രാജ്യത്തെ പ്രധാനപ്പെട്ട യുപിഐ പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ ഇനി മുതല്‍ ചില സേവനങ്ങള്‍ക്ക് പണം ഈടാക്കും. (Google Pay now charges a convenience fee for bill payments ) ബില്‍ പേയ്മെന്റുകള്‍ക്ക് കണ്‍വീനിയന്‍സ് ഫീ ഈടാക്കാനാണ് കമ്പനി തീരുമാനം. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള യൂട്ടിലിറ്റി ബില്‍ പെയ്മെന്റുകള്‍ക്കാണ് പണം നല്‍കേണ്ടിവരിക.
|
വൈദ്യുതി ബില്‍, വാട്ടര്‍, പാചകവാതക ബില്‍ എന്നി ഇടപാടുകളില്‍ ഇടപാട് തുകയുടെ 0.50ശതമാനം മുതല്‍ ഒരു ശതമാനം വരെയാണ് ഫീ ഈടാക്കുക. ഇതിനൊപ്പം ജിഎസ്ടിയും നല്‍കേണ്ടി വരും. എന്നാല്‍, യുപിഐയില്‍ ലിങ്ക് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ഇടപാട് നടത്തുകയാണെങ്കില്‍ ഫീസൊന്നും നല്‍കേണ്ടിവരില്ല.
രാജ്യത്തെ മറ്റൊരു പ്രധാന യുപിഐ പ്ലാറ്റ്ഫോമായ ഫോണ്‍പേയില്‍ നേരത്തെ തന്നെ ഇത്തരം ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നുണ്ട്. പേടിഎമ്മില്‍ 1 മുതല്‍ 40 രൂപ വരെയാണ് ചാര്‍ജ്. മൊബൈല്‍ റീചാര്‍ജുകള്‍ക്ക് 3 രൂപ കണ്‍വീനിയന്‍സ് ഫീസ് ഗൂഗിള്‍ പേ നേരത്തെ ഈടാക്കുന്നുണ്ട്.
ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതിനുള്ള ചെലവ് നികത്താന്‍ വേണ്ടിയാണ് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നത്. 37 ശതമാനം വിപണി വിഹിതവുമായി രാജ്യത്ത് രണ്ടാം സ്ഥാനാണ് ഗൂഗിള്‍ പേ. ജനുവരി മാസത്തില്‍ 8.26 ലക്ഷം കോടി രൂപയുടെ യുപിഐ ഇടപാടുകളാണ് ഗൂഗിള്‍ പേയില്‍ നടന്നത്. ഒന്നാമത് ഫോണ്‍പേയാണ്.





