ഗസ ആഭ്യന്തര സുരക്ഷാ സേനയിലെ ലെഫ്റ്റനന്റ് കേണല്‍ അഹമ്മദ് സംസത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ ഏജന്റിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പുതിയ വിവരങ്ങള്‍ ലഭിച്ചതെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.
|
ഇസ്രായേല്‍ ആക്രമണം തുടരുന്നതിനിടെ, ഇസ്രായേല്‍ ചാരന്മാരെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കുന്നത് ഉള്‍പ്പെടെയുള്ള സുപ്രധാന ചുമതലകള്‍ വഹിച്ചിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഹമ്മദ് സംസം. കൊലപാതകത്തിന് മുമ്പ് സംസത്തെ നിരീക്ഷിക്കാന്‍ ഇസ്രായേല്‍ ഇന്റലിജന്‍സ് നിരവധി ഏജന്റുമാരെ ചുമതലപ്പെടുത്തിയിരുന്നതായി പിടിയിലായ ആള്‍ വെളിപ്പെടുത്തി.
കൊലപാതക ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനും തത്സമയം ഇസ്രായേല്‍ ഇന്റലിജന്‍സിന് കൈമാറാനും ഉപയോഗിച്ച ക്യാമറ പ്രതിയില്‍ നിന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന മറ്റൊരു ഏജന്റിനായുള്ള തിരച്ചില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
മധ്യ ഗസയിലെ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഞായറാഴ്ച രാവിലെയാണ് സായുധ സംഘത്തിന്റെ വെടിയേറ്റ് സംസം കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവസ്ഥലത്തുനിന്ന് തന്നെ ഒരാളെ അറസ്റ്റ് ചെയ്‌തെന്നും കൊലപാതകത്തിന്റെ സാഹചര്യവും ലക്ഷ്യവും കണ്ടെത്താന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇതിനിടെ, ഹമാസുമായി ബന്ധമുള്ള ‘അല്‍-ഹാരിസ്’ ടെലഗ്രാം ചാനല്‍, പിടിയിലായ ഏജന്റിന്റെ മൊഴികളുടെ ചില ഭാഗങ്ങള്‍ പുറത്തുവിട്ടു. താനും മറ്റ് രണ്ടുപേരും ചേര്‍ന്ന് ഒരു ഇസ്രായേല്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, തങ്ങളെയും മറ്റ് സഹകാരികളെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുകൊണ്ടുവരാന്‍ സാധ്യതയുള്ള ഒരു സുരക്ഷാ ഫയല്‍ കൈകാര്യം ചെയ്യുന്നതിനാലാണ് സംസത്തെ വധിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചതെന്നും പ്രതി മൊഴി നല്‍കി.
കൃത്യത്തിനായി ഇസ്രായേല്‍ ഇന്റലിജന്‍സ് മൂന്ന് സൈലന്‍സര്‍ ഘടിപ്പിച്ച പിസ്റ്റളുകള്‍, മൂന്ന് ഇലക്ട്രിക് സൈക്കിളുകള്‍, രഹസ്യ ക്യാമറകള്‍ ഘടിപ്പിച്ച വസ്ത്രങ്ങള്‍, വയര്‍ലെസ് ഇയര്‍പീസുകളുമായി ബന്ധിപ്പിച്ച ഫോണുകള്‍ എന്നിവയും സംസത്തിന്റെ കൃത്യമായ യാത്രാവിവരങ്ങളും നല്‍കിയതായും ഏജന്റ് വെളിപ്പെടുത്തി.
ഗാസയിലെ സങ്കീര്‍ണ്ണമായ സുരക്ഷാ സാഹചര്യങ്ങള്‍ക്കിടയിലാണ് സംസത്തിന്റെ കൊലപാതകം നടന്നിരിക്കുന്നത്. ഇസ്രായേല്‍ വ്യോമാക്രമണങ്ങള്‍ക്ക് പുറമെ, ആഭ്യന്തര സുരക്ഷ തകര്‍ക്കാനുള്ള ശ്രമങ്ങളും വിഭാഗീയ സംഘര്‍ഷങ്ങളും ഗസയില്‍ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.





