03
Oct 2026
Sat
03 Oct 2026 Sat
FlyDubai israel flight

ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ അക്രമം നടത്തിയ ഒമാന്‍ പൗരന്‍ ഹമാം അല്‍ഹമ്മാമിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് വാള്‍സ്ട്രീറ്റ് ജേര്‍ണല്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം, യു.എ.ഇയില്‍ ജനിച്ച ഒമാന്‍ പൗരനാണ് ഹമാം അല്‍ഹമ്മാമി (Hamam Alhammami). ഒമാനി പിതാവിന്റെയും സിറിയന്‍ മാതാവിന്റെയും മകനായ ഇയാള്‍ സിറിയയില്‍ കഴിയവേ തീവ്രവാദ ആശയങ്ങളില്‍ ആകൃഷ്ടനായതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപോര്‍ട്ടില്‍ പറയുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2024-ല്‍ ഒമാന്‍ എയറില്‍ (Oman Air) ട്രെയിനി കോ-പൈലറ്റായി ജോലി ചെയ്യുന്നതിനിടെ ഇയാളുടെ പക്കല്‍ നിന്ന് തീവ്രവാദ ലഘുലേഖകളും രേഖകളും കണ്ടെടുത്തിരുന്നു. തുടര്‍ന്ന് ഇയാളെ വിമാനം പറത്തുന്നതില്‍ നിന്ന് കമ്പനി വിലക്കുകയും അഡ്മിനിസ്‌ട്രേറ്റീവ് റോളിലേക്ക് മാറ്റുകയും ചെയ്തു. രാജ്യത്തിന് വലിയ സുരക്ഷാ ഭീഷണിയാണെന്ന് കണ്ടെത്തി വിലക്കേര്‍പ്പെടുത്തിയ ഇയാളെ എട്ടു മാസം മുന്‍പാണ് ഫ്‌ളൈ ദുബായ് വിമാനക്കമ്പനി ജോലിയില്‍ പ്രവേശിപ്പിച്ചത്.

സോഷ്യല്‍ മീഡിയയിലെ ഭീകരവാദ പോസ്റ്റുകള്‍

സംഭവത്തിന് തൊട്ടുമുന്‍പും ശേഷവും ഹമാം അല്‍ഹമ്മാമി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പോസ്റ്റുകള്‍ പങ്കുവെച്ചിരുന്നതായി സി.എന്‍.എന്‍ (CNN) റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇയാളുടെ ലിങ്ക്ഡ്ഇന്‍ (LinkedIn) അക്കൗണ്ടില്‍ അല്‍ ഖാഇദ തലവനായിരുന്ന അയ്മന്‍ അല്‍ സവാഹിരിയുടെയും അമേരിക്കയില്‍ ചാവേര്‍ ആക്രമണം നടത്തിയ ഹുമാം ഖലീല്‍ അബു-മുലാല്‍ അല്‍-ബലാവിയുടെയും ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ ഇസ്രായേലി വിമാന കമ്പനിയായ ‘എല്‍ അല്‍’ വിമാനങ്ങളുടെ ദൃശ്യങ്ങളും ഇയാള്‍ പങ്കുവെച്ചിരുന്നു. ഇയാളുടെ എക്‌സ് (X) അക്കൗണ്ടിലും തീവ്ര ആശയങ്ങള്‍ നിറഞ്ഞ പോസ്റ്റുകള്‍ ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.

34,000 അടി ഉയരത്തില്‍ നിന്ന് കൂപ്പുകുത്തി വിമാനം

24 കുട്ടികള്‍ ഉള്‍പ്പെടെ 170-ലധികം യാത്രക്കാരുമായാണ് വിമാനം പറന്നുയര്‍ന്നത്. വിമാനം സഞ്ചരിച്ചുകൊണ്ടിരിക്കെ 34,000 അടി ഉയരത്തില്‍ വെച്ച് ഹമാം അല്‍ഹമ്മാമി അക്രമം അഴിച്ചുവിടുകയായിരുന്നു. വിമാനത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ ഇയാള്‍ മിനിറ്റില്‍ 23,000 അടി എന്ന വേഗതയില്‍ താഴേക്ക് പതിപ്പിക്കുന്ന രീതിയില്‍ വിമാനം നിയന്ത്രിച്ചു. 15,600 അടി ഉയരത്തിലേക്ക് വിമാനം പെട്ടെന്ന് കൂപ്പുകുത്തിയതോടെ യാത്രക്കാര്‍ ഭീതിയിലായി.

ഇതിനെ ചെറുത്ത ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റിട്ടും ഇന്ത്യന്‍ ക്യാപ്റ്റന്റെ ധീരത

ചോരയില്‍ കുളിച്ചു കിടക്കുമ്പോഴും 170-ഓളം മനുഷ്യരുടെ ജീവന്‍ രക്ഷിക്കാന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാര്‍ കാണിച്ച ധീരതയാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. ക്രൂരമായ ആക്രമണത്തിനിരയായിട്ടും അദ്ദേഹം കൊക്ക്പിറ്റിന്റെ ലോക്ക് തുറന്ന് നല്‍കി.

ഉടന്‍ തന്നെ യാത്രക്കാരനായ യാനിവ് ഹായൂണ്‍ (Yaniv Hayoun) എന്ന വ്യക്തിയും ക്യാബിന്‍ ക്രൂവും കൊക്ക്പിറ്റിലേക്ക് ഇരച്ചുകയറി അക്രമിയായ ഒമാനി പൈലറ്റിന്റെ കഴുത്തില്‍ പിടിച്ച് ബലമായി വലിച്ചിഴച്ച് പുറത്തെത്തിച്ചു. വിമാനത്തിലുണ്ടായിരുന്ന ഒരു ഡെന്റിസ്റ്റ് ക്യാപ്റ്റന്‍ സ്മിതിന് പ്രഥമശുശ്രൂഷ നല്‍കി. വിമാനത്തിലുണ്ടായിരുന്ന മറ്റ് രണ്ട് റിലീഫ് പൈലറ്റുമാര്‍ വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും വിമാനം സൗദി അറേബ്യയിലെ തബൂക്കിലേക്ക് (Tabuk) തിരിച്ചുവിട്ട് സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയുമായിരുന്നു.

‘എനിക്ക് പരിക്കേറ്റിരുന്നു, എങ്കിലും യാത്രക്കാരെ മരണത്തിന് വിട്ടുകൊടുക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു,’ എന്ന് പിന്നീട് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിക്കവേ ക്യാപ്റ്റന്‍ സ്മിത് വെളിപ്പെടുത്തി.

Tags: flydubai, Flydubai Flight Sabotage, Captain Smit Machchhar, Hamam Alhammami, Dubai Tel Aviv Flight, International News Malayalam, Aviation Safety, Israel News Malayalam

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക