22
Nov 2024
Sat
22 Nov 2024 Sat
former Indian international Anas Edathodika Retires from Football

മലപ്പുറം: ഒരുകാലത്ത് ഇന്ത്യന്‍ പ്രതിരോധനിരയിലെ വിശ്വസ്തനായിരുന്ന അനസ് എടത്തൊടിക പ്രൊഫഷണല്‍ ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. സൂപ്പര്‍ ലീഗ് കേരളയില്‍ മലപ്പുറം എഫ്.സിയുടെ നായകനായിരുന്നു അനസ്. ഇന്നലെ നടന്ന നിര്‍ണായക മത്സരത്തില്‍ തിരുവനന്തപുരം കൊമ്പന്‍സിനോട് സമനില പിടിച്ചതിനെത്തുടര്‍ന്ന് ടീമിന് സെമിയിലെത്താനായിരുന്നില്ല. ഈ കളിക്ക് പിന്നാലെയാണ് താരം വിരമിച്ചത്. ദേശീയ ടീമില്‍നിന്ന് വിരമിച്ചെങ്കിലും ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിലേക്കായി കോച്ച് സ്റ്റിമാച്ച്, അനസിനെ തിരിച്ചുവിളിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്ത്യയിലെ ഒന്നാം നമ്പര്‍ ലീഗായ ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ 9 ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ചു അനസ്, 2019 ജനുവരിയില്‍ ഷാര്‍ജ സ്റ്റേഡിയത്തില്‍ ബഹ്‌റൈനെതിരെ നടന്ന ഇന്ത്യയുടെ മത്സരത്തിനുശേഷമാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിച്ചത്. ദേശീയ ജഴ്‌സിയില്‍ 21 മത്സരങ്ങളില്‍ അനസ് കളിച്ചു.

2007ല്‍ മുംബൈ എഫ്.സിയിലാണ് സീനിയര്‍ ടീമിലെ പ്രഫഷണല്‍ അരങ്ങേറ്റം. ആദ്യ വര്‍ഷം തന്നെ ടീമിന് ഐ ലീഗ് രണ്ടാം ഡിവിഷന്‍ കിരീടം നേടിക്കൊടുത്തു. 2011 വരെ ക്ലബ്ബിന്റെ പ്രതിരോധ മതില്‍ കാത്തു. നാലുവര്‍ഷം കൊണ്ട് 103 മത്സരങ്ങള്‍ കളിച്ച അനസ് അഞ്ചുഗോളുകളും ടീമിനായി സംഭാവനചെയ്തു. തുടര്‍ന്ന് പൂനെ FC താരത്തെ സ്വന്തമാക്കി. 2011 മുതല്‍ 2005 വരെ പൂനെ താരമായ അനസ് ക്ലബ്ബിനായി 105 മത്സരങ്ങളില്‍ പന്ത് തട്ടി.

2015 മുതല്‍ 2017 വരെ ഐ.എസ്.എല്‍ ക്ലബ്ബായ ഡല്‍ഹി ഡൈനാമോസിലും തുടര്‍ന്ന് മോഹന്‍ ബഗാനിലും അടുത്തവര്‍ഷം ജാംഷഡ്പൂര്‍ എഫ്.സിയിലുമെത്തി.

2018- 2019 സീസണിലാണ് അനസ് കേരളാ ബ്ലാസ്റ്റേഴ്‌സില്‍ എത്തിയത്. സീസണില്‍ 18 മത്സരങ്ങളാണ് ബ്ലാസ്‌റ്റേഴ്‌സിനായി അനസ് കളിച്ചത്. ബ്ലാസ്റ്റേഴ്‌സ് വിട്ട അനസ് ATK, ജാംഷഡ്പൂര്‍ ക്ലബ്ബുകള്‍ക്ക് വേണ്ടി കളിച്ച ശേഷം പിന്നീട് ISLല്‍ എത്തിയില്ല. 2023ല്‍ രണ്ടാം ഡിവിഷന്‍ ലീഗായ ഐ ലീഗില്‍ ഗോകുലം എഫ്.സി വന്‍തുകയ്ക്ക് അനസിനെ സ്വന്തമാക്കി. ഈ വര്‍ഷം നടന്ന പ്രഥമ കേരളാ സൂപ്പര്‍ ലീഗില്‍ മലപ്പുറം എഫ്.സിയുടെ നായകനുമായി.

 

former Indian international Anas Edathodika Retires from Football