|
ആലപ്പുഴ: സംസ്ഥാനത്തിന്റെ കായിക മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജം പകരുന്ന നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച് നടപ്പാക്കി വരുന്നതെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍. മണ്ണഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ പുതുതായി നിര്‍മ്മിച്ച സ്‌പോര്‍ട്‌സ് ടര്‍ഫ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാ പഞ്ചായത്തുകളിലും കായിക പരിശീലനത്തിനായുള്ള ഗ്രൗണ്ടുകള്‍ മണ്ഡലങ്ങളില്‍ സ്‌പോര്‍ട്‌സ് ക്ലബ്ബുകള്‍ എന്നിവ സജ്ജമാക്കി വരികയാണെന്നും ഇത്തരം പദ്ധതികള്‍ കേരളത്തിലെ കായിക മേഖലയ്ക്ക് ആദ്യ അനുഭവം ആണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സ്‌കൂളിലെ ആദ്യ ടര്‍ഫാണ് മണ്ണഞ്ചേരി ഗവണ്‍മെന്റ് സ്‌കൂളില്‍ സ്ഥാപിച്ചത്.
പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി അധ്യക്ഷത വഹിച്ചു. മുന്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സുഷാന്ത് മാത്യു കായിക താരങ്ങളെ ആദരിച്ചു. ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി മഹീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് അംഗം ആര്‍. റിയാസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എം. വി പ്രിയ, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി അജിത്, വൈസ് പ്രസിഡന്റ് പി.എ ജുമൈലത്ത്, സ്ഥിരം സമിതി അധ്യക്ഷരായ എം.എസ് സന്തോഷ്, കെ.പി ഉല്ലാസ്,ഉദയമ്മ, ഹെഡ്മിസ്ട്രസ് എം.കെ സുജാതകുമാരി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി.ജെ ജോസഫ്, ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വി. ജി വിഷ്ണു,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പ്രദീപ്കുമാര്‍,കായിക അധ്യാപകരായ പി.പി മിനിമോള്‍,അനുപ വിനു, പി.ടി.എ പ്രസിഡന്റ് സി.എച്ച് റഷീദ്,വൈസ് പ്രസിഡണ്ട് ജോസ് ചാക്കോ, എസ്.എം.സി ചെയര്‍മാന്‍ മുഹമ്മദ് മുസ്തഫ, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിര്‍മ്മിക്കുന്ന ആദ്യത്തെ സ്‌പോര്‍ട്‌സ് ടര്‍ഫാണിത്. ജില്ലാപഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് ടര്‍ഫിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. സംസ്ഥാന ഗവണ്‍മെന്റിന്റെ കായിക നയത്തില്‍ പറഞ്ഞിരിക്കുന്ന ത്രീ ലെയര്‍ സംവിധാനത്തോടെ 40 മീറ്റര്‍ നീളത്തിലും 26 മീറ്റര്‍ വീതിയിലുമാണ് ടര്‍ഫ് ഒരുക്കിയിരിക്കുന്നത്. മറ്റ് സ്‌കൂളുകളില്‍ നിന്നെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും മുന്‍കൂര്‍ അനുമതിയോടെ ഇവിടെ സൗജന്യമായി കളിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്.
first turg in government school inaugurated in ghs mannanchery


