01
Nov 2023
Fri
01 Nov 2023 Fri

ന്യൂഡൽഹി: ബില്ലുകൾ അനിശ്ചിതമായി വച്ചുകൊണ്ടിരിക്കാൻ ​ഗവർണർമാർക്ക് സ്വാതന്ത്ര്യമില്ലെന്ന് സുപ്രിംകോടതി. ഗവർണർ അനിയന്ത്രിതമായ വിവേചനാധികാരം പ്രയോഗിക്കുന്നത് ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിന്റെ പ്രവർത്തനത്തെ പരുഷമായി ബാധിക്കുമെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 200 പ്രകാരം “എത്രയും വേഗം” എന്ന പദപ്രയോഗത്തിന് സംസ്ഥാന ഗവർണർമാർ വിധേയത്വം കാണിക്കണം. ഒരു ബില്ല് വേഗത്തിൽ തിരികെ നൽകേണ്ടതിന് അവർ നിർബന്ധിതരാണ്. നിർദിഷ്ട നിയമത്തോട് വിസമ്മതമുണ്ടെങ്കിൽ അവ പുനപ്പരിശോധിക്കാൻ ആവശ്യപ്പെടാവുന്നതാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭരണഘടനാ ഭാഷ വെറുതെയല്ല. ‘എത്രയും വേഗം’ എന്ന പ്രയോഗം പ്രധാന്യമുള്ളതാണ്. തീരുമാനം എടുക്കുന്നതിൽ പരാജയപ്പെടുന്നതും അനിശ്ചിത കാലത്തേക്ക് ഒരു ബിൽ പാസാക്കാതെ സൂക്ഷിക്കുന്നതും ആ പദപ്രയോഗത്തിന് വിരുദ്ധമായ ഒരു നടപടിയാണ്. ഒരു നടപടിയും കൂടാതെ ബിൽ അനിശ്ചിതമായി പിടിച്ചുവയ്ക്കാൻ ഗവർണർക്ക് സ്വാതന്ത്ര്യമില്ലെന്നും ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.

സംസ്ഥാന ഗവർണർ ബൻവാരിലാൽ പുരോഹിത് ​ഗുരുദ്വാരകളുടെ ഭരണവും ഉൾപ്പെടെയുള്ള നാല് ബില്ലുകൾ ജൂൺ മുതൽ തീർപ്പാക്കാതെ സൂക്ഷിക്കുന്നതിനെതിരെ പഞ്ചാബ് സർക്കാർ നൽകിയ ഹരജിയിലാണ് കോടതിയുടെ വിധി. പല സംസ്ഥാനങ്ങളിലെയും രാജ്ഭവനുകൾ തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുമായുള്ള ഏറ്റുമുട്ടലിൽ തുടരുന്ന സമയത്താണ് ഭരണഘടനാപരമായ ജനാധിപത്യത്തിൽ ഗവർണറുടെ പങ്കും കടമകളും വ്യക്തമാക്കുന്ന വിധി വരുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി, പഞ്ചാബിന് പുറമെ തെലങ്കാന, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങൾ അതത് ഗവർണർമാർമാർക്കെതിരേ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക