന്നാണ് അറിയുന്നത്. മലയാളം ഉള്‍പ്പെടെ മറ്റു ഭാഷകളില്‍ കമന്ററി ലഭ്യമാവുമോ എന്നത് ഇനിയും വ്യക്തമല്ല.

Fifa world cup live streaming in yotube channel and Zee5